കീറാമുട്ടിയായി കുട്ടനാട്; സീറ്റിനെച്ചൊല്ലി എൽ.ഡി.എഫിലും യു.ഡി.എഫിലും തർക്കം

പ്രതീകാത്മക ചിത്രം| photo: kerala tourism
പ്രതീകാത്മക ചിത്രം| photo: kerala tourism

കുട്ടനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കുട്ടനാട് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കം വലിയ ചർച്ചയാകുന്നു. എൽ.ഡി.എഫിലും യു.ഡി.എഫിലും ഇതുമായി ബന്ധപ്പെട്ട് ഘടകകക്ഷികൾ തമ്മിലുള്ള വടംവലി കൂടുതൽ സങ്കീർണമായി തുടരുകയാണ്. ഇരുമുന്നണികളിലും പ്രധാന കക്ഷികൾ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യമാണ് മുന്നിട്ടുനിൽക്കുന്നത്. യു.ഡി.എഫിൽ കോൺഗ്രസ് സ്ഥാനാർഥി വരണമെന്നും എൽ.ഡി.എഫിൽ സി.പി.എം. സ്ഥാനാർഥി വരണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം.

സി.പി.എം. ഏറ്റെടുക്കണമെന്ന് ആവശ്യം

ഭരണമുന്നണിയിൽ സിറ്റിങ് സീറ്റായ കുട്ടനാടിനായി എൻ.സി.പി. ശക്തമായ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും സി.പി.എമ്മിലെ ഒരു വിഭാഗം സീറ്റ് ഏറ്റെടുക്കണമെന്ന നിലപാടിലാണ്. നിലവിലെ എം.എൽ.എ. തോമസ്. കെ. തോമസിനെതിരേ പാർട്ടിയിൽനിന്നും മുന്നണിയിൽനിന്നും സമ്മർദമുണ്ട്. അദ്ദേഹത്തിനെതിരേ ഉയർന്ന വിവിധ പരാതികളും സ്വന്തം പാർട്ടിയിലെ നേതാക്കൾതന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണങ്ങളും മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചതായി സി.പി.എം. നേതൃത്വം വിലയിരുത്തുന്നു.

യു.ഡി.എഫിൽ പരസ്യ പോര്

കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മുന്നണിക്കുള്ളിൽ നേർക്കുനേർ പോരാട്ടത്തിലാണ്. യു.ഡി.എഫിൽ കുട്ടനാട് സീറ്റിനെച്ചൊല്ലിയുള്ള തർക്കം പരസ്യമായ പോരിലേക്കു നീങ്ങിയിരിക്കുകയാണ്. പല നേതാക്കളും സാമൂഹികമാധ്യമങ്ങളിലടക്കം കുറിപ്പുകൾ പങ്കുവെച്ചത് വലിയ ചർച്ചയായിട്ടുണ്ട്.

ആലപ്പുഴ ജില്ലയിൽ പാർട്ടി മത്സരിക്കുന്ന ഏക സീറ്റായ കുട്ടനാട് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ റെജി ചെറിയാനെ സ്ഥാനാർഥിയായി അവർ അനൗദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. എൻ.സി.പി.യിൽനിന്നു രാജിവെച്ച റെജി ചെറിയാൻ കുട്ടനാടിനെ പ്രതിനിധീകരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം. റെജി ചെറിയാന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പേയ്‌മെന്റ് സീറ്റ് ആരോപണങ്ങളുയർന്നത് മുന്നണിബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. തുടർച്ചയായ പരാജയങ്ങൾ ഒഴിവാക്കാൻ ഇത്തവണ കോൺഗ്രസ് തന്നെ ഇവിടെ മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. ഐ.എൻ.എൽ. അടക്കമുള്ള പാർട്ടികൾ മുൻപ് മത്സരിച്ച മണ്ഡലത്തിൽ വിജയസാധ്യതയുള്ള സ്ഥാനാർഥിയെ നിർത്തിയാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് കോൺഗ്രസ് കരുതുന്നു.

Content Highlights: Kuttanad constituency candidate selection sparks major controversy in both LDF and UDF alliances.