’ഡീൽ’ പോരിൽ മുന്നണികൾ; ശക്തികേന്ദ്രങ്ങൾ BJP ഘടകകക്ഷികൾക്ക് നൽകിയത് ഇടതിനെ സഹായിക്കാനെന്ന് യുഡിഎഫ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ പിരിമുറുക്കം കൂടിയതോടെ അടിയൊഴുക്കിന്റെ ‘ഡീൽ’ അന്വേഷിക്കുന്ന തിരക്കിലാണ് മുന്നണികൾ. ഇതിന്റെ ആദ്യ വെടിപൊട്ടിച്ചത് പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ്. പാലക്കാട് യു.ഡി.എഫിന്റെ വോട്ടുഭിന്നിപ്പിക്കാനുള്ള സ്ഥാനാർഥിയെ എൽ.ഡി.എഫ്. നിർത്തിയത് ബി.ജെ.പി.യെ സഹായിക്കാനാണെന്നാണ് സതീശന്റെ ആരോപണം. ഇതിന്റെ പ്രത്യുപകാരം പത്തുമണ്ഡലങ്ങളിലെങ്കിലും എൽ.ഡി.എഫിന് ബി.ജെ.പി.യിൽനിന്ന് ലഭിക്കുമെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരേ നിശിതവിമർശനവുമായി ബി.ജെ.പി.യും സി.പി.എമ്മും രംഗത്തുവന്നു.
ഡീൽ ആരോപണം ഉയർത്തുന്നതുപോലും ഒരു ഡീൽ ആണെന്ന് മുഖ്യമന്ത്രിതന്നെ തുറന്നടിച്ചു. കോ.ലീ.ബി. സഖ്യത്തിന്റെ പേരിൽ യു.ഡി.എഫിനെ കാലങ്ങളായി കടന്നാക്രമിക്കുന്ന എൽ.ഡി.എഫിനെതിരേ അതേനാണയത്തിലുള്ള തിരിച്ചടിക്കാണ് കോൺഗ്രസ് ഒരുങ്ങുന്നതെന്ന് രാഹുൽഗാന്ധിതന്നെ ബോധ്യപ്പെടുത്തിയതാണ്. അതിന്റെ തുടർച്ചയാണ് സതീശന്റെ ‘ഡീൽ’ ആരോപണം.
ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങൾ ഘടകകക്ഷികൾക്ക് നൽകിയതാണ് യുഡിഎഫ് ‘ഡീൽ’ സംശയിക്കാൻ കാരണം. റാന്നി, കോന്നി, തൃപ്പുണിത്തുറ, കൊടുങ്ങല്ലൂർ, കുന്നംകുളം, കളമശ്ശേരി, ഏറ്റുമാനൂർ, പത്തനാപുരം, തൊടുപുഴ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി.ക്ക് സാമാന്യം വോട്ടുള്ള മണ്ഡലങ്ങളാണ്. ഇവിടെയെല്ലാം ഘടകക്ഷികളാണ് മത്സരിക്കുന്നത്. ഈ മണ്ഡലങ്ങളാകട്ടെ പിടിച്ചുനിർത്താനും പിടിച്ചെടുക്കാനും ഇരുമുന്നണികളും പരിശ്രമിക്കുന്നവയുമാണ്. ബി.ജെ.പി. ഭരിക്കുന്ന നഗരസഭ ഉൾപ്പെടുന്ന തൃപ്പുണ്ണിത്തുറ മണ്ഡലം ഘടകകക്ഷിയായ ട്വന്റി 20ക്ക് കൈമാറിയതാണ് യു.ഡി.എഫിനെ ഞെട്ടിച്ചത്. തദ്ദേശവോട്ടുകണക്കിൽ എൽ.ഡി.എഫിനാണ് ലീഡ്. ഇതേ സംശയമാണ് പാലക്കാട് മണ്ഡലത്തിലും യു.ഡി.എഫിനുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എൽ.ഡി.എഫ്. രണ്ടാംസ്ഥാനത്താണ്. ബി.ജെ.പി. മൂന്നാംസ്ഥാനത്തും. ആറായിരം വോട്ടിന്റെ മാറ്റമാണ് ഒന്നാംസ്ഥാനത്തുള്ള യു.