SDPI വോട്ട് സ്വീകരിക്കൽ: വോട്ടുചെയ്യാൻ വരുന്നവരുടെ സ്വഭാവസർട്ടിഫിക്കറ്റ് നോക്കാനാകില്ല- എം.എ. ബേബി

കോട്ടയം: വോട്ടുചെയ്യാൻ വരുന്നവരെ സ്വഭാവ സർട്ടിഫിക്കറ്റ് നോക്കി ബൂത്തിലേക്ക് കടത്തിവിടാനാകില്ലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. സി.പി.എമ്മിന്റെ ആളുകൾ ബൂത്തുകളിൽ ചെന്ന്, പാർട്ടിക്ക് വോട്ട് ചെയ്യാൻ യോഗ്യരാണോ ആളുകളെന്ന് നോക്കി കടത്തിവിടാനും അല്ലാത്തവരെ തടയാനും കഴിയുമോ. വോട്ട് ചെയ്യുന്നത് ഓരോത്തരുടെയും അവകാശമാണ്. എസ്.ഡി.പി.ഐ. വോട്ട് സ്വീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആർക്ക് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിക്കാനുള്ള അവകാശം വ്യക്‌തികൾക്കും രാഷ്‌ട്രീയപാർട്ടികൾക്കും സംഘടനകൾക്കുമുണ്ട്. കാസർകോട് എസ്.ഡി.പി.ഐ. സ്‌ഥാനാർഥി പിൻമാറണമെന്ന് ആവശ്യപ്പെട്ടത് യു.ഡി.എഫാണ്. സി.പി.എമ്മും എൽ.ഡി.എഫും എസ്.ഡി.പി.ഐ.യുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. സി.പി.എം. കോട്ടയം ജില്ലാകമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്രയിൽ ടി.പി. രാമകൃഷ്‌ണൻ അറിഞ്ഞ് എതിർ സ്‌ഥാനാർഥിക്കെതിരേ ആക്ഷേപകരമായ ഒരു പ്രചാരണവും നടത്തിയിട്ടില്ല. എന്നാൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് തിരുത്താൻ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തിയാൽ സഹകരിക്കും.
തദ്ദേശ തിരഞ്ഞെടുപ്പുമുതൽ കോൺ.-ബി.ജെ.പി.-ലീഗ് ഡീൽ
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നഷ്‌ടമുണ്ടാകാൻ കാരണം കോൺഗ്രസ്-ബി.ജെ.പി.-ലീഗ് ഡീലാണെന്ന് ബേബി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും അതേ ഏർപ്പാടുകൾ ആവർത്തിക്കും. കോൺഗ്രസിൽ സീറ്റ് കിട്ടാൻ തന്നെ ഡീൽ ഉണ്ട്. സീറ്റ് കിട്ടാൻ പണം കൊടുക്കണമെന്നാണ് ആക്ഷേപം. മഹിളാ കോൺഗ്രസ് അഖിലേന്ത്യാ നേതാവ് സുചിത്രാദേവി, ഭർത്താവ് ഗൗരവ് കുമാർ എന്നിവരാണ് ആക്ഷേപമുന്നയിച്ചത്. കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പ്രിയങ്കാ ഗാന്ധി എന്നിവരാണ് ആക്ഷേപത്തിന്റെ മുൾമുനയിൽ. വി.ഡി.സതീശൻ വയനാട് ദുരിതബാധിതർക്ക് മൈക്കിന് മുന്നിൽ നിന്ന്, ആവശ്യത്തിനുള്ള വീടുകൾ നിർമിച്ചത് എല്ലാവരും കേട്ടതല്ലേയെന്ന് അദ്ദേഹം പരിഹസിച്ചു.
പദ്‌മകുമാറിന്റേത് ഉത്തരവാദിത്വത്തിലെ വീഴ്‌ച
ശബരിമല സ്വർണക്കൊള്ളക്കേസിൽ പദ്‌മകുമാറിനെ അറസ്റ്റുചെയ്‌തത് ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് എന്ന നിലയിൽ ചുമതലയിൽ വീഴ്‌ച വരുത്തിയതിനാണ്. വിശദീകരണം പറയാൻ അദ്ദേഹത്തിന് അവസരം നൽകണം. ഉത്തരവാദിത്വമുണ്ടെന്ന് കണ്ടാൽ ചെവിക്ക് തൂക്കിയെടുത്ത് പുറത്തുകളയാൻ മടിയില്ല.
ഇത്തവണ എൽ.ഡി.എഫ്. സെഞ്ചുറി കടക്കും
എൽ.ഡി.എഫ്. സർക്കാരിന്റെ തുടർഭരണം ഉണ്ടാകും. ഇത്തവണ സെഞ്ചുറിക്കപ്പുറത്തേക്ക് പോകും. എഫ്.സി.ആർ.എ. ആക്‌ട് കൊണ്ടുവന്നത് 1976-ൽ ഇന്ദിരാഗാന്ധിയാണ്. പിന്നീട് 2010-ൽ ഭേദഗതി കൊണ്ടുവന്നു. ഇത് രണ്ടും സംഭവിക്കുമ്പോഴും വൻതോതിൽ വിദേശ സംഭാവന ലഭിച്ചിരുന്ന ആർ.എസ്.എസിനെ ഇതിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. അതിൽ ഡീലുണ്ടോയെന്ന് സംശയിക്കണം.
Content Highlights: CPM leader M.A. Baby clarifies that voters cannot be screened based on background. Read the full update on the 2026 election controversy here.