മാരാരിക്കുളത്ത് തോറ്റ VS, കുഞ്ഞാപ്പയെ തോൽപിച്ച ജലീൽ, ‘മാടമ്പി’യെ വീഴ്ത്തിയ മാടപ്രാവും- വൻ അട്ടിമറികൾ

#റിസര്‍ച്ച് ഡെസ്‌ക്
വി.എസ്. അച്യുതാനന്ദൻ, കെ.ടി. ജലീൽ, പി.കെ. കുഞ്ഞാലിക്കുട്ടി, അയിഷാ പോറ്റി | Photo: Mathrubhumi
വി.എസ്. അച്യുതാനന്ദൻ, കെ.ടി. ജലീൽ, പി.കെ. കുഞ്ഞാലിക്കുട്ടി, അയിഷാ പോറ്റി | Photo: Mathrubhumi

കേരളം തിരഞ്ഞെടുപ്പുചൂടിലേക്ക് കടന്നുകഴിഞ്ഞു. സംസ്ഥാനത്തിന്റെ നിയമസഭാപോരാട്ടചരിത്രം പരിശോധിക്കുമ്പോൾ, അതിൽ ചില അട്ടിമറി വിജയങ്ങൾ കാണാൻ കഴിയും. തലപ്പൊക്കമുള്ള കരുത്തന്മാരെ കടപുഴക്കിയ ചില കന്നിയങ്കക്കാരുടെയും കോട്ടയിൽ കാലിടറിവീണ ചാണക്യന്മാരുടെയും കൂടിയാണ് ആ പോരാട്ടത്തിന്റെ ചിത്രം. അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ, ഉൾപ്പാർട്ടിസംഘർഷങ്ങൾ അങ്ങനെ പലതുണ്ട്, ഇത്തരം പരാജയങ്ങൾക്കും വിജയങ്ങൾക്കും പിന്നിലെ കാരണങ്ങൾ. അത്തരത്തിലുള്ള ചില വൻവീഴ്ചകളും വീഴ്ത്തലുകളും നോക്കാം.

മാരാരിക്കുളത്തെ വി.എസ്. അച്യുതാനന്ദന്റെ തോൽവി

1996-ൽ മാരാരിക്കുളം മണ്ഡലത്തിൽനിന്നുള്ള വി.എസ്. അച്യുതാനന്ദന്റെ തോൽവി, വി.എസിനെയും അണികളെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു. 1965-ൽ അമ്പലപ്പുഴയിൽനിന്ന് നിയമസഭാ പോരാട്ടത്തിനിറങ്ങിയ വിഎസിന് പക്ഷേ കന്നിയങ്കത്തിൽ തോൽവി രുചിക്കേണ്ടിവന്നു. 67,70 വർഷങ്ങളിൽ ഇതേ മണ്ഡലത്തിൽനിന്ന് മത്സരിച്ച് ജയിച്ചെങ്കിലും 77-ൽ വീണ്ടും പരാജയപ്പെട്ടു. 1991-ൽ മാരാരിക്കുളത്തുനിന്ന് ജയിച്ച വി.എസ്. പക്ഷേ 96-ൽ അതേമണ്ഡലത്തിൽ തോറ്റു. വി.എസിനെ വീഴ്ത്തിയത് കോൺഗ്രസിന്റെ പി.ജെ. ഫ്രാൻസിസ് ആയിരുന്നു. അന്ന് പീറ്റർ മാർക്കോസ് ആയിരുന്നു ബിജെപി സ്ഥാനാർഥി.

കണക്കുകൾ ഇങ്ങനെ

  • പി.ജെ. ഫ്രാൻസിസ്- 68302
  • വി.എസ്. അച്യുതാനന്ദൻ- 66337
  • ഭൂരിപക്ഷം- 1965

മാരാരിക്കുളത്ത് താൻ തോറ്റതല്ലെന്നും തോൽപിച്ചതാണെന്നും പാർട്ടിയിലെ സിഐടിയു വിഭാഗത്തിന് അതിൽ പങ്കുണ്ടെന്നുമൊക്കെ വി.എസ്. ആരോപിച്ചു. പിന്നാലെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ നിയോഗിച്ചു. പ്രമുഖ നേതാവായിരുന്ന ടി.കെ. പളനി ഉൾപ്പെടെയുള്ളവർക്കെതിരേ നടപടിയെടുക്കുന്നതിലേക്ക് ഇത് നയിച്ചു. പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നു അന്ന് വി.എസ്. അതായിരുന്നു ആ തോൽവിയുടെ ഏറ്റവും വലിയ പ്രാധാന്യവും.

അന്നത്തെ തോൽവിയെകുറിച്ച് വി.എസിന്റെ ഭാര്യ വസുമതി പിന്നീട് മാതൃഭൂമിക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ- ‘അപ്രതീക്ഷിത തോൽവിയറിഞ്ഞ് എല്ലാവരും ഞെട്ടി. അന്ന് വി.എസിനെ തോൽപ്പിച്ച എതിരാളിപോലും എന്തുചെയ്യണം എന്നറിയാതെ ഇരിക്കുകയാണ്. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ സ്ഥാനാർഥിയുടെ ഒപ്പും ഇട്ടിട്ട് അദ്ദേഹം കൂളായി വീട്ടിൽ വന്നു. ഞങ്ങളെല്ലാം അന്തംവിട്ടിരിക്കുന്നു. തലേന്ന് രാത്രി അദ്ദേഹം ഉറങ്ങിയിരുന്നില്ല. അതുകൊണ്ട് വന്നയുടൻ കിടന്നു. ഒരു മണിക്കൂറോളം ഉറങ്ങി. പത്രക്കാർ വന്നപ്പോൾ സംസാരിച്ചു. പിന്നെ കാറിൽക്കയറി കമ്മിറ്റിക്ക് തിരുവനന്തപുരത്തേക്ക് പോയി’.