ഡി.എഫുമായി എൽ.ഡി.എഫിനുള്ളത്. അത്രയും വോട്ടിന്റെ വ്യത്യാസമേ ബി.ജെ.പി.യുമായും എൽ.ഡി.എഫിനുള്ളൂ. മുസ്ലിം സ്വാധീന മേഖലകളിൽ എൽ.ഡി.എഫിന് അനുകൂല വോട്ടുകൾ കൂടുതലായി ലഭിച്ചുവെന്നാണ് സി.പി.എം. കണക്കാക്കുന്നത്. മുസ്ലിം വിഭാഗത്തിൽനിന്ന് ഒരു സ്വതന്ത്രനെ പരീക്ഷിച്ചാൽ അത് നേട്ടമാകുമെന്ന് കണക്കുകൂട്ടിയത് ഇതുകൊണ്ടാണെന്നാണ് എൽ.ഡി.എഫിന്റെ വാദം. എന്തായാലും, തിരഞ്ഞെടുപ്പ് അടുക്കുംതോറും ‘ഡീൽ’ ചർച്ചകൾ കനംവെക്കുമെന്നത് ഉറപ്പാണ്.
കണക്കുകൂട്ടി മുന്നണികൾ
തദ്ദേശ തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയസ്ഥിതി വിലയിരുത്തി, മൂന്നാംഭരണത്തിലേക്ക് കയറണമെങ്കിൽ സി.പി.എം. ചില കണക്കുകൂട്ടലിലേക്ക് എത്തിയിട്ടുണ്ട്. 57 മണ്ഡലങ്ങൾ ഇടതുമുന്നണിക്കൊപ്പമുണ്ട്. ഭരണത്തിലെത്തണമെങ്കിൽ 14 സീറ്റുകൂടി അധികം വേണം. ഇതിനായി, യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാൻ കഴിയുന്ന 40 മണ്ഡലങ്ങൾ നിശ്ചയിക്കുകയാണ് ആദ്യം ചെയ്തത്. 10,000 വോട്ടുവരെ യു.ഡി.എഫ്. ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണിത്.
യു.ഡി.എഫിനും സമാനമായ ചില കണക്കുകൂട്ടലുകളുണ്ട്. തദ്ദേശവോട്ടുകണക്കിൽ 81 മണ്ഡലങ്ങളാണ് യു.ഡി.എഫിനുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്കിൽ 10,000 താഴെ എൽ.ഡി.എഫ്. ഭൂരിപക്ഷം നേടിയ ചില മണ്ഡലങ്ങൾകൂടി പിടിച്ചെടുക്കാനാകും. അത്തരത്തിൽ 30 മണ്ഡലങ്ങൾ അവരും കണക്കുകൂട്ടി ഒരുക്കിവെച്ചിട്ടുണ്ട്.
എന്നാൽ, ബി.ജെ.പി. പിടിക്കുന്ന വോട്ടുകൾ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കണക്കുകൂട്ടലുകൾ തെറ്റിക്കും. ആറുസീറ്റെങ്കിലും വിജയിക്കുമെന്നാണ് ബി.ജെ.പി. കണക്കാക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പിന്റെ കണക്ക് ആ പ്രതീക്ഷ ബി.ജെ.പി.ക്ക് നൽകുന്നുണ്ട്.
Content Highlights: Analysis of vote-splitting allegations between LDF, UDF, and BJP., Examination of seat-sharing strategies in key constituencies., Breakdown of electoral math required for major fronts to secure power., Contextualizing the 'CJP' (Communist Janata Party) narrative.