എൻഡിഎയുടെ എ ക്ലാസ്സ് മണ്ഡലം, കൈപ്പിടിയിലാക്കാൻ മുന്നണികൾ; നെന്മാറയിൽ ആവേശം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നെന്മാറ: നെന്മാറ-വല്ലങ്ങി വേലയുടെ നാട്. വേലയുടെ ആവേശത്തിനൊപ്പം ഉശിരും വാശിയുമേറിയതാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പും. മണ്ഡലം രൂപീകൃതമായ 2011-മുതൽ എൽ.ഡി.എഫിനെ തുണച്ചതാണ് മണ്ഡലചരിത്രം. എന്നാൽ, ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും ഒൻപതിനായിരത്തിൽ താഴെയായിരുന്നു ഭൂരിപക്ഷം. 2021-ൽ യു.ഡി.എഫിലെ സി.എം.പി. മത്സരിച്ചപ്പോൾ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം 28,704-ലേക്ക് ഉയർന്നിരുന്നു. ഇപ്പോൾ കൈപ്പത്തി ചിഹ്നത്തിൽ വീണ്ടും ഒരു സ്ഥാനാർഥി വരുമ്പോൾ മത്സരചിത്രം മാറുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മണ്ഡലത്തിന്റെ ഘടന മാറിയപ്പോഴും എൽ.ഡി.എഫിന്റെ ഉറച്ചകോട്ടയായി നിന്നതിന്റെ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. മണ്ഡലത്തെ എ ക്ലാസ് മണ്ഡലമാക്കി ഉയർത്തിയതിനാൽ ത്രികോണ മത്സരത്തിന് കളമൊരുക്കാനാണ് എൽ.ഡി.എ.യുടെ ശ്രമം.

പ്രകൃതിഭംഗിയാൽ നിറഞ്ഞ കൊല്ലങ്കോടും, നെല്ലിയാമ്പതിയും ഉൾപ്പെടുന്ന പ്രദേശം. മലയോര മേഖലയും, കുടിയേറ്റ കർഷകരും, തോട്ടം തൊഴിലാളികളും ഉൾപ്പെടെ താമസിക്കുന്ന മണ്ഡലമാണ് നെന്മാറ. രാഷ്ട്രീയ കാഴ്ചപ്പാടിൽ ഇതുവരെയും ഇടതിനോടൊപ്പമുള്ള മനസ്സാണ് നെന്മാറയുടേത്. മുതലമട, കൊല്ലങ്കോട്, പുതുനഗരം, വടവന്നൂർ, കൊടുവായൂർ, പല്ലശ്ശന, എലവഞ്ചേരി, നെന്മാറ, നെല്ലിയാമ്പതി, അയിലൂർ എന്നീ 10 ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലമാണ് നെന്മാറ.

തിരഞ്ഞെടുപ്പ് ചരിത്രം

2008-ലെ നിയമസഭാ പുനർനിർണയത്തോടെയാണ് നെന്മാറ മണ്ഡലം നിലവിൽ വന്നത്. 2008-ന് മുൻപ് കൊല്ലങ്കോട് നിയമസഭാ മണ്ഡലമായിരുന്നു. അപ്പോഴും ഇടതു അനുകൂല മണ്ഡലമായിരുന്നുവെങ്കിലും 1996-ലും 2001-ലും കെ.എ. ചന്ദ്രനിലൂടെ കോൺഗ്രസ് മണ്ഡലം പിടിച്ചിരുന്നു.

1996-ൽ സി.പി.എമ്മിലെ എം. ചന്ദ്രനെതിരേ 1,137 വോട്ടിന്റെ ഭൂരിപക്ഷത്തിലും, 2001-ൽ സി.പി.എമ്മിലെ ആർ. ചന്ദ്രനെതിരേ 7,394 വോട്ടുകളുടെ ഭൂരിപക്ഷത്തിനുമാണ് കെ.എ. ചന്ദ്രൻ വിജയിച്ചത്. പിന്നീട് 2006-ൽ സി.പി.എമ്മിലെ വി. ചെന്താമരാക്ഷനോട് 5,126 വോട്ടുകൾക്ക് കെ.എ. ചന്ദ്രൻ പരാജയപ്പെട്ടു.

