നികേഷ്, അച്ചു, കാർത്തിക്, അപു ജോൺ ജോസഫ്... തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്ന ‘മക്കൾ’ ആരൊക്കെ

#ഇലക്ഷന്‍ ഡെസ്‌ക്
നികേഷ് കുമാർ, അച്ചു ഉമ്മൻ, കാർത്തിക് പ്രേമചന്ദ്രൻ, പത്മജാ വേണുഗോപാൽ
നികേഷ് കുമാർ, അച്ചു ഉമ്മൻ, കാർത്തിക് പ്രേമചന്ദ്രൻ, പത്മജാ വേണുഗോപാൽ

ടിവാതിൽക്കലെത്തി നിൽക്കുകയാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ്. ആരൊക്കെ എവിടൊക്കെ സ്ഥാനാർഥികളാകും, അപ്രതീക്ഷിതമുഖങ്ങളായി ആരൊക്കെ പ്രത്യക്ഷപ്പെടും തുടങ്ങിയ ചർച്ചകൾ വിവിധകോണുകളിൽ സജീവമാണ്. വിവിധ രാഷ്ട്രീയപാർട്ടികളിലെ അതികായന്മാരുടെ മക്കളിൽ ചിലർ ഇക്കുറി അങ്കത്തിനിറങ്ങിയേക്കുമെന്ന ചൂടൻവാർത്തയും തിരഞ്ഞെടുപ്പ് ചർച്ചാവേദികളെ ത്രില്ലടിപ്പിക്കുന്നുണ്ട്.

സിഎംപി നേതാവ് എം.വി. രാഘവന്റെ മകൻ എം.വി. നികേഷ് കുമാർ, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫ്, കൊല്ലം എം.പി. എൻ.കെ പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രൻ, കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ പെൺമക്കളായ മറിയം ഉമ്മൻ, അച്ചു ഉമ്മൻ, കെ. കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ തുടങ്ങിയവരുടെ പേരുകളാണ് വിവിധ സീറ്റുകളിലായി പറഞ്ഞുകേൾക്കുന്നത്‌. 

മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ നികേഷ് കുമാർ, നിലവിൽ കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. 2016-ൽ അഴീക്കോട് മണ്ഡലത്തിൽനിന്ന് മത്സരിച്ചുവെങ്കിലും മുസ്‌ലിം ലീഗിലെ കെ.എം. ഷാജിയോട് പരാജയപ്പെട്ടിരുന്നു. ഇക്കുറി തളിപ്പറമ്പ് മണ്ഡലത്തിൽനിന്ന് നികേഷ് കുമാർ മത്സരത്തിറങ്ങുമെന്നാണ് സൂചന.

പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് ഇക്കുറി ജനവിധി തേടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പി.ജെ ജോസഫ് മത്സരിക്കാനില്ലെങ്കിൽ തൊടുപുഴയിൽ അപു സ്ഥാനാർഥിയാകുമെന്ന് ഉറപ്പാണ്‌. നിലവിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്റർ കൂടിയാണ് അപു. പാർട്ടി പറഞ്ഞാൽ താൻ മത്സരിക്കുമെന്ന് അദ്ദേഹം നിലപാട് വ്യക്കമാക്കിയിട്ടുമുണ്ട്. ജോസഫ് തൊടുപുഴയിൽ വീണ്ടും ജനവിധി തേടിയാൽ അപുവിനെ ഇടുക്കിയിൽ പരിഗണിക്കാനും സാധ്യതയുണ്ട്‌. എൻജീനിയറിങ് ബിരുദധാരിയായ അപു, ടെക്‌നോപാർക്കിലും പിന്നീട് വിദേശത്തും ജോലി ചെയ്തിട്ടുണ്ട്.

കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക്, ഇക്കുറി മത്സരിച്ചേക്കുമെന്നും വാർത്തകളുണ്ട്. ആർഎസ്പിയുടെ സീറ്റായ ഇരവിപുരം സീറ്റിലാണ് കാർത്തിക്കിന്റെ പേര് പറഞ്ഞുകേൾക്കുന്നത്‌. രണ്ട് തവണയായി ആർഎസ്പി ഇവിടെ പരാജയപ്പെടുന്നു. മകൻ മത്സരിക്കുന്ന കാര്യത്തിൽ പിതാവ് എൻ.കെ പ്രേമചന്ദ്രൻ ഇതുവരെ മനസ്സുതുറന്നിട്ടില്ല. കൊല്ലം ടികെഎം എൻജിനീയറിങ് കോളേജ് അധ്യാപകനായ കാർത്തിക്, പാർട്ടി ആവശ്യപ്പെടുന്നപക്ഷം മത്സരിക്കാൻ തയ്യാറാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് 2023-ൽ ചാണ്ടി ഉമ്മനെ പുതുപ്പള്ളിക്കാർ നിയമസഭയിലെത്തിച്ചത്. ഇക്കുറിയും പുതുപ്പള്ളിയിൽ കോൺഗ്രസ് ചാണ്ടി ഉമ്മനെ തന്നെയാകും കളത്തിലിറക്കുക.  ഒപ്പംതന്നെ ചാണ്ടി ഉമ്മന്റെ സഹോദരിമാരായ അച്ചുവും മറിയത്തിന്റെ പേരും ചില സീറ്റുകളിലേക്ക് അഭ്യൂഹങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇവരുടെ പേരുകൾ ഉയർന്നുകേൾക്കുന്നത്. എന്നാൽ കുടുംബത്തിൽ നിന്ന് ഒരാൾ മാത്രമേ മത്സരരംഗത്തുണ്ടാവൂ എന്ന് ചാണ്ടി കഴിഞ്ഞ ദിവസം നയം വ്യക്തമാക്കുകയുണ്ടായി.

