സീറ്റ് എണ്ണം പറയുന്നില്ല,ഭരണത്തുടർച്ച ഉറപ്പെന്ന് LDF; കൃത്യമായ വിശകലനം നടത്തി,100ന് മുകളിലെന്ന് UDF

#ന്യൂസ് ഡെസ്ക്
ടി.പി. രാമകൃഷ്ണൻ, വി.ഡി. സതീശൻ, രാജീവ് ചന്ദ്രശേഖർ | Photo: മാതൃഭൂമി
ടി.പി. രാമകൃഷ്ണൻ, വി.ഡി. സതീശൻ, രാജീവ് ചന്ദ്രശേഖർ | Photo: മാതൃഭൂമി

തിരുവനന്തപുരം: വോട്ടെടുപ്പിന് പിന്നാലെ പ്രാഥമിക വിശകലനം നടത്തി ആത്മവിശ്വാസം പ്രകടമാക്കി മുന്നണികൾ. ഭരണവിരുദ്ധ വികാരമില്ലെന്നും ഭരണത്തുടർച്ച ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. നൂറിലേറെ സീറ്റ് യുഡിഎഫ് നേടുമെന്ന് പറഞ്ഞത് കൃത്യമായ രാഷ്ട്രീയ വിശകലനത്തിന്റെ പശ്ചാത്തലത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മാറ്റം വേണമെന്ന കാര്യം ജനം ഏറ്റെടുത്തിട്ടുണ്ടെന്നും ജനങ്ങൾ പിന്തുണക്കുമെന്ന് വിശ്വാസമുണ്ടെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 

യുഡിഎഫ് തുടർച്ചയായി കളവ് പ്രചരിപ്പിച്ചുവെന്ന് ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണ വിരുദ്ധ വികാരം ഉണ്ടായില്ലെന്നും ജനക്ഷേമ പദ്ധതികൾ തുടരണം എന്ന നിലപാട് ആണ് ജനങ്ങൾ പൊതുവിൽ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനങ്ങളുടെ മുമ്പിൽ വ്യക്തമായ പരിപാടി അവതരിപ്പിച്ചു കൊണ്ടാണ് ഇടതു ജനാധിപത്യ മുന്നണി വോട്ടിനെ സമീപിച്ചത്. തിരഞ്ഞെടുപ്പിൽ ഒരുതരത്തിലുള്ള ഭരണവിരുദ്ധ വികാരവും ജനങ്ങളിൽ നിന്ന് ഉണ്ടായില്ല. ജനക്ഷേമ നടപടികളും ജനങ്ങൾക്ക് ഉപകാരപ്രദമായ പൊതുവികസനങ്ങളും തുടരണമെന്ന നിലപാടാണ് ജനം സ്വീകരിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണാനുഭവവും യുഡിഎഫിന്റെ ഭരണാനുഭവവും കേരള സമൂഹത്തിന്റെ മുമ്പിലുണ്ട്. തുടർച്ചയായ കളവ് പ്രചരിപ്പിക്കുക എന്ന രീതിയാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിൽ കാണിച്ച രീതി. അവര് പറഞ്ഞ ഓരോ വാക്കും മാധ്യമങ്ങൾ ഏറ്റെടുത്ത് അത്തരം നിലപാടുകൾക്ക് സ്ഥിരീകരണം ഉണ്ടാക്കാനാണ് ശ്രമിച്ചത്. സോഷ്യൽ മീഡിയയിൽ അങ്ങേയറ്റത്തെ ജനവിരുദ്ധ നിലപാടുകളുയർത്താനാണ് ശ്രമിച്ചത്. സ്ഥാനാർഥികളെ പോലും വ്യക്തിപരമായി ആക്ഷേപിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള സംഘടിതമായ ശ്രമം നടത്തുകയുണ്ടായി.

