2സൗജന്യ സിലിണ്ടർ,₹3000 പെൻഷൻ,എയിംസ്,അതിവേഗ റെയിൽ,സ്വർണക്കൊള്ളയിൽ CBI അന്വേഷണം-പ്രകടനപത്രികയുമായി NDA

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി അധ്യക്ഷൻ നിതിൻ നബീൻ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്.
പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ റീച്ചാർജ് ഉള്ള 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്', എയിംസ്, തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽ ശൃംഖല, കോഴിക്കോടും തിരുവനന്തപുരത്തും പുതിയ മെട്രോ സർവീസുകൾ ആരംഭിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.
ക്ഷേത്ര ഭരണത്തിൽ ഭക്തരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കും. ഇതിലൂടെ ശബരിമല, ഗുരുവായൂർ തുടങ്ങി എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കും. ശബരിമലയിലെ സ്വർണക്കൊള്ളയിൽ സമയബന്ധിതമായ സി.ബി.ഐ അന്വേഷണം നടത്തി അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 'ശബരിമല അടിസ്ഥാന സൗകര്യ വികസന മിഷൻ' ആരംഭിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകൾക്കും, വിധവകൾക്കും, 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെൻഷൻ വഴി നൽകുമെന്നും പത്രികയിലുണ്ട്.
എൻഡിഎ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ
1 പാവപ്പെട്ട കുടുംബങ്ങളിലെ വനിതകൾക്ക് പ്രതിമാസം 2,500 രൂപ റീചാർജ് ഉള്ള ഒരു 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്' നൽകും. ഇത് പലചരക്ക് സാധനങ്ങൾ വാങ്ങാനും മരുന്നുകൾ വാങ്ങാനും ഉപയോഗിക്കാം
2 പിന്തുണ ആവശ്യമുള്ള എല്ലാ വിളകൾക്കും താങ്ങുവില (എംഎസ്പി) ഉറപ്പാക്കും.
3 തോട്ടം മേഖലയിലെ നിയമങ്ങളും വനനിയമങ്ങളും ഭേദഗതി ചെയ്ത് പ്ലാന്റേഷൻ ഭൂമികളിൽ ഇടവിള കൃഷി നടത്തുന്നതിനുള്ള അവസരങ്ങൾ ഒരുക്കും.
4. ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാ മലയാളികൾക്കും ലഭ്യമാക്കും.
5. ചികിത്സാ സൗകര്യങ്ങൾക്കായി കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് യാഥാർത്ഥ്യമാക്കും.
6. പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകും. ഓണത്തിനും ക്രിസ്മസിനും ഓരോന്ന് വീതം ഇവ ലഭ്യമാക്കും.
7. ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ കുടിവെള്ളം സൗജന്യമായി നൽകും.
8. പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകൾക്കും, വിധവകൾക്കും, 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെൻഷൻ വഴി നൽകും.
9. തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽ ശൃംഖല സ്ഥാപിക്കും.
10. കൊച്ചി മെട്രോയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കും. കൂടാതെ കോഴിക്കോടും തിരുവനന്തപുരത്തും പുതിയ മെട്രോ സർവീസുകൾ ആരംഭിക്കും.
11. കേരളീയർക്ക് പുതിയ തൊഴിൽ നൽകുന്ന സംരംഭങ്ങൾക്ക്, നിയമനത്തിനും ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ ലോൺ ലഭ്യമാക്കുന്ന 'എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം' നടപ്പിലാക്കും.
12. വിഴിഞ്ഞത്തെ ഒരു പ്രധാന വ്യവസായ കേന്ദ്രമായി വികസിപ്പിക്കും. ഇതിനായി ഷിപ്പ് റിപ്പയർ ആൻഡ് മറൈൻ എൻജിനീയറിങ് ക്ലസ്റ്റർ, നേമം യാർഡ് മുതൽ വിഴിഞ്ഞം തുറമുഖം വരെ എലിവേറ്റഡ് ഡബിൾ റെയിൽ പാത, തുറമുഖത്തിന് ചുറ്റും പ്രത്യേക വ്യാവസായിക ഇടനാഴി എന്നിവ സ്ഥാപിക്കും.
13. അടുത്ത 5 വർഷത്തിനുള്ളിൽ സർക്കാർ വിദ്യാലയങ്ങളിൽ ഐച്ഛികമായി ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ലഭ്യമാക്കും.
14. ക്ഷേത്ര ഭരണത്തിൽ ഭക്തരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കും. എല്ലാ ഇതിലൂടെ ശബരിമല, ഗുരുവായൂർ തുടങ്ങി ആരാധനാലയങ്ങളും സംരക്ഷിക്കും. ശബരിമലയിലെ സ്വർണക്കൊള്ളയിൽ സമയബന്ധിതമായ സി.ബി.ഐ അന്വേഷണം നടത്തി അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 'ശബരിമല അടിസ്ഥാന സൗകര്യ വികസന മിഷൻ' ആരംഭിക്കും.
15. മുല്ലപ്പെരിയാർ - തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ: തമിഴ്നാടിന്റെ ജലാവകാശത്തെ ബാധിക്കാതെ, കേരളത്തിന്റെ സുരക്ഷയും തമിഴ്നാടിൻ് ജലലഭ്യതയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാരുമായും തമിഴ്നാട് സർക്കാരുമായും സഹകരിച്ച് പ്രവർത്തിക്കും.
16. ഓരോ കോർപ്പറേഷനെയും നാടിന്റെ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ഓരോന്നിനും പ്രത്യേകമായ വികസന പദ്ധതികൾ ആവിഷ്‌കരിക്കും.
a. തിരുവനന്തപുരം: ഐടി, ഇന്നൊവേഷൻ തലസ്ഥാനം.
b. കൊച്ചി: ഇന്ത്യയുടെ കപ്പൽ നിർമ്മാണ തലസ്ഥാനം.
C. കോഴിക്കോട്: ഹെൽത്ത് കെയർ, മെഡിക്കൽ ഇന്നൊവേഷൻ ഹബ്.
d. തൃശ്ശൂർ: കേരളത്തിന്റെ സാംസ്‌കാരിക വിനോദസഞ്ചാര തലസ്ഥാനം.
e. കൊല്ലം: സമുദ്രോൽപ്പന്ന കയറ്റുമതിക്ക് മുൻഗണന നൽകുന്ന അന്താരാഷ്ട്ര നിലവാരമുള്ള 'ബ്ലൂ ഇക്കണോമി' ക്ലസ്റ്റർ.
f. കണ്ണൂർ: ഡിഫൻസ് ഇന്നൊവേഷൻ ഹബ്.
Content Highlights: Monthly welfare pension of Rs 3,000 for eligible groups, Two free LPG cylinders per year for poor families, Establishment of AIIMS in Kerala, High-speed rail network connecting Thiruvananthapuram and Kannur, CBI investigation into Sabarimala gold theft allegations