കൂത്തുപറമ്പിൽ പി.കെ. പ്രവീൺ ആർ.ജെ.ഡി. സ്ഥാനാർഥിയാകും

കണ്ണൂർ: കൂത്തുപറമ്പ് മണ്ഡലത്തിൽ ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ സ്ഥാനാർഥിയാകാൻ സാധ്യത. കഴിഞ്ഞദിവസം പാനൂരിൽ ചേർന്ന മണ്ഡലം നേതൃകൺവെൻഷനിൽ നടന്ന ചർച്ചയിലാണ് പ്രവീണിനെ സ്ഥാനാർഥിയാക്കണമെന്ന നിർദേശമുണ്ടായത്.
യോഗത്തിൽ പങ്കെടുത്ത നിലവിലെ എം.എൽ.എ. കെ.പി. മോഹനൻ സ്ഥാനാർഥി ആരാകണമെന്ന് പറഞ്ഞില്ലെങ്കിലും സ്ഥാനാർഥിയായി ഒരാളുടെ പേര് മാത്രമേ സംസ്ഥാനസമിതിയിലേക്ക് കൈമാറാവൂ എന്നാണ് നിർദേശിച്ചത്. പങ്കെടുത്ത ഭൂരിഭാഗവും മാറ്റം വേണമെന്നും ചിലർ പ്രവീൺ സ്ഥാനാർഥിയാകണമെന്നും നിർദേശിച്ചു.
ഞായറാഴ്ച തൃശ്ശൂരിൽ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന സംസ്ഥാനസമിതി യോഗത്തിൽ സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമാകും.
കെ.പി. മോഹനന്റെ ജ്യേഷ്ഠൻ കെ.പി. ദിവാകരന്റെ മകനാണ് പ്രവീൺ. കഴിഞ്ഞ തവണ പാനൂർ നഗരസഭാ കൗൺസിലറായിരുന്നു. രണ്ടുതവണ പാനൂർ പഞ്ചായത്തംഗവുമായിരുന്നു. കൊളവല്ലൂർ പി.ആർ.എം.എച്ച്.എസ്.എസിൽ അധ്യാപകനായിരുന്നു. കഴിഞ്ഞവർഷം വിരമിച്ചു.
നാലുവർഷം യുവജനതാദൾ സംസ്ഥാന പ്രസിഡൻറായിരുന്നു. കേരഫെഡ്, യുണൈറ്റഡ് ഇലക്‌ട്രിക് ഇൻഡസ്ട്രീസ് ഡയറക്ടർ എന്നീ സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവിൽ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് ഡയറക്ടറാണ്.
Content Highlights: PK Praveen proposed as a candidate for the Kuthuparamba constituency., Internal party consensus favors a change in leadership., Final decision to be made by the RJD state committee in Thrissur., PK Praveen has a background as a former teacher and local government representative.