കോൺഗ്രസ് പാരമ്പര്യവും ഇടത് വേരോട്ടവുമുള്ള ഒറ്റപ്പാലം

ഒറ്റപ്പാലം: കോൺഗ്രസ് പാരമ്പര്യവും കമ്യൂണിസ്റ്റ് വേരോട്ടവുമുള്ള മണ്ണ്. ഒറ്റപ്പാലം നിയോജകമണ്ഡലത്തിന് അങ്ങനെയൊരു പ്രത്യേകതയുണ്ട്. ഒരുനൂറ്റാണ്ടുമുമ്പ് കെ.പി.സി.സി.യുടെ ആദ്യ സമ്മേളനം നടന്ന മണ്ണ്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഏക മലയാളി അധ്യക്ഷനായ ചേറ്റൂർ ശങ്കരൻനായരുടെ പേരിനൊപ്പം ചേർക്കുന്ന നാട്. അങ്ങനെപറയാൻ കോൺഗ്രസ് പാരമ്പര്യം ഏറെയുണ്ട് ഒറ്റപ്പാലത്തിന്.
എന്നാൽ, 1957 മുതൽ നടന്ന 15 തിരഞ്ഞെടുപ്പുകളിൽ രണ്ടുതവണ മാത്രമാണ് മണ്ഡലം കോൺഗ്രസിനൊപ്പം നിന്നത്. ബാക്കിയെല്ലാം ജയിച്ചത് ഇടതുപക്ഷമാണ്. ഇതിനൊപ്പം നിർണായക ശക്തിയായി ബി.ജെ.പി.യും വളർന്നു. ഒറ്റപ്പാലം നഗരസഭയും അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ഒറ്റപ്പാലം മണ്ഡലം.
തിരഞ്ഞെടുപ്പ് ചരിത്രം
1957-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന പി.വി. കുഞ്ഞുണ്ണിനായരാണ് വിജയിച്ചത്. 1960-ലും കുഞ്ഞുണ്ണിനായർ വിജയം ആവർത്തിച്ചു. സി.പി.എം. പിറന്നശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ (1967) പി.പി. കൃഷ്ണൻ ജയിച്ചു. 1970-ൽ നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ചത് കൃഷ്ണൻതന്നെ.
ഒറ്റപ്പാലം ആദ്യമായി കോൺഗ്രസ് പിടിക്കുന്നത് 1977-ലാണ്. ഡി.സി.സി. പ്രസിഡന്റും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായിരുന്ന പി. ബാലനാണ് അന്ന് ജയിച്ചത്. എന്നാൽ, 1980-ൽ ഇടതുപക്ഷത്തുണ്ടായിരുന്ന കോൺഗ്രസ് (യു) നേതാവ് വി.സി. കബീറിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. കോൺഗ്രസ് (എസ്) സ്ഥാനാർഥിയായി 1982-ലും വി.സി. കബീർ വിജയിച്ചു. 1987-ൽ വീണ്ടും അട്ടിമറിനടന്നു. മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ കബീറിനെ തോൽപ്പിച്ച് ഒറ്റപ്പാലം തിരിച്ചുപിടിച്ചു.
1991-ൽ വീണ്ടും ഇടത് സ്ഥാനാർഥിയായി വി.സി. കബീറിന് ജയം. പിന്നീട് 2006വരെ കബീറിനൊപ്പമായിരുന്നു മണ്ഡലം. ആ വർഷം കോൺഗ്രസിലേക്ക് മടങ്ങിയ കബീർ ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു. സീറ്റ് സി.പി.എം. ഏറ്റെടുത്ത മത്സരത്തിൽ അന്ന് എം. ഹംസയാണ് വിജയിച്ചത്. 2011-ലും ഹംസ വിജയം തുടർന്നു. 2016-ൽ സി.പി.എം. ജില്ലാ സെക്രട്ടറി പി. ഉണ്ണി മത്സരത്തിനെത്തി.
ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ച് ഉണ്ണി ജയിച്ചു. 2021-ൽ ഉണ്ണിയെ മാറ്റി, കെ. പ്രേംകുമാറിനെ സ്ഥാനാർഥിയാക്കി. ഇന്ന് സി.പി.എമ്മിനൊപ്പമുള്ള ഡോ. പി. സരിനായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. സരിനെ 15,152 വോട്ടിന് തോൽപ്പിച്ച് പ്രേംകുമാർ വിജയിച്ചതാണ് ഒറ്റപ്പാലത്തിന്റെ ഇതുവരെയുള്ള ചരിത്രം.
കൃത്യമായി വോട്ട് വർധിപ്പിച്ചാണ് മണ്ഡലത്തിൽ ബി.ജെ.പി. സാന്നിധ്യമുറപ്പിക്കുന്നത്. 2011-ൽ 9,631 വോട്ട് നേടിയ വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ 2016-ൽ അത് 27,605 വോട്ടാക്കി ഉയർത്തി. 2021-ൽ വേണുഗോപാലൻതന്നെ വീണ്ടും മത്സരിച്ചപ്പോൾ വോട്ടിൽ നേരിയ ഇടിവുണ്ടായി. എങ്കിലും 25,056 വോട്ടുനേടി മണ്ഡലത്തിലെ നിർണായക ശക്തിയായി.
മുൻതിരഞ്ഞെടുപ്പുകളിൽ
2011
- ആകെ വോട്ടർമാർ 1,74,363
- പോൾ ചെയ്തത് 1,31,434
- എം. ഹംസ (എൽ.ഡി.എഫ്.) 65,023
- വി.കെ. ശ്രീകണ്ഠൻ (യു.ഡി.എഫ്.) 51,820
- പി. വേണുഗോപാലൻ (എൻ.ഡി.എ.) 9,631
- ഭൂരിപക്ഷം 13,203
2016
- ആകെ വോട്ടർമാർ 1,96,700
- പോൾ ചെയ്തത് 1,49,567
- പി.ഉണ്ണി(എൽ.ഡി.എഫ്.) 67,161
- ഷാനിമോൾ ഉസ്മാൻ (യു.ഡി.എഫ്.) 51,073
- പി. വേണുഗോപാലൻ (എൻ.ഡി.എ.) 27,605
- ഭൂരിപക്ഷം 16,088
2021
- ആകെ വോട്ടർമാർ 2,08,304
- പോൾ ചെയ്തത് 1,61,161
- കെ. പ്രേംകുമാർ (എൽ.ഡി.എഫ്.) 74,859
- ഡോ. പി. സരിൻ (യു.ഡി.എഫ്.) 59,707
- പി. വേണുഗോപാലൻ (എൻ.ഡി.എ.) 25,056
- ഭൂരിപക്ഷം 15,152
Content Highlights: Overview of Ottapalam's historical political transition., Detailed breakdown of election outcomes from 1957 to 2021., Analysis of the shifting influence between Congress, CPM, and BJP., Examination of key candidates and electoral performance trends.