വോട്ടുചെയ്യാനായി പ്രവാസികൾ കൂട്ടത്തോടെ എത്തും; നാദാപുരത്തും കുറ്റ്യാടിയിലും അട്ടിമറിക്ക് സാധ്യത

#രാജി പുതുക്കുടി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലും നാദാപുരത്തും നിർണായകമാവുക പ്രവാസി വോട്ടുകൾ. കേരളത്തിൽ ആകെയുള്ള 2,23,558 പ്രവാസി വോട്ടർമാരിൽ 16,002 വോട്ടർമാർ കുറ്റ്യാടിയിലും 12,424 വോട്ടർമാർ നാദാപുരത്തുമാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ളത്- 57,679 പേർ.

എസ്‌ഐആർ ക്യാമ്പയിന്റെ ഭാഗമായി എൽഡിഎഫും യുഡിഎഫും ശക്തമായ ക്യാമ്പയിനുകൾ നടത്തിയതോടെയാണ് പ്രവാസികൾ വോട്ടർപട്ടികയിൽ ഇടംപിടിച്ചത്. ലീഗ് അനുകൂല സംഘടനകൾ വിദേശത്തുൾപ്പടെ മുൻകൈ എടുത്ത് ചേർത്ത വോട്ടുകളാണ് ഇതിൽ കൂടുതലും. അതുകൊണ്ട് തന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നാദാപുരത്തും കുറ്റ്യാടിയിലും എൽഡിഎഫിനെ അട്ടിമറിക്കാൻ സാധ്യതയുള്ളതാണ് പ്രവാസിവോട്ടുകൾ എന്നാണ് വിലയിരുത്തൽ.

വോട്ടർപട്ടികയിൽ പേരില്ലാത്തത് പൗരത്വത്തെ ഉൾപ്പടെ ബാധിക്കുമെന്ന് ആശങ്ക പടർന്നതിനാൽ പ്രവാസികൾ എസ്‌ഐആർ നടപടിക്രമങ്ങൾ വീഴ്ച്ചയില്ലാതെ പൂർത്തിയാക്കുകയും ചെയ്തു. ചെറിയ പെരുന്നാളും ഈസ്റ്ററും വിഷുവും തിരഞ്ഞെടുപ്പും ഒരുമിച്ച് വരുന്നതിനാൽ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക് വോട്ട് ചെയ്ത് മടങ്ങാനാകും. കഴിഞ്ഞ വർഷവും സമാന സാഹചര്യം ആയിരുന്നെങ്കിലും ഭൂരിഭാഗവും വോട്ടർമാരായിരുന്നില്ല.

കുറ്റ്യാടിയിൽ 2021-ൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ്കുട്ടി 333 വോട്ടിനാണ് വിജയിച്ചത്. ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുക മുസ്‌ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ളയാണെന്നാണ് സൂചന. പ്രവാസി വോട്ടുകൾ പരമാവധി പോൾ ചെയ്താൽ കഴിഞ്ഞ തവണത്തെ പരാജയം മറികടക്കാൻ പാറക്കൽ അബ്ദുള്ളയ്ക്ക് സാധ്യമാകുമെന്നാണ് വിലയിരുത്തൽ.

നാദാപുരത്താവട്ടെ 4,035 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഇ.കെ. വിജയൻ വിജയിച്ചത്. 2016-ലേക്കാൾവിജയന് ഭൂരിപക്ഷം കുറയുകയും ചെയ്തിരുന്നു. ഇത്തവണ ഇ.കെ. വിജയൻ മത്സരംഗത്ത് ഉണ്ടാവില്ലെന്നത് കൂടി പരിഗണിക്കുമ്പോൾ പ്രവാസി വോട്ടുകൾ വിജയത്തിലേക്ക് വഴി തെളിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.

Content Highlights: Discover how NRI votes will be pivotal in the Kuttiyadi and Nadapuram assembly elections in Kozhikode, Kerala. Learn about voter demographics and potential impact.