എനിക്കും ഒരുപാട് അനുഭവങ്ങളുണ്ടായി. ഞാൻ അതിന് മറുപടി പറഞ്ഞില്ല. പൊതുരാഷ്ട്രീയ നിലപാട് ഉയർത്താനാണ് ഞാൻ ശ്രമിച്ചത്. മണ്ഡലത്തിൽ വ്യാപകമായ വികസനപ്രവർത്തനങ്ങൾ നടന്നു എന്നത് യാഥാർത്ഥ്യമാണ്. അത് ആർക്ക് വേണമെങ്കിലും പരിശോധിച്ചാൽ ബോധ്യമാകും. 1950 കോടി രൂപയുടെ വികസനപ്രവർത്തനം പേരാമ്പ്ര മണ്ഡലത്തിൽ നടന്നിട്ടുണ്ട്. പേരാമ്പ്രയിൽ മാത്രമല്ല, കേരളത്തിലുടനീളം ഇതാണ് ഇതാണ് അനുഭവം'- ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

സീറ്റ് എത്രയെന്നു പറയുന്നില്ല. ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് പോകില്ല. ഗൾഫ് വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായി. അതാർക്ക് ഗുണമായി എന്ന് ഇപ്പോൾ പറയാനാകില്ല. എസ്ഡിപിഐയും ഇടതുമുന്നണിയും തിരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയിട്ടില്ല. മറ്റന്നാൾ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് ചെയ്യാൻ കഴിയാതിരുന്ന ഉദ്യോഗസ്ഥർക്ക് വീണ്ടും അവസരം നൽകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോളിങ് കുറഞ്ഞത് ഏതെങ്കിലും മുന്നണിക്ക് ഗുണകരമാകും എന്ന് വിലയിരുത്തുന്നത് പഴയരീതിയാണ്. വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. എന്നെ തീവ്രവാദിയാക്കാൻ വരെ ശ്രമം നടന്നു. തന്റെ ഭാഗത്തുനിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തമായ രാഷ്ട്രീയ വിശകലനത്തിന്റെ അടിത്തറയോടെയാണ് നൂറ് സീറ്റെന്ന പ്രവചനം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിലും പ്രവചനം നടത്തിയതും രാഷ്ട്രീയ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണെന്നും കൊട്ടക്കണക്ക് ഒരു തിരഞ്ഞെടുപ്പിലും പറഞ്ഞിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

'നൂറിലേറെ സീറ്റ് എന്ന് പറഞ്ഞത് രാഷ്ട്രീയമായ അടിത്തറയുടെ പശ്ചാത്തലത്തിലാണ്. പലർക്കും അത് മനസ്സിലായില്ല. നമ്മൾ വെറുതെ പൊട്ടക്കണക്ക് പറയുകയാണെന്ന രീതിയിലാണ്. 2001ൽ യുഡിഎഫിന് നൂറ് സീറ്റ് ലഭിച്ചതാണ്. 2005 മുതൽ ഒരുപാട് വിഭാഗങ്ങൾ യുഡിഎഫിനെ വിട്ടുപോയിട്ടുണ്ട്. അവരെയെല്ലാം തിരിച്ചു കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചു. 95 ശതമാനം പേരെ തിരിച്ചു കൊണ്ടുവന്ന നിശബ്ദമായ  പൊളിറ്റിക്കൽ വർക്ക് ഞങ്ങൾ നടത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും ഉണ്ടായ അത്യപൂർവ്വമായ വിജയം, ഒരു കാലഘട്ടത്തും ഉണ്ടാകാത്ത വിജയം, ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഒരു പ്രതിപക്ഷത്തിനും കഴിയാത്ത വിജയമാണ് അത്. ചിട്ടയായ പ്രവർത്തനത്തിന്റെ രീതി, പ്രൊഫഷണലായി വർക്ക് ചെയ്യുന്ന രീതി, ഏത് കേഡർ പാർട്ടിയെ പോലും തോൽപ്പിക്കാൻ കഴിയാവുന്ന തരത്തിലുള്ള സംഘടനാ മികവും തിരഞ്ഞെടുപ്പ് പ്രവർത്തനവും യുഡിഎഫിന് ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് അവയെല്ലാം. അതിന് തുടർച്ചയായിട്ടാണ് ഞാൻ കാണുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് പറയുന്ന രീതിയല്ല. അങ്ങനെ പറയുന്ന ഒരാളല്ല ഞാൻ. അങ്ങനെ പറഞ്ഞാൽ വിശ്വാസ്യത പോകും. ഇതിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. എല്ലാ തിരഞ്ഞെടുപ്പിലും പ്രവചനം നടത്തിയത് അതിന്റെ അടിസ്ഥാനത്തിന്റെ പേരിലാണ്. കൊട്ടക്കണക്ക് ഒരു തിരഞ്ഞെടുപ്പിലും പറഞ്ഞിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പിൽ നാല് കോർപ്പറേഷൻ കിട്ടുമെന്ന് പറഞ്ഞപ്പോൾ കളിയാക്കുകയായിരുന്നു. നാല് കോർപ്പറേഷനോ എന്ന് ചോദിച്ച്. എന്നാൽ അത് കിട്ടി. രാഷ്ട്രീയ വിശകലനമാണ് കണക്കിന്റെ അടിത്തറ- വി.ഡി. സതീശൻ പറഞ്ഞു.

