പാലക്കാടൻ കാറ്റിലെ രാഷ്ട്രീയച്ചൂര്, ഇടതും വലതും കണക്കിലെ കളികൾ, എല്ലാം 'ഡെലൂലു' ആകുമോ?

#ഹരിഗോവിന്ദന്‍
പ്രതികാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതികാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

പാലക്കാട്: മാനത്ത് ചന്ദ്രനെ നോക്കിയിരിക്കുന്നത് കൗതുകമാണ്. ജ്യോതിഷത്തിൽ ഗ്രഹനില നോക്കുമ്പോഴാണെങ്കിൽ ടിയാൻ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹവുമാണ്. പക്ഷഫലമുള്ള ചന്ദ്രൻ ഗുണകാരകനാണ്. വെളുത്ത പക്ഷത്തിലാണ് ഗുണഫലങ്ങൾ കൂടുകയത്രേ. കറുത്ത പക്ഷത്തിലാണെങ്കിൽ അത് വിഷപ്രകൃതിയാവുമെന്നാണ് വിശ്വാസം. ചന്ദ്രന് 'ശശി'യെന്നും 'തിങ്കളെ'ന്നുമൊക്കെ പര്യായങ്ങൾ സ്‌കൂൾ ക്ലാസുകളിൽ പഠിച്ചിട്ടുണ്ട്. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ ശശിയും വിടരുന്ന വിസ്മയവുമൊക്കെയാണ് ചർച്ചകളിൽ നിറയുന്നത്. വെളുത്ത പക്ഷത്തിലെ ശശിയെ യു.ഡി.എഫ് മനസ്സിൽ കാണുമ്പോൾ, അത് ആങ്ങനെയൊന്നുമാവില്ലെന്ന് മറുപക്ഷം ഉറപ്പായും വിശ്വസിക്കുന്നുണ്ട്. വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നുവെന്ന് നിലയവിദ്വാൻമാർ പാടുമ്പോൾ എല്ലാം 'ഡെലൂലു'വെന്നാണ് ബന്ധപ്പെട്ടവരെല്ലാം പുറത്തേക്ക് പറയുന്നത്. എല്ലാം മേൽത്തട്ടിലെ നേരിട്ടുള്ള നീക്കങ്ങളാണത്രേ.

ഒടുക്കം ' ജ്യോതിയും വന്നില്ല, തീയും വന്നില്ല' എന്ന് പറഞ്ഞതുപോലെയാവുമോ കാര്യങ്ങളെന്നുമാത്രമേ അറിയാനുള്ളൂ. എന്തിനും മാർച്ച് അഞ്ചിന് ഒരു മുഹൂർത്തം കാണുന്നുണ്ടെന്ന് രാഷ്ട്രീയ ജ്യോതിഷികൾ പറയുന്നു. അന്നാണ് പാലക്കാട്ടെ സി.പി.എം. വിമതരുടെ കൺവെൻഷൻ. അതേസമയം ഇതൊന്നുമല്ല വിസ്മയം, യഥാർത്ഥ വിസ്മയം വരാനിരിക്കുന്നതേയുള്ളൂ എന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്.

വേനലടുത്തതോടെ ഭാരതപ്പുഴയിൽ വലിയ ഒഴുക്കില്ല. പക്ഷേ പുഴയോരത്തെ തൃത്താലയിൽ ശക്തമായ രാഷ്ട്രീയ ഒഴുക്കുണ്ട്. സി.പി.എം. സംസ്ഥാന കമ്മറ്റി അംഗം മന്ത്രി എം.ബി.രാജേഷിന്റെ സിറ്റിങ്ങ് മണ്ഡലം, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി.ബൽറാമിന് കഴിഞ്ഞ തവണ അടിതെറ്റിയ മണ്ഡലം. വിശേഷണങ്ങളേറെയാണ്. എന്തായാലും ഇത്തവണ ഭാരതപ്പുഴയോരത്ത് മറ്റെവിടത്തെക്കാളും മുമ്പേ പോരാട്ട ചിത്രം തെളിയുന്നുണ്ട്. ഇരുവരും മണ്ഡലത്തിൽ നിറഞ്ഞുനിൽപ്പുണ്ട്. എൻ.ഡി.എ.യിൽ ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണന്റെ പേരാണ് കേൾക്കുന്നത്. പുഴയിലും പുഴക്കരയിലും ഒഴുക്കോളം ശക്തം അടിയൊഴുക്കിനുമുണ്ടെന്ന് ആരും പ്രത്യേകം പാടിനടക്കേണ്ടതില്ല.