നെന്മാറ മണ്ഡലം രൂപവത്കരിച്ചതുമുതൽ ഇടതുപക്ഷത്തോടൊപ്പമാണ്. 2011-ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ വി. ചെന്താമരാക്ഷനാണ് വിജയിച്ചത്. യു.ഡി.എഫിനുവേണ്ടി സി.എം.പിയിലെ എം.വി. രാഘവനാണ് മത്സരിച്ചത്. ബി.ജെ.പി. നേതാവ് എൻ. ശിവരാജനാണ് എൻ.ഡി.എ.യ്ക്കുവേണ്ടി മത്സരരംഗത്തുണ്ടായിരുന്നത്. അന്ന് 8,694 വോട്ടുകൾക്കാണ് വി. ചെന്തമരാക്ഷൻ വിജയിച്ചത്. ഇതോടെ കൊല്ലങ്കോട് മണ്ഡലത്തിലെ അവസാനത്തെയും നെന്മാറ മണ്ഡലത്തിലെ ആദ്യത്തെയും എം.എൽ.എ. എന്ന പദവി വി. ചെന്താമരാക്ഷൻ സ്വന്തമാക്കി.

2016-ൽ മുൻ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ. ബാബുവിനെയാണ് സി.പി.എം. മത്സരിപ്പിച്ചത്. സീറ്റ് സി.എം.പി.യിൽനിന്ന് കോൺഗ്രസ് തിരിച്ചെടുത്ത് പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥായിരുന്നു എതിരാളി. എൻ. ശിവരാജനായിരുന്നു രണ്ടാം തവണയും ബി.ജെ.പി. സ്ഥാനാർഥി. കോൺഗ്രസ് മണ്ഡലം പിടിക്കുമെന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ കെ.ബാബു 7,408 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് എം.എൽ.എ.യായി ആദ്യമായി നിയമസഭയിലെത്തി. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. യുടെ വോട്ട് 2011-ൽ ഉണ്ടായിരുന്ന 6.8 ശതമാനത്തിൽനിന്ന് 2016-ൽ 14.98 ശതമാനമായി ഉയർത്തി.

2021-ലെ തിരഞ്ഞെടുപ്പിലും കെ. ബാബു ഭൂരിപക്ഷം 28,704 വോട്ടായി ഉയർത്തി മണ്ഡലം നിലനിർത്തി. യു.ഡി.എഫിന് വേണ്ടി സി.എൻ. വിജയകൃഷ്ണനാണ് മത്സരിച്ചത്. എൻ.ഡി.എ. യ്ക്കുവേണ്ടി ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റായ എ.എൻ. അനുരാഗും മത്സരിച്ചു. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും, ബി.ജെ.പി. യ്ക്കും വോട്ട് കുറഞ്ഞു. എന്നാൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രണ്ടു പഞ്ചായത്തുകളിൽ സി.പി.എമ്മിൽനിന്ന് ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞതോടെ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പിൽ 30,000 ത്തിലധികം വോട്ടുനേടിയതോടെ എൻ.ഡി.എ.യുടെ എ ക്ലാസ് മണ്ഡലമെന്ന പരിഗണനയിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്.

മുൻതിരഞ്ഞെടുപ്പുകളിൽ

2011

  • ആകെ വോട്ടർമാർ 1,72,069
  • പോൾ ചെയ്തത് 1,34,102
  • വി. ചെന്താമരാക്ഷൻ(എൽ.ഡി.എഫ്) 64,169
  • എം.വി. രാഘവൻ (യു.ഡി.എഫ്) 55,475
  • എൻ. ശിവരാജൻ (എൻ.ഡി.എ) 9,123
  • ഭൂരിപക്ഷം 8,694

2016

  • ആകെ വോട്ടർമാർ 1,90,746
  • പോൾ ചെയ്തത് 1,54,601
  • കെ. ബാബു(എൽ.ഡി.എഫ്) 66,316
  • എ.വി. ഗോപിനാഥ്(യു.ഡി.എഫ്) 58,908
  • എൻ. ശിവരാജൻ(എൻ.ഡി.എ 23,096
  • ഭൂരിപക്ഷം 7,408

2021

  • ആകെ വോട്ടർമാർ 1,92,592
  • പോൾ ചെയ്തത് 1,51,535
  • കെ. ബാബു(എൽ.ഡി.എഫ്) 80,145
  • സി.എൻ. വിജയകൃഷ്ണൻ(യു.ഡി.എഫ്) 51,441
  • എ.എൻ. അനുരാഗ്(എൻ.ഡി.എ) 16,666
  • ഭൂരിപക്ഷം 28,704

Content Highlights: Nemmara has historically been a strong LDF stronghold since its formation in 2011., The constituency underwent a major shift in 2021 with LDF increasing its victory margin to 28,704., The region includes diverse demographics, including plantation workers and hilly areas like Nelliampathy., While LDF maintains dominance, UDF and NDA are actively working to turn Nemmara into a competitive battleground., Comprehensive breakdown of election data from 2011, 2016, and 2021.