മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിച്ചത് പോസീറ്റീവ് രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് എസ്ഡിപിഐ

#ന്യൂസ് ഡെസ്ക്
നാമനിർദേശപത്രിക പിൻവലിച്ചശേഷം മഞ്ചേശ്വരം മണ്ഡലം എസ്.ഡി.പി.ഐ. സ്ഥാനാർഥി കെ.എം. അഷ്റഫ് കാസർകോട് കളക്ടറേറ്റിൽനിന്ന് പുറത്തുവരുന്നു
നാമനിർദേശപത്രിക പിൻവലിച്ചശേഷം മഞ്ചേശ്വരം മണ്ഡലം എസ്.ഡി.പി.ഐ. സ്ഥാനാർഥി കെ.എം. അഷ്റഫ് കാസർകോട് കളക്ടറേറ്റിൽനിന്ന് പുറത്തുവരുന്നു

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർഥിയെ പിൻവലിച്ചത് പോസിറ്റീവ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ആരോടുമുള്ള വിധേയത്വവും മമതയും കൊണ്ടല്ലെന്നും എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഫാസിസത്തോട് സന്ധിയില്ലാത്ത പോരാട്ടമാണ് പാർട്ടി നടത്തുന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് മഞ്ചേശ്വരത്ത് മത്സരിക്കാൻ തീരുമാനിച്ചത്. പിന്നീട് മത-സാമൂഹിക സംഘടനകളും മുസ്‌ലിം കോഡിനേഷൻ കമ്മിറ്റിയുൾപ്പെടെയുള്ളവർ തങ്ങളെ ബന്ധപ്പെട്ടു. അവിടുത്തെ പൊതുവികാരം മനസ്സിലാക്കണമെന്നും മതേതരവോട്ടുകൾ ഭിന്നിക്കാനിടയാക്കരുതെന്നും പറഞ്ഞു. അതിനാൽ ബി.ജെ.പി. ജയിക്കുന്ന സാഹചര്യമൊഴിവാക്കാൻ സ്ഥാനാർഥിത്വം പിൻവലിക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ഏതൊക്കെ സംഘടനകൾ ബന്ധപ്പെട്ടെന്നും മുസ്‌ലിം കോഡിനേഷന്റെ ആരാണ് വിളിച്ചതെന്നുമുള്ള ചോദ്യത്തിന് അത് പറയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. യു.ഡി.എഫ്. നേതാക്കളും വിളിച്ചിരുന്നു. ആര് ജയിക്കും തോൽക്കും എന്ന് നോക്കിയല്ല, എസ്.ഡി.പി.ഐ. സ്ഥാനാർഥിയെ നിർത്തിയത്. ഒരാളെ തോൽപ്പിക്കാൻ മറ്റൊരാളെ സഹായിക്കുന്ന നിലപാട് എസ്.ഡി.പി.ഐക്കില്ല. സ്ഥാനാർഥിയെ പിൻവലിച്ചതിന്റെ അർഥം യു.ഡി.എഫിനോ എൽ.ഡി.എഫിനോ ഒപ്പമെന്നതല്ല. ആരെ പിന്തുണയ്ക്കുമെന്ന രാഷ്ട്രീയ തീരുമാനം പാർട്ടിനേതൃത്വം പിന്നീട് എടുക്കും. സംസ്ഥാനത്തെ 95 മണ്ഡലങ്ങളിൽ പാർട്ടിക്ക് നിർണായക സ്വാധീനമുണ്ട്. എന്തായാലും ഞങ്ങളെ മതേതരപാർട്ടിയെന്ന് ഇപ്പോഴെങ്കിലും അംഗീകരിച്ചെന്നും മതേതരവോട്ടുകൾ ഭിന്നിക്കരുതെന്ന നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.പി. റഫീഖ്, ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൾ ജബ്ബാർ, ജില്ലാ പ്രസിഡന്റ് സി.എ. സവാദ്, ഇഖ്ബാൽ മഞ്ചേശ്വരം, ഷെരീഫ് പാവൂർ, അബ്ദുൾ ഹമീദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: SDPI withdrew its candidate from Manjeswaram to avoid splitting secular votes., The decision was influenced by requests from religious and social organizations., Party clarifies that withdrawal does not imply support for UDF or LDF., SDPI claims significant influence in 95 constituencies across Kerala., Final decision on candidate support will be announced by the party leadership later.