തൃത്താലയിലേക്ക് ഭാരതപ്പുഴ ഒഴുകിയെത്തും മുമ്പേ കൈവഴിയിലെ പ്രധാന അണക്കെട്ടുകളിലൊന്ന് മലമ്പുഴയാണ്. ചുവപ്പുകോട്ടയായ മലമ്പുഴയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഒഴിച്ചുനിർത്തിയാൽ ഇടതുപക്ഷത്തിനായി കളത്തിലിറങ്ങിയവരെല്ലാം ഹെവിവെയിറ്റ് താരങ്ങളാണ്. ഇത്തവണ മലമ്പുഴയിലെ ഒഴുക്കിൽ അണകെട്ടുന്നതാരാവും എന്നത് കൗതുകമുയർത്തുന്നുണ്ട്. കഴിഞ്ഞതവണയാണ് മുതിർന്ന നേതാവ് എ. പ്രഭാകരനിലൂടെ മലമ്പുഴയ്ക്ക് ആദ്യമായി നാട്ടുകാരനായ ഒരു ജനപ്രതിനിധിയെ ലഭിക്കുന്നത്. ഒരു ടേം മാത്രം പൂർത്തിയാക്കിയ എ. പ്രഭാകരൻ തുടരാനാണിട. ബി.ജെ.പി.യിൽ കഴിഞ്ഞതവണത്തെ സ്ഥാനാർത്ഥിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.കൃഷ്ണകുമാർ ഇത്തവണയും രംഗത്തുണ്ടാവും. ഇവിടെ കഴിഞ്ഞതവണ ബി.ജെ.പി. രണ്ടാം സ്ഥാനത്തായിരുന്നു. യു.ഡി.എഫിനുവേണ്ടി മത്സരിക്കാൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ.സുരേഷ് പറഞ്ഞിട്ടുണ്ട്. സുരേഷിന്റെ വരവിനെ എതിർക്കുന്നവരുണ്ടെങ്കിലും തിരുമാനം 'മുകളി''ൽനിന്നാവും.

ഉപതിരഞ്ഞെടുപ്പിനുമുമ്പേ വിവാദങ്ങളുമായി തുടങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചശേഷവും ഉയർന്ന വിവാദങ്ങൾ യു.ഡി.എഫിനേയും കോൺഗ്രസ്സിനേയും കുഴക്കിയത് കുറച്ചൊന്നുമല്ല. ഇവിടെ വിവാദങ്ങളെയെല്ലാം മറികടക്കാനാവും വിധമൊരു സ്ഥാനാർത്ഥി വരുമെന്ന് കോൺഗ്രസ് ഉറപ്പിച്ചുപറയുന്നു. കഴിഞ്ഞ തവണയുൾപ്പെടെ രണ്ടാംസ്ഥാനത്തായിരുന്ന ബി.ജെ.പി.യുടെ സാധ്യതകളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റേയും ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റേയും പേരുകളുണ്ട്. പക്ഷേ ഇതുരണ്ടുല്ലാത്ത മറ്റൊരു പേരും വന്നേക്കാം. എം.ടി.രമേശ്, ഇ.കൃഷ്ണദാസ് തുടങ്ങിയ പേരുകളും പ്രവർത്തകർ പറയുന്നു.

ചിറ്റൂരിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി മത്സരരംഗത്തുണ്ടാവും. യു.ഡി.എഫിൽ നഗരസഭാ ചെയർമാൻ സുമേഷ് അച്യുതന്റെ പേരിനുതന്നെയാണ് പ്രഥമ പരിഗണന. മറ്റ് രണ്ടുമൂന്ന് പേരുകളും കേൾക്കുന്നുണ്ട്. നെന്മാറയിൽ സി.പി.എമ്മിലെ കെ.ബാബുവും ആലത്തൂരിൽ കെ.ഡി.പ്രസേനനും രണ്ടുടേം പൂർത്തിയാക്കി. ഇവർ മത്സരിക്കുന്നകാര്യത്തിൽ സംസ്ഥാന സെക്രട്ടറിയറ്റിനുശേഷമേ തീരുമാനം വരൂ. രണ്ടിടത്തും പുതുമുഖങ്ങൾക്ക് സാധ്യത തള്ളിക്കളയാനാവില്ല. നെന്മാറ സീറ്റ് യു.ഡി.എഫിൽ കോൺഗ്രസ് ഏറ്റെടുക്കുന്നില്ലെങ്കിൽ സി.എം.പി.യിൽ സി.എൻ.വിജയകൃഷ്ണനോ അവർ നിർദ്ദേശിക്കുന്നവരോ സ്ഥാനാർത്ഥിയായേക്കാം. കോൺഗ്രസ്സാണ് മത്സരിക്കുന്നതെങ്കിൽ രണ്ടിടത്തും പുതുമുഖങ്ങളെത്താം. എൻ.ഡി.എ.യിൽ ബി.ഡി.ജെ.എസ്സാവും നെന്മാറയിൽ മത്സരിക്കുക. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗിന്റെ പേരിനാണ് മുൻഗണന. തരൂരിൽ എം.എൽ.എ പി.പി.സുമോദ് രണ്ടാംതവണയും രംഗത്തുണ്ടാവും. യു.ഡി.എഫിൽ ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്‌മണ്യൻ, കുഴൽമന്ദം പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പ്രകാശ് തുടങ്ങിയ പേരുകളാണ് കേൾക്കുന്നത്.

