സീറ്റുചർച്ചകളിലേക്ക് എൽ.ഡി.എഫ്; ഉഭയകക്ഷി ചർച്ച വേഗം പൂർത്തിയാക്കാൻ ധാരണ

തിരുവനന്തപുരം: എൻ.ഡി.എ.യും യു.ഡി.എഫും സ്ഥാനാർഥിനിർണയത്തിലേക്ക് കടന്നതോടെ, സീറ്റുചർച്ച വേഗത്തിലാക്കാൻ ഇടതുമുന്നണിയും. തിങ്കളാഴ്ച ഇടതുമുന്നണി യോഗംചേരും. ഇതിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാൻ ശനിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നടക്കും. നിലവിലെ സീറ്റുകൾ അതത് കക്ഷികൾക്കുതന്നെ നൽകാമെന്ന പൊതുധാരണയാണ് സി.പി.എമ്മിന്. സി.പി.എമ്മിലെ സ്ഥാനാർഥിനിർണയം കുറച്ചുകൂടി കഴിഞ്ഞിട്ടേയുണ്ടാകൂവെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
വികസനമുന്നേറ്റജാഥയുടെ വിലയിരുത്തൽ, പ്രകടനപത്രിക തയ്യാറാക്കൽ, സീറ്റുധാരണ എന്നിവയാണ് പ്രധാനമായും ഇടതുമുന്നണിയോഗം പരിഗണിക്കുക. പ്രകടനപത്രിക തയ്യാറാക്കാൻ എല്ലാ കക്ഷിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചേക്കും.
പ്രകടനപത്രിക തയ്യാറാക്കുന്ന നടപടിയിലേക്ക് സി.പി.എം. കടന്നിട്ടുണ്ട്. സി.പി.എം. നടത്തുന്ന പഠനകോൺഗ്രസിലെ നിർദേശങ്ങളും സർക്കാരിന്റെ നവകേരളം സർവേയുടെ റിപ്പോർട്ടുംകൂടി പരിഗണിച്ചാകും പ്രകടനപത്രിക അന്തിമമാക്കുക.
സീറ്റുചർച്ച മുന്നണിയോഗത്തിൽ ഉണ്ടാകില്ല. പൊതുഅഭിപ്രായങ്ങൾക്കുശേഷം ഉഭയകക്ഷി ചർച്ചയിൽ നിശ്ചയിക്കുകയാണ് ചെയ്യുക. സി.പി.എം., സി.പി.ഐ. സീറ്റുകളിലൊന്നും കാര്യമായ മാറ്റമുണ്ടാകാനിടയില്ല. പ്രതിപക്ഷനേതാവ് മത്സരിക്കുന്ന പറവൂർ സീറ്റിൽ സി.പി.എം. മത്സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ, സി.പി.ഐ.യുമായി സീറ്റുവെച്ചുമാറാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞതവണ അനുവദിച്ച 13 സീറ്റ് എന്നതാണ് കേരള കോൺഗ്രസിന്റെ നിലപാട്. അങ്ങനെയെങ്കിൽ കുറ്റ്യാടി സി.പി.എം. കേരള കോൺഗ്രസിന് വിട്ടുനൽകേണ്ടതുണ്ട്. കുറ്റ്യാടിക്ക് പകരം കോഴിക്കോട് ജില്ലയിൽത്തന്നെ മറ്റൊരുസീറ്റ് എന്നതാണ് കേരള കോൺഗ്രസിന്റെ ആവശ്യം. അതിന് സി.പി.എം. വിട്ടുവീഴ്ചചെയ്യേണ്ടിവരും. ഉഭയകക്ഷി ചർച്ചയിൽ പ്രധാനമായും ധാരണയിലെത്തേണ്ടത് ഇതിലാണ്.
ആർ.ജെ.ഡി. നിലവിലെ മൂന്നുസീറ്റിനു പുറമേ രണ്ട് അധികസീറ്റുകൂടി ആവശ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലായി ഓരോന്നുകൂടി വേണമെന്നാണ് ആവശ്യം. ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായ ആന്റണി രാജു, തൊണ്ടിമുതൽ തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട‌് അയോഗ്യനായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മണ്ഡലമായ തിരുവനന്തപുരം സി.പി.എം. ഏറ്റെടുത്തേക്കും. പകരം, ജനാധിപത്യ കേരള കോൺഗ്രസിന് മറ്റേതെങ്കിലും സീറ്റ് അനുവദിക്കുമോയെന്നതാണ് അറിയാനുള്ളത്.
എൽ.ഡി.എഫ്. സീറ്റുകൾ
86 സീറ്റുകളിലാണ് സി.പി.എം. മത്സരിക്കുന്നത്. അതിൽ 75 ഔദ്യോഗിക സ്ഥാനാർഥികളും 11 സ്വതന്ത്രരുമാണ് കഴിഞ്ഞതവണ മത്സരിച്ചത്. അഞ്ച് സ്വതന്ത്രരടക്കം 67 പേർ ജയിച്ചു. സി.പി.ഐ. മത്സരിച്ചത് 25 സീറ്റിൽ. 17 പേർ ജയിച്ചു. കേരള കോൺഗ്രസി(എം)ന് 13 സീറ്റ് നൽകിയെങ്കിലും മത്സരിച്ചത് 12 ഇടത്ത്. കേരള കോൺഗ്രസിന് നൽകിയ കുറ്റ്യാടി സീറ്റ് സി.പി.എം. ഏറ്റെടുക്കുകയായിരുന്നു. ജനതാദൾ (എസ്) നാല്, എൻ.സി.പി. മൂന്ന്, ആർ.ജെ.ഡി. മൂന്ന്, ഐ.എൻ.എൽ. മൂന്ന്, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ആർ.എസ്.പി. (ലെനിനിസ്റ്റ്) എന്നിവർ ഓരോ സീറ്റിലും മത്സരിച്ചു.
Content Highlights: LDF gears up for seat-sharing talks as UDF & NDA finalize candidates. CPM state secretariat to meet, discussing manifesto and alliance strategies