ഇരവിപുരത്തേച്ചൊല്ലി RSP-യിൽ വൻപോര്, ചേരിതിരിഞ്ഞ് നേതാക്കൾ; കാർത്തിക് ഇല്ല, സമവായ സ്ഥാനാർഥി വരും

#കണ്ണന്‍ നായർ | മാതൃഭൂമി ന്യൂസ്
ഷിബു ബേബിജോൺ, എൻ.കെ. പ്രേമചന്ദ്രൻ | Photo: Mathrubhumi
ഷിബു ബേബിജോൺ, എൻ.കെ. പ്രേമചന്ദ്രൻ | Photo: Mathrubhumi

കൊല്ലം: ആർഎസ്പിയിൽ കടുത്ത പ്രതിസന്ധി. ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിനായി ചേരിതിരിഞ്ഞ് നേതാക്കൾ. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കണമെന്ന ആവശ്യത്തിന് പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം, അതൊരിക്കലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഷിബു ബേബിജോൺ പക്ഷം. നിലവിൽ കാർത്തിക് പ്രേമചന്ദ്രൻ സ്ഥാനാർഥിയാകാൻ സാധ്യതയില്ലെന്നാണ് വിവരം. സമവായ സ്ഥാനാർഥിയായി അഡ്വ. വിഷ്ണു മോഹൻ രംഗത്തെത്തിയേക്കും. ആർവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു.

ഷിബു ബേബിജോണിനും എൻ.കെ. പ്രേമചന്ദ്രനും സെക്രട്ടേറിയറ്റ് യോഗത്തിൽ വലിയ തോതിൽ വിമർശനമേൽക്കേണ്ടി വന്നുവെന്നാണ് വിവരം. നേതാക്കന്മാർ തമ്മിലുള്ള തർക്കം പാർട്ടിയുടെ അച്ചടക്കത്തെയും കെട്ടുറപ്പിനെയും വരുന്ന തിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർഥികളുടെ പ്രകടനത്തെയും ബാധിക്കുന്ന തരത്തിലേക്കെത്തി എന്നാണ് വിമർശനം ഉയർന്നത്.

സ്വന്തം കുടുംബത്തിനുവേണ്ടി എൻ.കെ. പ്രേമചന്ദ്രൻ നിലകൊള്ളുന്നുവെന്ന വിമർശനം എതിർഭാഗം ഉന്നയിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് അവസാനിക്കേണ്ടിയിരുന്ന സെക്രട്ടേറിയറ്റ് യോഗം ഉച്ചയ്ക്ക് ഒരുമണിക്ക് ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴും തീരുമാനമായില്ല. പിന്നീട് വീണ്ടും ചേർന്ന യോഗം ഇരുകൂട്ടർക്കും സമ്മതനായ വിഷ്ണുവിനെ പരിഗണിക്കാനുള്ള തീരുമാനത്തിലേക്കെത്തി.

അതേസമയം, ആർഎസ്പി സംസ്ഥാന കമ്മിറ്റി തുടരുകയാണ്. അതിരൂക്ഷമായ തർക്കം യോഗത്തിലുമുണ്ടായെന്നാണ് വിവരം. ഇരവിപുരത്ത് സ്വന്തം മകൻ മത്സരിക്കണമെന്ന നിലപാട് പ്രേമചന്ദ്രൻ എടുക്കുന്നത് ശരിയല്ലെന്നാണ് ഒരു പക്ഷം വിമർശിക്കുന്നത്.

ഷിബു ബേബിജോണിനും കടുത്തവിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. ചവറയിലെ സ്ഥാനാർഥികൂടിയായ ഷിബു, പാർട്ടിയെ രണ്ട് വിഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ലെന്നാണ് വിമർശനം ഉയർന്നത്. അത്തരം വിഭാഗീയത ഇല്ലാതാക്കാനുള്ള ഉത്തരവാദിത്വം ഉള്ളയാളാണ് അദ്ദേഹമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

ആർവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, കുന്നത്തൂരിൽ മത്സരിക്കുമെന്നാണ് വിവരം. ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും ജനവിധി തേടും. മട്ടന്നൂരിന് പകരം ജയസാധ്യതയുള്ള മറ്റൊരു മണ്ഡലം യുഡിഎഫിൽ ആവശ്യപ്പെടാനും ഇന്ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്. 

Content Highlights: Detailed report on the internal conflict within the RSP party over the Eravipuram seat., Analysis of the factional dispute between N.K. Premachandran and Shibu Baby John., Information on the likely emergence of a compromise candidate, Adv. Vishnu Mohan., Updates on other RSP candidates for the upcoming Kerala assembly elections.