ഭാര്യ എംഎൽഎ, ഭർത്താവ് എംപി, കേരളത്തിൽ ഇതാദ്യം; കോങ്ങാട്ടെ കോട്ട പിടിച്ച് തുളസി

പാലക്കാട്: ഇടതിനെ മാത്രം വരിച്ച ചരിത്രമുള്ള കോങ്ങാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ.എ. തുളസി വിജയിച്ചു. 3706 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിറ്റിങ് എംഎൽഎ കൂടിയായ സി.പി.എമ്മിന്റെ അഡ്വ. ശാന്തകുമാരിയെ ആണ് പരാജയപ്പെടുത്തിയത്. 2011ൽ കോങ്ങാട് മണ്ഡലം രൂപീകരിച്ചശേഷം ആദ്യമായാണ് യു.ഡി.എഫ് വിജയിക്കുന്നത്. എംപിയും കോൺഗ്രസ് നേതാവുമായ വികെ ശ്രീകണ്ഠന്റെ ഭാര്യ കൂടിയാണ് നെന്മാറ എൻ.എസ്.എസ്. കോളേജിലെ ചരിത്രവിഭാഗം മേധാവിയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.എ. തുളസി. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു തുളസി.
ഇക്കുറി കൊങ്ങാട്ട് 62734 വോട്ടുകളാണ് തുളസി നേടിയത്. 59028 വോട്ടുകൾ അഡ്വ.ശാന്തകുമാരി നേടി. ബിജെപി സ്ഥാനാർഥി ഡോ.രേണു സുരേഷ് ആണ് മൂന്നാം സ്ഥാനത്ത്. 2021ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി നേടിയതിനേക്കാൾ 22000ൽപ്പരം വോട്ടുകൾ പിടിക്കാൻ ഇക്കുറി യുഡിഎഫ് സ്ഥാനാർഥിക്ക് കഴിഞ്ഞിട്ടുണ്ട്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നേടിയാണ് കോങ്ങാട്ട് എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന കെ. ശാന്തകുമാരി വിജയിച്ചത്. ശാന്തകുമാരിക്ക് 67,881 യു.ഡി.എഫിന്റെ സ്ഥാനാർഥി യു.സി. രാമന് 40,662, എൻ.ഡി.എ. സ്ഥാനാർഥി എം. സുരേഷ്ബാബുവിന് 27,661 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. യു.ഡി.എഫിന് 2016-നെ അപേക്ഷിച്ച് 2021-ൽ വോട്ട് കുറഞ്ഞിരുന്നു.
Content Highlights: Thulasi Teacher (UDF) defeated sitting MLA Adv. Shanthakumari by 3,706 votes., First-ever UDF victory in the Kongad constituency since its formation in 2011., UDF secured 62,734 votes, showing a massive gain of over 22,000 votes compared to 2021., Dr. Renu Suresh (BJP) finished in third place.