തലശ്ശേരിയിൽ ഷംസീറിന് പിൻഗാമിയാകുമോ കാരായി രാജൻ; അട്ടിമറി വിജയംനേടുമെന്ന അവകാശവാദവുമായി യുഡിഎഫ്

തലശ്ശേരി: തലശ്ശേരി നിയമസഭാമണ്ഡലത്തിൽ ഇത്തവണ മൂന്ന് മുന്നണിസ്ഥാനാർഥികളും പുതുമുഖങ്ങളാണ്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും റബ്കോ ചെയർമാനുമായ കാരായി രാജനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. യു.ഡി.എഫ്. സ്ഥാനാർഥി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി ഡയറക്ടറുമായ കെ.പി.സാജുവാണ്. ബി.ജെ.പി. സംസ്ഥാന സമിതിയംഗം ഒ.നിധീഷാണ് എൻ.ഡി.എ. സ്ഥാനാർഥി.
കാരായി രാജന് അപരൻമാരായി രണ്ട് രാജൻമാർ മത്സരരംഗത്തുണ്ട്. വി.പി.രാജനും ഒ.പി.രാജനും. സാജുവിന് അപരനായി വി.പി.സജുവുമുണ്ട്. എസ്.ഡി.പി.ഐ. സ്ഥാനാർഥി എ.സി.ജലാലുദ്ദീനുൾപ്പെടെ ഏഴുപേർ മത്സരരംഗത്തുണ്ട്. സി.ഒ.ടി.നസീർ സ്വതന്ത്രനായി പത്രിക നൽകിയെങ്കിലും സൂക്ഷ്മപരിശോധനയിൽ തള്ളി. മണ്ഡലത്തിൽ ഇത്തവണ 1,84,015 വോട്ടർമാരാണുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു മത്സരം. എൻ.ഡി.എ. സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെത്തുടർന്നാണ് നേരിട്ടുള്ള മത്സരമായത്. എം.എൽ.എ.യായ എ.എൻ.ഷംസീർ നിയമസഭാ സ്പീക്കറായി. ഷംസീറിന്റെ പിൻഗാമിയായാണ് കാരായി രാജനെ സി.പി.എം. കളത്തിലിറക്കിയത്.
വികസനം തുടരും കാരായി നയിക്കും എന്ന മുദ്രാവാക്യവുമായാണ് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സി.പി.എം. തലശ്ശേരി എരിയാ സെക്രട്ടറിയായി ദീർഘകാല പ്രവർത്തനപാരമ്പര്യവുമായാണ് രാജൻ മത്സരിക്കുന്നത്. 10 വർഷം മണ്ഡലത്തിൽ നടന്ന വികസനത്തുടർച്ചയ്ക്കാണ് കാരായി രാജൻ വോട്ടഭ്യർഥിക്കുന്നത്. തുടർഭരണത്തിന് കരുത്ത് പകരാൻ തലശ്ശേരിയും വേണമെന്ന് അദ്ദേഹം പറയുന്നു.
കേരളം ജയിക്കും നമ്മൾ ജയിക്കും എന്ന മുദ്രാവാക്യവുമായാണ് യു.ഡി.എഫ്. സാജുവിന് വോട്ടഭ്യർഥിക്കുന്നത്. തലശ്ശേരിയിൽ ഒരു മാറ്റം വേണമെന്ന മുദ്രാവാക്യവുമായാണ് വോട്ടർമാരെ സമീപിക്കുന്നതെന്ന് കെ.പി.സാജു പറഞ്ഞു. നിലവിലുള്ള സാഹചര്യത്തിൽനിന്ന് മാറണം. വികസനം വേണം. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി പ്രസിഡന്റ്, ഡയറക്ടർ എന്നീ നിലകളിലുള്ള പ്രവർത്തനം മത്സരത്തിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സാജു.
തലശ്ശേരിയുടെ തലവര ഇനി മാറും തലശ്ശേരിയുടെ ശരി എന്ന മുദ്രാവാക്യവുമായാണ് നിധീഷിന്റെ വോട്ടഭ്യർഥന. വോട്ടർമാർ പ്രതീക്ഷിച്ച വികസനം തലശ്ശേരിയിൽ ഉണ്ടായില്ലെന്ന് എൻ.ഡി.എ. സ്ഥാനാർഥി ഒ.നിധീഷ് പറഞ്ഞു. നിധീഷ് യുവമോർച്ച സംസ്ഥാന സഹപ്രഭാരി, ബി.ജെ.പി. കോഴിക്കോട് നോർത്ത് ജില്ലാ പ്രഭാരി, വൺ നാഷൻ വൺ ഇലക്ഷൻ നാഷണൽ ടീം അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്.
എൽ.ഡി.എഫിന് മുൻതൂക്കമുള്ള മണ്ഡലം
മൂന്നുപതിറ്റാണ്ടായി എൽ.ഡി.എഫിന് മുൻതൂക്കമുള്ള മണ്ഡലമാണ് തലശ്ശേരി. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. നേതൃത്വം. 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷംസീർ ജയിച്ചത്. ഇത്തവണ അട്ടിമറി വിജയം നേടുമെന്ന് യു.ഡി.എഫ്. നേതാക്കൾ അവകാശപ്പെടുന്നുണ്ട്. അതിനുള്ള സാഹചര്യം മണ്ഡലത്തിലുണ്ടെന്നാണ് അവർ പറയുന്നത്. ശക്തമായ മത്സരവുമായി എൻ.ഡി.എ.യും രംഗത്തുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മണ്ഡലത്തിൽ 38,524 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. എൽ.ഡി.എഫ്.- 73151, യു.ഡി.എഫ്-34627, ബി.ജെ.പി. -21,382 എന്നിങ്ങനെയാണ് വോട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. 81,810, യു.ഡി.എഫ്. 45,009 എന്നിങ്ങനെ വോട്ട് നേടി. തലശ്ശേരി നഗരസഭയും കതിരൂർ, എരഞ്ഞോളി, ചൊക്ലി, പന്ന്യന്നൂർ, ന്യൂമാഹി എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് തലശ്ശേരി മണ്ഡലം. ഇവിടെയെല്ലാം ഭരണം എൽ.ഡി.എഫിനാണ്. കോടിയേരി ബാലകൃഷ്ണനെ അഞ്ചുതവണ നിയമസഭയിലെത്തിച്ച മണ്ഡലമെന്ന ഖ്യാതിയും തലശ്ശേരിക്കുണ്ട്.
Content Highlights: Three-way contest between LDF's Karayi Rajan, UDF's KP Saju, and NDA's O Nidheesh., Thalassery is historically an LDF-leaning constituency., The constituency comprises Thalassery municipality and five surrounding grama panchayats., Development vs. Change is the central theme of the political campaigns