ഭരണത്തിൽ മാത്രമല്ല, ഭരണശൈലിയിലും രാഷ്ട്രീയ സംസ്കാരത്തിലും മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഒരു നിർണായക തിരഞ്ഞെടുപ്പാണെന്നും വോട്ടിങ് ശതമാനം വർധിച്ചതിന്റെ എഫക്ട് റിസൾട്ട് വരുമ്പോൾ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നാലാഴ്ച ആയി നന്നായി ചെയ്തു. സഖാവുമാർക്ക് ഇഷ്ടമായില്ലെങ്കിൽ എനിക്ക് ഒന്നും പറയാനില്ല. അവർക്ക് സന്തോഷം ഇല്ലെങ്കിൽ എനിക്ക് അഭിപ്രായമില്ല. വ്യക്തിപരമായി ആരേയും ആക്രമിക്കാതെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വികസിത കേരളം വികസിത നേമം എന്ന കാഴ്ചപ്പാട് പോസിറ്റീവായി മുമ്പോട്ട് വെച്ചു. ജനങ്ങൾ പിന്തുണക്കുമെന്ന് വിശ്വാസമുണ്ട്. വിവാദങ്ങളെല്ലാം, 70 കൊല്ലമായി ചെയ്യുന്ന വിവാദമാണ്, ഇനിയും ചെയ്യട്ടെ.

മാറ്റം വേണമെന്ന് ജനം ഏറ്റെടുത്തിരിക്കുന്നു. ഭരണത്തിൽ മാത്രമല്ല, ഭരണശൈലിയിലും രാഷ്ട്രീയ സംസ്കാരത്തിലും മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. വികസിത കേരളം, അഴിമതി രഹിത ഭരണത്തിന്റെ മാറ്റം, അവസരങ്ങളിലുള്ള മാറ്റം... അതാണ് ഞാൻ കാണുന്നത്. ഞാൻ ഒരു രാഷ്ട്രീയ വിദ്വാനല്ല. രാഷ്ട്രീയ വിദ്വാനായി നാടകം കളിക്കുന്ന കുറേപേർ ഇവിടെ ഉണ്ട്. അവരെ വിടൂ. ഞാൻ സാമാന്യ ബുദ്ധിയോടെ പറയുകയാണ്. ഈ തിരഞ്ഞെടുപ്പ് ഒരു നിർണായക തിരഞ്ഞെടുപ്പാണ്. വോട്ടിങ് ശതമാനം വർധിച്ചതിന്റെ എഫക്ട് റിസൾട്ട് വരുമ്പോൾ കാണാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നേമത്ത് ഉച്ചയ്ക്ക് ശേഷം യുഡിഎഫ് ഏജന്റുമാരില്ലായിരുന്നു, അത് ക്രോസ് വോട്ടിങ്ങിന് വേണ്ടിയാണ് എന്ന ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. 'ഇവിഎം, ക്രോസ് വോട്ടിങ്ങ് എന്നെല്ലാം പറയട്ടെ. അവരുടെ വിശദീകരണം തുടങ്ങട്ടെ. പൂട്ടും താക്കോലും എന്റെ കൈയിലുണ്ട് എന്ന് പറഞ്ഞ വ്യക്തിയാണ് ഇതൊക്കെ പറയുന്നത്. ഞങ്ങൾ ആദ്യം മുതലേ പറയുന്നുണ്ട്, പൂട്ടും താക്കോലും തീരുമാനവുമെല്ലാം ജനങ്ങളുടെ കൈയിലാണ്. അത് മേയ് നാലിന് അറിയാം. അത് കേക്കുക, സഹിക്കുക, മുമ്പോട്ട് പോകുക- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Content Highlights: LDF maintains confidence in governance continuity and welfare programs., UDF asserts a win based on political analysis and organizational strength., NDA emphasizes the public desire for administrative and cultural change., All three fronts await the official results to validate their electoral strategies.