പാർട്ടിക്ക് വിധേയനായി ശശി തരൂർ; നിയമസഭാ തിരഞ്ഞെടുപ്പിൽ താരപ്രചാരകനാകും

ശശി തരൂർ | Photo: PTI
ശശി തരൂർ | Photo: PTI

സുൽത്താൻബത്തേരി: കോൺഗ്രസ് പാർട്ടിക്ക് വിധേയനായി മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ. ബത്തേരിയിൽ രണ്ടുദിവസങ്ങളിലായി നടന്ന സമ്മിറ്റിൽ മുഴുവൻ സമയവും തരൂർ പങ്കെടുത്തു. ചർച്ചകളിലും സജീവമായി. നിയമസഭാ തിരഞ്ഞെടുപ്പിലെ താരപ്രചാരകനായി തരൂർ ഉണ്ടാകുമെന്ന് നേതൃത്വവും പറയുന്നു.

ക്യാമ്പ് നല്ല അനുഭവമായിരുന്നെന്നും തന്റെ പാർട്ടിലൈനിന് മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിലൈനിന് മാറ്റമുണ്ടായെന്ന് ആരാണ് പറഞ്ഞതെന്ന മറുചോദ്യവുമായാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. തരൂർ പാർട്ടിലൈനിലേക്ക് തിരിച്ചുവന്നതിൽ വലിയ സന്തോഷമെന്ന കെ.സി. വേണുഗോപാലിന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയായിരുന്നു അഭിപ്രായമാരാഞ്ഞത്.

പാർട്ടി എപ്പോഴും തന്റെയൊപ്പം നിൽക്കുന്നെന്നാണ് വിശ്വാസമെന്നും ഏത് വിഷയത്തിലും തന്റെ അഭിപ്രായം പറഞ്ഞാൽക്കൂടി ചില അടിസ്ഥാനവിഷയങ്ങളിൽ ഒരിക്കലും മാറ്റമുണ്ടായിട്ടില്ലെന്നും തരൂർ പറഞ്ഞു. പാർലമെന്റിലെ പ്രസംഗങ്ങളും മന്ത്രിമാരോടുള്ള ചോദ്യങ്ങളും നോക്കിയാൽ എല്ലാത്തിലും ഒരു ക്ലിയർ ലൈനുണ്ട്. അതിൽ കോൺഗ്രസിന് ബുദ്ധിമുട്ടുണ്ടാകേണ്ട കാര്യമില്ല. ചില കാര്യങ്ങളെക്കുറിച്ച് വെളിയിൽ പറയുകയോ എഴുതുകയോ ചെയ്യുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ വിവാദങ്ങളുണ്ടാക്കുമ്പോൾ തലക്കെട്ടുകൾ മാത്രംനോക്കി ചിലർ അഭിപ്രായം പറയും. വായിച്ചശേഷം ആളുകൾ മനസ്സിലാക്കാൻ തുടങ്ങുമ്പോൾ താൻ കൂടുതൽ ദൂരം പോയിട്ടില്ലെന്നറിയും. ഇപ്പോൾ അങ്ങനെയൊരു പ്രശ്നം ആരുടെ മനസ്സിലുമില്ല.

17 വർഷമായി കോൺഗ്രസിനായി സേവനം ചെയ്തശേഷം പെട്ടെന്ന് ഒരു തെറ്റിദ്ധാരണ ആവശ്യമില്ല. എൽ.കെ. അദ്വാനിയുടെ പിറന്നാളിൽ പങ്കെടുത്തത് 98 വയസ്സായ ഒരാളുടെ പിറന്നാളിൽ പങ്കെടുക്കുകയെന്ന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായാണ്. മോദിയെ താൻ പ്രകീർത്തിച്ചിട്ടില്ല.

കേരള മോഡൽ കടത്തിന്റെ മോഡലായിട്ടുണ്ട്. പാർട്ടി ഒറ്റക്കെട്ടായി ജനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കുമൊപ്പം ശക്തമായി നിൽക്കണം. മുഖ്യമന്ത്രിയാകാൻ കഴിവുള്ള പലരുമുണ്ട്. അക്കാര്യത്തിൽ അവസാനതീരുമാനം എംഎൽഎമാരുടെ അഭിപ്രായംകൂടി അംഗീകരിച്ച് പാർട്ടി തീരുമാനിക്കും. എപ്പോളും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താറുണ്ടെന്നും ഇത്തവണ അതിൽക്കൂടുതലുണ്ടാകുമെന്നും തരൂർ പറഞ്ഞു. തരൂരുമായി കേരളത്തിലെ കോൺഗ്രസിന് യാതൊരു പ്രശ്നവുമില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Content Highlights: Shashi Tharoor reaffirms loyalty to Congress at Sultan Bathery summit. Discusses party line, upcoming polls, and his role as star campaigner.