PJ പടിയിറങ്ങി; UDFലെ ‘യൂത്ത്-70’ കാലവും അവസാനിച്ചു; മകനായി സീറ്റൊഴിയുന്നത് കേരളകോൺഗ്രസുകളിൽ ആദ്യം

കോട്ടയം: പി.ജെ. ജോസഫിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നുള്ള പടിയിറക്കത്തോടെ യു.ഡി.എഫിലെ യൂത്ത്-70 കാലവും അവസാനിച്ചു. 1970-ലാണ് കേരള കോൺഗ്രസ് സ്ഥാനാർഥിയായി പി.ജെ. ജോസഫ് തൊടുപുഴയിൽ കന്നിയങ്കത്തിൽ ജയിക്കുന്നത്. 1964-ൽ കോട്ടയം തിരുനക്കര മൈതാനത്ത് കേരള കോൺഗ്രസിന്റെ പിറവി കഴിഞ്ഞ് ആറുവർഷത്തിന് ശേഷമായിരുന്നു അത്.
യു.ഡി.എഫ്. മുന്നണിയുടെ മുഖമായി ഏറെക്കാലം തിളങ്ങിയ അയൽനാട്ടുകാരാണ് കെ.എം. മാണി, ഉമ്മൻചാണ്ടി, പി.ജെ. ജോസഫ് എന്നിവർ. ജോസഫും മാണിയും ചെറിയ ഇടവേളകളിൽ എൽ.ഡി.എഫിന്റെ ഭാഗമായെങ്കിലും വൈകാതെ യു.ഡി.എഫിലേക്ക് തിരിച്ചുവന്നിരുന്നു. തൊടുപുഴ പുറപ്പുഴക്കാരനെങ്കിലും പി.ജെ.യുടെ അമ്മവീട് പാലായിലാണ്. കോട്ടയവും എന്റെ നാട് എന്ന് എപ്പോഴും പി.ജെ. പറയാറുമുണ്ട്.
1964-ലാണ് കെ.എം.മാണി പാലായിൽ ആദ്യമത്സരത്തിന് ഇറങ്ങുന്നത്. അത് കേരള കോൺഗ്രസും കോൺഗ്രസും ഏറ്റുമുട്ടുന്ന കാലം. കോൺഗ്രസ് പാലായിൽ മൂന്നാമതായിപ്പോയി. പിന്നീട് മാണിയും കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണിയിലേക്ക് വന്നു. 1970-ലാണ് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ ആദ്യമത്സരത്തിന് ഇറങ്ങുന്നത്. വിജയത്തോടെ തുടക്കം. ഈ മൂന്നുപേരും അരനൂറ്റാണ്ട് അവരുെട മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു എന്നതും പ്രത്യേകത. മൂന്നുപേരുടെയും മക്കളും രാഷ്ട്രീയപിൻഗാമികളായി എന്നതും സമാനത.
ഇപ്പോൾ യു.ഡി.എഫിൽ ജനപ്രതിനിധികളായി തുടരുന്ന മുതിർന്നവർ കെ. സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ്. സുധാകരൻ 1980-ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കുഞ്ഞാലിക്കുട്ടി 1982-ലും തിരുവഞ്ചൂർ 1987-ലും ആദ്യ തിരഞ്ഞെടുപ്പിനെ നേരിട്ടു. ഇവരിൽ പ്രായംകൊണ്ടും സുധാകരനാണ് മുന്നിൽ- 77 വയസ്സ്. തിരുവഞ്ചൂരിന് 76-ഉം കുഞ്ഞാലിക്കുട്ടിക്ക് 74-മാണ് പ്രായം.
മകനായി സീറ്റൊഴിയുന്നത് കേരളകോൺഗ്രസുകളിൽ ആദ്യം
മകന് മത്സരിക്കാനായി സിറ്റിങ് സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നത് കേരള കോൺഗ്രസുകളുടെ ചരിത്രത്തിൽ ആദ്യം. തൊടുപുഴയിൽ 55 വർഷം നിറഞ്ഞുനിന്ന പി.ജെ. ജോസഫ് ഈ തിരഞ്ഞെടുപ്പിൽ മകൻ അപു ജോൺ ജോസഫിനായി വഴിമാറുകയായിരുന്നു.
കേരള കോൺഗ്രസ്-എം ചെയർമാനായിരുന്ന കെ.എം. മാണി അന്തരിച്ചശേഷമാണ് അദ്ദേഹം മത്സരിച്ചിരുന്ന പാലാ മണ്ഡലത്തിൽ മകൻ ജോസ് കെ. മാണി മത്സരിച്ചത്. 2011-ൽ കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് ടി.എം. ജേക്കബ് അന്തരിച്ചപ്പോഴാണ് മകൻ അനൂപ് ജേക്കബ് പിറവത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ചത്.
കേരള കോൺഗ്രസ് (ബി) നേതാവ് ആർ. ബാലകൃഷ്ണപിള്ള മകൻ ഗണേശ്‌കുമാറിന് നിയമസഭയിലേക്ക് വഴിയൊരുക്കിയത് സ്വന്തംമണ്ഡലം വിട്ടൊഴിയാതെയാണ്. ബാലകൃഷ്ണപിള്ള കൊട്ടാരക്കര നിലനിർത്തിക്കൊണ്ടാണ് ഗണേശ്‌കുമാറിന് പത്തനാപുരം സീറ്റ് നൽകിയത്. 2001-06 കാലത്ത് രണ്ടുപേരും നിയമസഭാംഗങ്ങളായിരുന്നു. ഏറെക്കാലം പൂഞ്ഞാറിലെ അതികായനായിരുന്നെങ്കിലും പി.സി. ജോർജും മകൻ ഷോൺ ജോർജിനെ അവിടെ മത്സരിപ്പിച്ചില്ല. ഈ തിരഞ്ഞെടുപ്പിൽ പി.സി. പൂഞ്ഞാറിലും മകൻ തൊട്ടടുത്ത മണ്ഡലമായ പാലായിലും ജനവിധി തേടുന്നു.
Content Highlights: PJ Joseph steps down, marking the end of the 'Youth-70' era in Kerala politics. Explore the legacy of UDF stalwarts and the shifting political landscape.