ഒറ്റപ്പാലത്ത് പി.കെ. ശശി വിമതസ്ഥാനാർഥിയാകും?; യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി

പാലക്കാട്: സിപിഎം നേതാവ് പി.കെ. ശശി ഒറ്റപ്പാലത്ത് വിമതസ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ലീഗ് നേതാക്കളുമായി ശശി ചർച്ച നടത്തിയെന്നാണ് വിവരം. വ്യാഴാഴ്ച പാലക്കാട്ട് നടക്കുന്ന സിപിഎം വിമത കൺവെൻഷൻ പി.കെ ശശി ഉദ്ഘാടനം ചെയ്യുന്നതോടെ പാർട്ടിയിൽ നിന്ന് അദ്ദേഹം പുറത്താകും.
എന്നാൽ ശശിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്തെ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം ശക്തമായ എതിർപ്പുയർത്തിയിട്ടുണ്ട്. ശശിയെ പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഇവർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സമീപിച്ചുവെന്നാണ് വിവരം.
പാലക്കാട് സിപിഎമ്മിലെ വിമതർ ചേർന്ന് ഒരു മാർക്‌സിസ്റ്റ് കൂട്ടായ്മ രൂപവത്കരിക്കാനും തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനുമാണ് നീക്കം നടത്തുന്നത്. ഈ കൂട്ടായ്മ ആദ്യഘട്ടത്തിൽ യുഡിഎഫിന്റെ ഭാഗമാകില്ലെന്നാണ് വിവരം. ഭാവിയിൽ പാർട്ടിയായി മാറാനും യുഡിഎഫുമായി ചേരാനുമാണ് ആലോചനകൾ. ഇതിന്റെ ആദ്യഘട്ടം എന്ന നിലയ്ക്കാണ് പി.കെ. ശശി ഒറ്റപ്പാലത്ത് മത്സരിക്കാനൊരുങ്ങുന്നത്.
പാർട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുന്ന ശശി, കെടിഡിസി ചെയർമാൻസ്ഥാനം കഴിഞ്ഞ ആഴ്ചയാണ് രാജിവെച്ചത്.
Content Highlights: CPM leader P.K. Sasi is reportedly considering running as a rebel candidate in Ottapalam., Sasi has held discussions with UDF leaders, potentially for their support., A new 'Marxist collective' is being formed by CPM dissidents in Palakkad., There is opposition to Sasi's potential candidacy from a section of local Congress leaders.