എൻ.ഡി.എ,യിൽ ബി.ജെ.പി. നേതാവ് രേണുസുരേഷ് സുരേഷ് ബാബു തുടങ്ങിയ പേരുകളുണ്ട്. ഇവരുടെ പേരുകൾ കോങ്ങാട്ടും പറഞ്ഞുകേൾക്കുന്നുണ്ട്. കോങ്ങാട്ട് എൽ.ഡി.എഫിനുവേണ്ടി നിലവിലെ എം.എൽ.എ.കെ.ശാന്തകുമാരി പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ ഇവിടെ യു.ഡി.എഫിൽ നിന്ന് മുസ്ലീം ലീഗാണ് മത്സരിച്ചത്. ഇത്തവണ കോൺഗ്രസ് ഏറ്റെടുത്താൽ കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.എ.തുളസിയുടേതുൾപ്പെടെ പേരുകളാണ് പ്രവർത്തകർ പറയുന്നത്.

ഒറ്റപ്പാലത്ത് സിറ്റിങ്ങ് എം.എൽ.എ. കെ.പ്രേംകുമാറും ഷൊർണൂരിൽ പി.മമ്മിക്കുട്ടിയും എൽ.ഡി.എഫ് സ്ഥാനാർത്ഥികളാവും. പി.കെ.ശശി യു.ഡി.എഫിലെത്തുമെന്നും ഒറ്റപ്പാലത്ത് യു.ഡി.എഫ്. സ്ഥാനാർത്ഥിയാവുമെന്നുമുള്ള സമവാക്യം വന്നാലും പ്രേംകുമാറിന് മാറ്റമുണ്ടാവാനിടയില്ല. ഇവിടെ മേജർ രവിയുടെ പേരാണ് എൻ.ഡി.എയ്ക്കായി ഉയർന്നുകേൾക്കുന്നത്. ഷൊർണൂരിൽ യുവനേതാക്കള കോൺഗ്രസ് പരിഗണിക്കുന്നു. ബി.ജെ.പി.യിൽ നിന്ന് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലിന്റെ പേരുണ്ട്. വേണുഗോപാലിന്റെ പേരില്ലെങ്കിൽ മണ്ഡലത്തിനകത്തുനിന്നുതന്നെയുള്ള പേരുകൾക്കാണ് പരിഗണന.

പട്ടാമ്പി സീറ്റ് എൽ.ഡി.എഫിൽ സി.പി.ഐയ്ക്കാണ്. നിലവിലെ എം.എൽ.എ മുഹമ്മദ് മുഹസിൻ രണ്ടുടേം പൂർത്തിയാക്കിയിട്ടുണ്ട്. മുഹസിൻ മത്സരരംഗത്തുണ്ടാവണമെന്നാണ് സി.പി.എമ്മിന്റെ മനസ്സിലിരുപ്പ്. സി.പി.െഎ. നേതൃത്വത്തിന്റെ നിലപാടാവും ഇവിടെ നിർണായകം. കഴിഞ്ഞതവണ മത്സരിച്ച റിയാസ് മുക്കോളിയുടേയും നഗരസഭാ ചെയർമാൻ ടി.പി.ഷാജിയുടേയുമൊക്കെ പേരുകൾ പ്രവർത്തകർ മുന്നോട്ടുവയ്ക്കുന്നുണ്ട്. യു.ഡി.എഫിൽ സീറ്റ് വച്ചുമാറാൻ ധാരണയായാൽ മുസ്ലീം ലീഗിലെ യുവ നേതാവ് രംഗത്തെത്തിയേക്കാം.

മണ്ണാർക്കാടിനെ മുസ്ലീം ലീഗിലെ എൻ.ഷംസുദ്ദീനാണ് പ്രതിനിധീകരിക്കുന്നത്. ഇവിടെ ലീഗിനകത്തെ പ്രാദേശിക വാദങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലുമെത്തിയിട്ടുണ്ട്. അതെല്ലാം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. എൽ.ഡി.എഫിൽ സി.പി.ഐക്കാണ് ഈ മണ്ഡലം. ഇവിടെ മുൻ എം.എൽ.എ. ജോസ് ബേബിയുടെ പേരിനോടാണ് സി.പി.എം. താത്പര്യം പ്രകടിപ്പിക്കുന്നതെങ്കിലും സി.പി.െഎ നേതൃത്വത്തിന്റെ മനസ്സിലിരിപ്പനുസരിച്ചാവുംകാര്യങ്ങൾ. ഇവിടെഎൻ.ഡി.എയിൽ നിന്ന് ഘടകകക്ഷികൾക്കായിരിക്കും സീറ്റ്.

പാലക്കാട് ജില്ലയിൽ 12 നിയസഭാ മണ്ഡലങ്ങളാണ്. ഇതിൽ പാലക്കാടും മണ്ണാർക്കാട്ടും മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ചത്. തൃത്താല,പട്ടാമ്പി, ഷൊർണൂർ,ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ എന്നീ മണ്ഡലങ്ങൽ എൽ.ഡി.എഫാണ് വിജയിച്ചത്‌

Content Highlights: Explore the exciting political landscape of Palakkad for the upcoming elections. Discover key constituencies, potential candidates, and the latest buzz. Stay informed!