വിഭാഗീയത പരിഹരിക്കാൻ പ്രാദേശിക മുഖം വേണമെന്ന് മുസ്‌ലിം ലീഗ്; കൊടുവള്ളിയിൽ സ്ഥാനാർഥി ചർച്ച സജീവം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളി മണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥി വേണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന് കത്ത് നൽകി.
മണ്ഡലത്തിന് പുറത്തുള്ള നേതാക്കളായ കെ.എം. ഷാജി, പി.കെ. ഫിറോസ് എന്നിവരിൽ ഒരാളെ കൊടുവള്ളി മണ്ഡലത്തിൽ പരിഗണിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് മണ്ഡലം കമ്മിറ്റി എതിർപ്പ് അറിയിച്ചത്. നിലവിലെ എംഎൽഎയായ എം.കെ. മുനീർ കോഴിക്കോട് സൗത്തിലേക്ക് മാറാൻ തീരുമാനിച്ചതോടെയാണ് കൊടുവള്ളിയിൽ ലീഗ് പുതിയ സ്ഥാനാർഥിയെ ഇറക്കുന്നത്.
കൊടുവള്ളിയിലെ തന്നെ നേതാക്കളെ പരിഗണിച്ചാൽ ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ. റസാഖ് മാസ്റ്റർ, ജില്ലാ സെക്രട്ടറി എ.പി. മജീദ് മാസ്റ്റർ, മണ്ഡലം പ്രസിഡൻ്റും മുൻ എംഎൽഎയുമായ വി.എം. ഉമ്മർ മാസ്റ്റർ എന്നിവരിലൊരാൾക്കായിരിക്കും നറുക്ക് വീഴുക. മുസ്ലീം ലീഗിന് വിഭാഗീയത പ്രശ്നങ്ങൾ ഉള്ള മണ്ഡലം കൂടിയാണ് കൊടുവള്ളി.
Content Highlights: Muslim League`s Koduvalli committee demands a local candidate for the upcoming assembly elections, opposing external leaders.