രണ്ടു കക്ഷികൾകൂടി എത്തി, നിയമസഭാ തിരഞ്ഞെടുപ്പിന് എൻ.ഡി.എ. ഒരുങ്ങുന്നു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി താഴെത്തട്ടിൽ ചെയ്യേണ്ട കാര്യങ്ങൾക്ക് രൂപംനൽകി എൻ.ഡി.എ. ട്വന്റി 20-ക്കുപിന്നാലെ രണ്ടു കക്ഷികളെക്കൂടിച്ചേർത്ത് എൻ.ഡി.എ. വിപുലീകരിച്ചു. മുൻ എം.പി.യും എം.എൽ.എ.യുമായിരുന്ന ജോർജ് ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള നാഷണൽ ഫാർമേഴ്സ് പാർട്ടിയും സി.കെ. ജാനുവിന്റെ പാർട്ടിയിൽനിന്ന് വേറിട്ടുപോന്ന കുമാരദാസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭയുമാണ് പുതുതായെത്തിയത്.
ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ഒന്നാം ഘട്ടം പൂർത്തിയാക്കി. ഈ ആഴ്ചതന്നെ സീറ്റുകളുടെ കാര്യത്തിൽ ധാരണയിലെത്തും. മുന്നണിയുടെ സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് 20-ന് തിരുവനന്തപുരത്ത് തുറക്കും. നിയോജകമണ്ഡലം കമ്മിറ്റി ഓഫീസുകളും അതോടൊപ്പം പ്രവർത്തനമാരംഭിക്കും. ബൂത്ത്, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും 22-നുള്ളിൽ രൂപവത്കരിക്കും.
ബി.ജെ.പി.യുടെ നിലവിലുള്ള കമ്മിറ്റികൾ എൻ.ഡി.എ. കമ്മിറ്റികളായിമാറും. ചുവരെഴുത്തുകൾ ഈ ആഴ്ചതന്നെ തുടങ്ങും. 22-ന് മൻകിബാത്ത് പരിപാടി എൻ.ഡി.എ.യുടെ നേതൃത്വത്തിൽ എല്ലാ ബൂത്തുകളിലും കുടുംബസംഗമമായി സംഘടിപ്പിക്കും. എൻ.ഡി.എ. പ്രകടനപത്രിക തയ്യാറാക്കുന്നതിനായി ജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിച്ചത് മുന്നണി കോർ-കമ്മിറ്റി ചർച്ചചെയ്ത് അന്തിമരൂപത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Content Highlights: NDA in Kerala expands with new allies ahead of assembly elections. Seat sharing talks underway