പീരുമേട്ടിൽ മൂന്നുപേരുടെ സാധ്യതാപട്ടികയുമായി സിപിഐ; ആരാകും വാഴൂർ സോമന്റെ പിൻഗാമി

പീരുമേട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പീരുമേട്ടിൽ ഇടതുമുന്നണിക്ക് മൂന്നുപേരുടെ സാധ്യതാപട്ടിക. മുന്നണി ധാരണപ്രകാരം സി.പി.ഐ. സ്ഥാനാർഥിയാണ് പീരുമേട്ടിൽ മത്സരിക്കുക. കഴിഞ്ഞ നാലുതവണ തുടർച്ചയായി വിജയിച്ച മണ്ഡലമാണിത്. മൂന്നുതവണ തുടർച്ചയായി ഇഎസ്. ബിജിമോൾ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ തവണ വാഴൂർ സോമനായിരുന്നു എം.എൽ.എ.
വാഴൂർ സോമന് പിൻഗാമിയാകാൻ
അദ്ദേഹത്തിന്റെ മരണത്തിനുശേഷം ആരാകും ഇടതു സ്ഥാനാർഥി എന്ന ചർച്ച സജീവമാണ്. സ്ഥാനാർഥി നിർണയത്തിലടക്കം വിജയം ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് ഇടതുപാളയം നടത്തുന്നത്. പീരുമേടിന്റെ വിധി നിശ്ചയിക്കുന്ന തോട്ടം മേഖലയുടെ പിന്തുണയോടെ വിജയിച്ച വാഴൂർ സോമന്റെ മകനും അഭിഭാഷകനും സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗവുമായ സോബിൻ സോമൻ സ്ഥാനാർഥിയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാന കമ്മിറ്റിയംഗം ജോസ് ഫിലിപ്പ്, ജില്ലാ സെക്രട്ടറി സലിംകുമാർ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ജോസ് ഫിലിപ്പ് കഴിഞ്ഞ തവണ സാധ്യതാപട്ടികയിൽ ഉണ്ടായിരുന്നു.
ഇടതുസർക്കാരിന്റെ തുടർഭരണവും വിജയസാധ്യതയും മുൻ നിർത്തി മൂന്നുതവണ തുടർച്ചയായി പീരുമേടിനെ പ്രതിനിധീകരിച്ച ബിജിമോളുടെ പേര് ചർച്ചകളിൽ ഉയർന്നിരുന്നു. എന്നാൽ, മൂന്നുതവണ മത്സരിച്ചവർ വീണ്ടും സ്ഥാനാർഥികളാകേണ്ട എന്ന പാർട്ടി തീരുമാനം തടസ്സമാകും. കഴിഞ്ഞ തവണയും പാർട്ടി സാധ്യതാ പട്ടികയിൽ ബിജിമോൾ ഉൾപ്പെട്ടിരുന്നില്ല.
ജോസ് കെ.മാണി നയിക്കുന്ന എൽ.ഡി.എഫ്. വികസന മുന്നേറ്റയാത്രയ്ക്ക് ശേഷമായിരിക്കും സ്ഥാനാർഥി നിർണയ നടപടികൾ തുടങ്ങുക. സി.പി.ഐ.യുടെ പീരുമേട്, ഏലപ്പാറ, കട്ടപ്പന എന്നീ മണ്ഡലം കമ്മിറ്റികൾ ചേർന്ന് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിക്ക് രൂപംനൽകും. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ 52 അംഗങ്ങൾ അടങ്ങുന്നതാകും കമ്മിറ്റി. ഇവരാണ് മൂന്ന് സ്ഥാനാർഥികളെ ജില്ലാ എക്സിക്യുട്ടീവിലേക്ക് നിർദേശിക്കേണ്ടത്. അവിടെനിന്ന് പട്ടിക സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
Content Highlights: CPI shortlists three candidates for Peermade assembly seat. Explore the potential successors to Vazhoor Soman as the election race heats up. Who will represent the Left Front?