മഹിളാ കോൺഗ്രസ് നേതാവ് ആർ.രശ്മി ബിജെപിയിലേക്ക്

ആര്‍.രശ്മി
ആര്‍.രശ്മി

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രശ്മി ഇന്ന് പാർട്ടി അംഗത്വം സ്വീകരിച്ചേക്കും. ബിജെപി സംസ്ഥാന കാര്യാലയത്തിൽ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ആയിഷ പോറ്റിയെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കുന്നതിൽ വിയോജിച്ചാണ് പാർട്ടി വിടാനുള്ള ആലോചനയിലേക്ക് എത്തിച്ചതെന്നാണ് സൂചന. 2021-ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ രശ്മി. കൂടാതെ രണ്ട് നിബന്ധനകളും രശ്മി കോൺഗ്രസിന് മുന്നിൽ വെച്ചിരുന്നതായാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം. എന്നാൽ, ഈ ആവശ്യങ്ങളോട് അനുകൂലമായ നിലപാടല്ല കോൺഗ്രസ് സ്വീകരിച്ചത്. ഇതേത്തുടർന്നാണ് പാർട്ടി വിടാനുള്ള അന്തിമ തീരുമാനത്തിലേക്ക് അവർ എത്തിയത്.

രാജീവ് ചന്ദ്രശേഖർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അവിടെ വെച്ചായിരിക്കാം രശ്മിയുടെ ബിജെപി പ്രവേശനവും ഔദ്യോഗികമാവുക.

Content Highlights: Mahila Congress leader R Rasmi is set to join the BJP