എന്നും LDFനൊപ്പം, ലോക്‌സഭയിൽ ഷാഫിക്ക് വൻലീഡ്; നാദാപുരത്ത് ആരെത്തും, മനസ്സുതുറക്കാതെ മുന്നണികൾ

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

നാദാപുരം: നാദാപുരത്ത് ആര് മത്സരിക്കുമെന്നതിനെക്കുറിച്ച് ഇരുമുന്നണികളിലും ഒരു രൂപവുമായിട്ടില്ല. കഴിഞ്ഞവർഷം ചുണ്ടിനും കപ്പിനുമിടയിൽ മണ്ഡലം നഷ്ടപ്പെട്ടതിന്റെ ക്ഷീണം യുഡിഎഫിനുണ്ട്. തരംഗത്തിനിടയിലും അത്ര തിളക്കമാർന്ന ജയമൊന്നുമല്ല എൽഡിഎഫ് അന്നുനേടിയത്. അതുകൊണ്ടുതന്നെ സ്ഥാനാർഥിനിർണയംമുതൽ ജാഗ്രതയോടെ നീങ്ങാനാണ് ഇരുമുന്നണികളുടെയും തീരുമാനം.

എൽഡിഎഫിൽ ഇ.കെ. വിജയൻ ജനപ്രതിനിധിയായി മൂന്ന് ടേം പൂർത്തിയായി. ഇനിയൊരു അവസരം വിജയന് ലഭിക്കില്ല. സിപിഐ ജില്ലാസെക്രട്ടറി പി. ഗവാസിന്റെ പേരാണ് പകരം കേൾക്കുന്നത്. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, മഹിളാസംഘം സംസ്ഥാനപ്രസിഡന്റ് പി. വസന്തം എന്നിവരും പരിഗണിക്കപ്പെട്ടേക്കാം. ഇതിൽ സത്യൻ മൊകേരി 1987 മുതൽ തുടർച്ചയായി മൂന്നുതവണ നാദാപുരത്തെ ജനപ്രതിനിധിയായതാണ്. പഴയമുഖങ്ങൾ മത്സരിക്കുന്നത് പുതിയതലമുറയിലെ വോട്ടർമാർ എങ്ങനെ സ്വീകരിക്കുമെന്നതിനെക്കുറിച്ചുള്ള ആധി പാർട്ടിനേതൃത്വത്തിനുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായി യുവരക്തം വരുകയാണെങ്കിൽ അത്തരമൊരു തീരുമാനത്തിലേക്ക് സിപിഐക്കും എത്തേണ്ടിവരും.

യുഡിഎഫിൽ കഴിഞ്ഞ രണ്ടുതവണ മത്സരിച്ച ഡിസിസി ജില്ലാപ്രസിഡന്റ് കെ. പ്രവീൺകുമാർ ഇത്തവണ നാദാപുരത്തേക്കില്ലെന്ന നിലപാടിലാണ്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി കെ.എം. അഭിജിത്ത്, ഐ. മൂസ, അച്യുതൻ പുതിയേടത്ത് തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് സജീവമായിരുന്നു. എന്നാൽ, മുല്ലപ്പള്ളി ഇതുവരെ മനസ്സുതുറന്നിട്ടില്ല. നേതൃത്വം ആവശ്യപ്പെട്ടാൽ ഒരുപക്ഷേ മുല്ലപ്പള്ളിതന്നെ നാദാപുരത്ത് വരാനും സാധ്യതയുണ്ട്.

ഇതിനിടെ നാദാപുരം ഏറ്റെടുത്ത് പേരാമ്പ്ര വിട്ടുനൽകണമെന്ന ചർച്ച മുസ്ലിംലീഗിൽ ഉയരുന്നുണ്ട്. പ്രാദേശികമായി ശക്തരായ സ്ഥാനാർഥികളെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് ലീഗിലെ നേതാക്കളുടെ വിശ്വാസം. നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്, മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. മണ്ഡലത്തിൽനിന്ന് പുറത്തുള്ളവരാണെങ്കിൽ ജില്ലാ ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിലിന്റെ പേരിനാകും മുൻതൂക്കം.

നാദാപുരത്ത് ആർഎംപി, സിഎംപി എന്നീ പാർട്ടികളുടെ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന ചർച്ചയും സജീവമായിട്ടുണ്ട്. ജയസാധ്യത മനസ്സിലാക്കിയുള്ള തീരുമാനം യുഡിഎഫിന്റെ സംസ്ഥാനനേതൃത്വം കൈക്കൊള്ളുമെന്നാണ് പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ തവണത്തേതിനെക്കാൾ വോട്ടുവർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനായി ജനങ്ങളിൽ സ്വാധീനമുള്ള നേതാക്കളെത്തന്നെ ബിജെപിയും രംഗത്തിറക്കും.

വോട്ടുചരിത്രം

നാദാപുരം എന്നും എൽഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്. തുടർച്ചയായി സിപിഐ സ്ഥാനാർഥികളെ വൻഭൂരിപക്ഷത്തിന് വിജയിപ്പിച്ച മണ്ഡലം. 1987 മുതൽ തുടർച്ചയായി മൂന്ന് ടേം സിപിഐ നേതാവും നാട്ടുകാരനുമായ സത്യൻ മൊകേരിക്കായിരുന്നു വിജയം. 2001 മുതൽ ബിനോയ് വിശ്വമായി സ്ഥാനാർഥി. രണ്ടുതവണ മത്സരിച്ചുജയിച്ച ബിനോയ് ഒരുതവണ മന്ത്രിയുമായി. 2011 മുതൽ തുടർച്ചയായി മൂന്നുതവണ ഇ.കെ. വിജയൻ വിജയിച്ചു.

മറ്റുജനപ്രതിനിധികൾ ഓരോ ടേമിലും ഭൂരിപക്ഷം വർധിപ്പിച്ചപ്പോൾ ഇ.കെ. വിജയൻ അവസാനത്തെ രണ്ട് ടേമിലും 5000-ത്തിൽ താഴെ വോട്ടിനാണ് വിജയിച്ചത്. 2021-ൽ 4035 വോട്ടിനും 2016-ൽ 4759 വോട്ടിനുമായിരുന്നു വിജയം. ഭൂരിപക്ഷം കുറഞ്ഞുവരുന്നതാണ് യുഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് നാദാപുരം 23,877 വോട്ടിന്റെ ലീഡാണ് നൽകിയത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കണക്കിൽ നേരിയ വോട്ടിന്റെ ലീഡ് എൽഡിഎഫിനുണ്ട്. ജില്ലാപഞ്ചായത്ത് വോട്ട് പരിശോധിച്ചാൽ നേരിയ വോട്ടിന്റെ ലീഡ് യുഡിഎഫും അവകാശപ്പെടുന്നു. മണ്ഡലത്തിലെ വളയം, എടച്ചേരി, നരിപ്പറ്റ, കാവിലുമ്പാറ, മരുതോങ്കര, വാണിമേൽ പഞ്ചായത്തുകളിൽ ഭരണം എൽഡിഎഫിനാണ്. നാദാപുരം, ചെക്യാട്, തൂണേരി, കായക്കൊടി പഞ്ചായത്തുകൾ യുഡിഎഫും ഭരിക്കുന്നു.

Content Highlights: Explore the potential candidates for the upcoming Nadapuram elections. Both LDF and UDF are strategizing carefully for candidate selection