UDF ലെത്താൻ ജോസ് കോൺഗ്രസ് നേതാക്കളെ കണ്ടു, നിഷേധിച്ചാൽ പറയുന്ന പണി ചെയ്യും; വെല്ലുവിളിച്ച് കാപ്പൻ

കോട്ടയം: ജോസ് കെ.മാണി യുഎഡിഎൽ ചേരുന്നതിനായി കോൺഗ്രസ് നേതാക്കളെ കണ്ടതായി പാലാ എംഎൽഎ മാണി സി.കാപ്പൻ. താൻ പറഞ്ഞത് നിഷേധിക്കാൻ ജോസ് കെ മാണിയെ മാണി സി കാപ്പൻ വെല്ലുവിളിക്കുകയും ചെയ്തു. 'കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല. കുരിശ് പള്ളി മാതാവിന്റെ മുന്നിൽ വെച്ച് കണ്ടില്ലെന്ന് പറയുവാണേൽ ജോസ് കെ മാണി പറയുന്ന പണി ഞാൻ ചെയ്യും' എന്നും കാപ്പൻ പറഞ്ഞു.
തനിക്കെതിരെ ജോസ് കെ മാണി ഉയർത്തിയ ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പാലായിൽ വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന ഭയമാണ് ജോസ് കെ മാണിയുടെ ആരോപണങ്ങൾക്ക് കാരണം. പാലായിലെ പദ്ധതികൾ എങ്ങനെയാണ് മുടക്കിയത് എന്നാണ് ജോസ് കെ മാണി വാർത്താസമ്മേളനത്തിലൂടെ പറഞ്ഞത്. പദ്ധതികൾക്ക് അദ്ദേഹം വിഘാതം സൃഷ്ടിക്കുന്നു. പാലായുടെ വികസനത്തിനായി മാണി സി. കാപ്പൻ ഒന്നും ചെയ്തിട്ടില്ലെന്നും, ജനങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു പ്രാദേശിക പദ്ധതി പോലും അവിടെയില്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു.
തന്ത്രവും മന്ത്രവും ഒന്നും പ്രയോഗിച്ചിട്ട് കാര്യമില്ല. പാലയിലെ ജനങ്ങൾ അത് തിരിച്ചറിയും. പാലായിൽ ജയിക്കാം എന്ന് സ്വപ്നം പോലും ജോസ് കെ മാണി കാണേണ്ട എന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
Content Highlights: Jose K. Mani's Kottayam Politics: Kappan's Strong Rebuttal and UDF Entry Speculation