മലപ്പുറത്തെ ചുവപ്പിച്ച സ്വതന്ത്ര പരീക്ഷണം; മാറ്റ് കുറയുമോ ഇത്തവണയും

മലപ്പുറം: 1996-ൽ ആണ് മലപ്പുറത്തെ ചുവപ്പിക്കുക ലക്ഷ്യമിട്ട് മഞ്ഞളാംകുഴി അലിയിലൂടെ സ്വതന്ത്ര പരീക്ഷണത്തിന് ഇടതുപക്ഷം തുടക്കമിട്ടത്. ആദ്യ പരീക്ഷണം പാളിയെങ്കിലും 2001-ലും 2006-ലും അലി പ്രമുഖരെ മുട്ടുകുത്തിച്ച് ആ ലക്ഷ്യം നിറവേറ്റിയതോടെ സ്വതന്ത്ര പരീക്ഷണമെന്ന ഇടതുപക്ഷത്തിന്റെ ആ തിരഞ്ഞെടുപ്പായുധം പിന്നീട് ഏറെ ചർച്ച ചെയ്യപ്പെട്ടു. പിന്നിടങ്ങോട്ട് കെ.ടി ജലീൽ, പി.വി അൻവർ, വി.അബ്ദുറഹ്‌മാൻ എന്നിവരെല്ലാം ആ പാത പിന്തുടരുകയും വിജയിക്കുകയും ചെയ്തു. എന്നാൽ മലപ്പുറത്ത് സ്വതന്ത്ര പരീക്ഷണത്തിന്റെ മാറ്റ് കുറയുന്ന ഫലമായിരുന്നു 2021-ൽ ഉണ്ടായത്.
ആകെയുള്ള 16 മണ്ഡലങ്ങളിൽ സിപിഎമ്മിന്റെ 11 സീറ്റിൽ അഞ്ചിടത്തായിരുന്നു സ്വതന്ത്രരെ മത്സരിപ്പിച്ചത്. തവനൂർ, താനൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി. ജയിച്ചത് കെ.ടി ജലീൽ, പി.വി അൻവർ, വി.അബ്ദുറഹ്‌മാൻ എന്നിവരും. ഇതിൽ ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലം കൂടി യുഡിഎഫിലേക്ക് പോയതോടെ എൽഡിഎഫിന്റെ നേട്ടം രണ്ട് മണ്ഡലങ്ങളിൽ മാത്രമായി. സിപിഐയുടെ മൂന്ന് സീറ്റുകളിൽ തിരൂരങ്ങാടിയിലും ഏറനാട്ടിലും സ്വതന്ത്രരെ കളത്തിലിറക്കിയെങ്കിലും വിജയിക്കാനായില്ല. ഇതോടെയാണ് ഇത്തവണ സ്വതന്ത്ര പരീക്ഷണത്തെ കുറിച്ച് എൽഡിഎഫ് ഗൗരവമായി ചിന്തിക്കുന്നത്.
കഴിഞ്ഞതവണ പെരിന്തൽമണ്ണയിൽ ലീഗിന്റെ നജീബ് കാന്തപുരത്തിനെതിരെ അതിശക്തമായ മത്സരം കാഴ്ചവെച്ച് എൽഡിഎഫ് സ്വതന്ത്രൻ കെപിഎ മുസ്തഫ 38 വോട്ടിന്റെ വ്യത്യാസത്തിൽ കാലിടറിയെങ്കിലും ഇത്തവണ പെരിന്തൽമണ്ണയിൽ ഇടതുപക്ഷം വലിയ പ്രതീക്ഷവെക്കുന്നില്ല. അഞ്ച് വർഷത്തിന് മുമ്പത്തെ രാഷ്ട്രീയ സാഹചര്യമല്ല മണ്ഡലത്തിൽ ഇപ്പോഴുള്ളതെന്നാണ് വിലയിരുത്തൽ.
2021-ൽ തവനൂരിൽ 2185 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ.ടി ജലീൽ ജയിച്ചുകയറിയെങ്കിലും വമ്പൻ മുന്നേറ്റമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് കാഴ്ചവെച്ചത്. ആകെയുള്ള ഏഴ് പഞ്ചായത്തും യുഡിഎഫിനൊപ്പമാണ്. വി.അബ്ദുറഹ്‌മാൻ മത്സരിച്ച താനൂരിലും കഷ്ടിച്ചായിരുന്നു എൽഡിഎഫ് വിജയം. 985 ആയിരുന്നു ഭൂരിപക്ഷം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു നേട്ടം. ഇത്തവണ മത്സരിക്കുന്ന കാര്യത്തിൽ ഇടത് സ്വതന്ത്രർക്ക് ഉറപ്പിച്ച് പറയാൻ സാധിക്കാത്തത് തിരിച്ചടി ഭയന്നാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.
അതേസമയം ഇത്തവണയും സ്വതന്ത്രപരീക്ഷണം ഉണ്ടാകുമെന്ന് തന്നെയാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിലടക്കം ഈ പരീക്ഷണമുണ്ടാകുമെന്നാണ് സൂചന.
Content Highlights: Explore the history of LDF`s independent candidate strategy in Malappuram, its past successes, and the current challenges. Will the experiment continue to be a winning formula?