കഴിഞ്ഞ തവണ തൃശ്ശൂർ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായിയിരുന്നു കരുണാകരന്റെ മകൾ പത്മജ. എന്നാൽ പാർട്ടി മാറി അവർ 2024-ൽ ബിജെപിയിലെത്തി. ഇക്കുറിയും തൃശൂരിലാകും പത്മജയുടെ പേര് പ്രധാനമായും പരിഗണിക്കുക. തൃശൂർ അല്ലെങ്കിൽ ജില്ലയിലെ ഏതെങ്കിലും ഒരു സീറ്റിൽ അവർ സ്ഥാനാർഥിയാകുമെന്ന് ഉറപ്പാണ്‌.

കേരളാ കോൺഗ്രസ് ജേക്കബ് പാർട്ടി സ്ഥാനാർഥിയായി പിറവത്തുനിന്ന് ഇക്കുറിയും അനൂപ് ജേക്കബ് തന്നെയാകും ജനവിധി തേടുക. പിതാവ് ടി.എം. ജേക്കബിന്റെ മരണത്തേ തുടർന്നാണ് 2012-ലാണ്‌ അനൂപ് ആദ്യമായി നിയമസഭയിലെത്തിയത്.

നിലവിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അരുവിക്കരയിലോ തിരുവനന്തപുരം മണ്ഡലത്തിലോ ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരീനാഥനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. 2012-ൽ ജി. കാർത്തികേയന്റെ മരണത്തെ തുടർന്ന് അരുവിക്കര മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ശബരീനാഥൻ ആദ്യമായി നിയമസഭയിലെത്തുന്നത്.

വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ മത്സരിപ്പിക്കാൻ സിപിഎമ്മിനുള്ളിൽ ചർച്ച നടക്കുന്നെന്നും വാർത്തകൾ പുറത്തെത്തിയിരുന്നു. മലമ്പുഴ അല്ലെങ്കിൽ കായംകുളത്തോ മത്സരിപ്പിക്കുന്നതിനെ കുറിച്ചാണ് ആലോചന.

ഇടുക്കിയിലെ പീരുമേട് മണ്ഡലത്തിലെ സിപിഐ എംഎൽഎ വാഴൂർ സോമൻ, 2025 ഓഗസ്റ്റിലാണ് അന്തരിച്ചത്‌. അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും പേരുകൾ ഇക്കുറി  സ്ഥാനാർഥിത്വത്തിനായി പാർട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് വിവരം. ജില്ലാ കൗൺസിൽ അംഗം കോൺഗ്രസിലേക്ക് മാറിയതും തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും ഉൾപ്പാർട്ടി വിഷയങ്ങളാലും കലുഷിതമാണ് പ്രദേശത്തെ സിപിഐ. അതിനാൽതന്നെ വാഴൂർ സോമൻ ഇഫക്ടുള്ള സ്ഥാനാർഥിക്കുവേണ്ടിയാണ് പാർട്ടിയുടെ അന്വേഷണം. പാർട്ടി സെന്റർ നേരിട്ടായിരിക്കും പീരുമേട്ടിലെ സ്ഥാനാർഥി നിർണയം നടത്തുകയെന്നാണ് വിവരം. 

ചവറയിൽ ഇത്തവണയും ഷിബു ബേബി ജോൺ- സുജിത് വിജയൻ പിള്ള മത്സരത്തിന് തന്നെയാണ് കളമൊരുങ്ങുന്നത്. കെ. മുരളീധരൻ മത്സരിക്കാനില്ലെന്ന് നിലപാട് പറയുന്നുണ്ടെങ്കിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ഏതെങ്കിലും ഒരു സീറ്റിൽ സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളാനുമാകില്ല.

Content Highlights: nikesh kumar,achu oommen, karthik premachandran, apu john joseph who will contest in this assembly election