'2006-ലെ ഡീൽ വ്യക്തമാക്കണം, ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുമ്പിൽ താണുവണങ്ങി വിളക്കുകൊളുത്തിയത് ഏത് ഡീൽ?'

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രി ഫേയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രി ഫേയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

തിരുവന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ ആർഎസ്എസ് ബന്ധം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2006-ൽ പറവൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച ഗോൾവാൾക്കർ ജന്മശദാബ്ദി ആഘോഷത്തിൽ വി.ഡി. സതീശൻ പങ്കെടുത്തതിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. അന്ന് ആർഎസ്എസുമായുള്ള ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ഫേയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്:

2006-ൽ പറവൂരിൽ ആർഎസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കണം. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോൾ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006-ലെ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത വിഷയത്തിൽ വിഡി സതീശന്റെ മറുപടി എന്താണെന്നറിയാൻ മതനിരപേക്ഷ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.

ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലകും ആ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാളുമായ ഗോൾവാൾക്കറെ പൂവിട്ടു പൂജിക്കാൻ വിഡി സതീശൻ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂർ മനക്കപ്പടി സ്കൂളിൽ പ്രസ്തുത പരിപാടി നടന്നത്. അതായത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ്.

2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ വിഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല. 2006-ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.

Content Highlights: Chief Minister Pinarayi Vijayan accuses VD Satheesan of historical RSS links., Controversy centers on a 2006 Golwalkar birth centenary event in Paravur., CM demands explanation for the alleged political deal during the 2006 election., References to claims made by Hindu Aikya Vedi regarding past election support.