തിരഞ്ഞെടുപ്പിൽ തരൂരിനെ മുൻനിരയിൽ നിർത്തണം, എംപിമാർ മത്സരിക്കുന്നതിൽ തെറ്റില്ല– എം.കെ രാഘവൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് എംപിമാരെ മത്സരിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ജയസാധ്യത മാത്രമാകണം മാനദണ്ഡമെന്നും എം.കെ. രാഘവൻ എംപി. നിന്നാൽ ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിൽ എംപിമാരെ മത്സരിപ്പിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശശി തരൂരിനെ മുൻനിരയിൽ നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് യുഡിഎഫിന് ഗുണംചെയ്യുമെന്നും അദ്ദേഹം കോഴിക്കോട്ട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തരൂരിന് തരൂരിന്റേതായിട്ടുള്ള ഒരു ഇടം കേരളത്തിലുണ്ട്. അയാളെ ഇഷ്ടപ്പെടുന്ന ഒരുപാട് യുവാക്കളുണ്ട്. അതൊക്കെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് തന്റെ വിശ്വാസം. ഒരാളെ കൂട്ടിയാൽ ഗുണംചെയ്യുമെങ്കിൽ കൂട്ടണം എന്നാണ് തന്റെ പക്ഷം. ആ ഒരു സ്ട്രാറ്റജി പാർട്ടിക്ക് ഉണ്ടാകണം എന്നാണ് സൂചിപ്പിക്കാനുള്ളതെന്നും എം.കെ. രാഘവൻ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചുവരിക എന്നുള്ളതാണ് പ്രധാനപ്പെട്ട വിഷയമെന്നും അതിനായി എംപിമാരെ മത്സരിപ്പിക്കേണ്ടിവന്നാൽ അത് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: MK Raghavan MP believes UDF MPs can contest assembly elections if they have a winning chance. He also suggests Shashi Tharoor lead the front.