കുറ്റിപ്പുറം മണ്ഡലത്തിലെ കുഞ്ഞാലിക്കുട്ടിയുടെ വീഴ്ച

അണികളുടെ കുഞ്ഞാപ്പ, സംസ്ഥാനരാഷ്ട്രീയത്തിലെ പ്രമുഖൻ. പി.കെ. കുഞ്ഞാലിക്കുട്ടി എന്ന കരുത്തന് 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാലിടറിയത് ഇടതുസ്വതന്ത്രനായ കെ.ടി. ജലീലിനോട് ആയിരുന്നു. 2005-ലെ ഐസ്‌ക്രീം പെൺവാണിഭക്കേസുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തെ തുടർന്ന് ഉമ്മൻചാണ്ടി മന്ത്രിസഭയിൽനിന്ന് അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നിരുന്നു. പിന്നാലെ തൊട്ടടുത്ത കൊല്ലം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് പരാജയം രുചിച്ചു. 

കുഞ്ഞാലിക്കുട്ടിയെ വീഴ്ത്താൻ ലീഗിൽ നിന്ന് ജലീലിനെ അടർത്തിയെടുത്താണ് സിപിഎം എതിരെ നിർത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സംഭവം ആ തോൽവിയായിരുന്നു കുറ്റിപ്പുറത്തേത് ജലീലിന്റെ കന്നിയങ്കമായിരുന്നു. ജലീൽ നേടിയത് 64075 വോട്ട്. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്- 55358 വോട്ട്. 1982-ലും 87-ലും മലപ്പുറം നിയമസഭാ മണ്ഡലത്തിൽനിന്ന് ജയിച്ച കുഞ്ഞാലിക്കുട്ടി മൂന്നാമത്തെ അങ്കത്തിൽ ജലീലിനോട് 8,717 വോട്ടുകൾക്ക് പരാജയപ്പെട്ടു.

കൊട്ടാരക്കരയിൽ ആർ. ബാലകൃഷ്ണപിള്ളയ്ക്ക് അടിതെറ്റിയപ്പോൾ

1977 മുതൽ 2006 വരെ കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചത് ആർ. ബാലകൃഷ്ണപിള്ള എന്ന കേരളാകോൺഗ്രസ് അതികായനായിരുന്നു. എന്നാൽ 2006-ലെ നിയമസഭാപോരാട്ടത്തിൽ കഥമാറി. സിപിഎമ്മിന്റെ പി. അയിഷാ പോറ്റി എന്ന കന്നിയങ്കക്കാരി, മുപ്പതുകൊല്ലത്തോളം നീണ്ട ബാലകൃഷ്ണപിള്ളയുടെ കൊട്ടാരക്കരയിലെ ജൈത്രയാത്രയ്ക്ക് ഫുൾസ്റ്റോപ്പ് ഇട്ടു. അന്ന് ‘മാടമ്പിയെ തോൽപിച്ച മാടപ്രാവ്’ എന്നായിരുന്നു സിപിഎം, അയിഷയെ വിശേഷിപ്പിച്ചത്. പിന്നീട് 2011, 16 വർഷങ്ങളിൽ കൂടി കൊട്ടാരക്കരയെ പ്രതിനിധീകരിച്ച അയിഷ, 2026-ൽ കോൺഗ്രസിൽ ചേർന്നുവെന്നത് മറ്റൊരു കൗതുകം.

2006 നിയമസഭാപോരാട്ടത്തിന്റെ കണക്ക് ഇങ്ങനെ

  • പി. അയിഷാ പോറ്റി- 51880
  • ആർ. ബാലകൃഷ്ണപിള്ള- 39987
  • ഭൂരിപക്ഷം- 11,893.

മന്ത്രിയായിരിക്കെ തോറ്റ മുരളീധരനും എം.വി. ജയരാജനെ തോൽപിച്ച എ.പി. അബ്ദുള്ളക്കുട്ടിയും

ഇനി രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ കാര്യമാണ്. ആദ്യത്തേത് വടക്കാഞ്ചേരി. വർഷം, 2004. കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് എ.കെ. ആന്റണിമന്ത്രിസഭയിലെ വൈദ്യുതവകുപ്പുമന്ത്രിയായി കെ. മുരളീധരൻ എത്തുന്നു. ചുമതലയേൽക്കുന്ന സമയത്ത് എംഎൽഎ അല്ലാതിരുന്നതിനാൽ ആറുമാസത്തിനകം അദ്ദേഹത്തിന് നിയമസഭാ സാമാജികത്വം നേടേണ്ടിയിരുന്നു.

കെ. കരുണാകരന്റെ വിശ്വസ്തനും വടക്കാഞ്ചേരി എംഎൽഎയുമായ വി. ബാലറാം രാജിവെച്ച് മുരളീധരന് മത്സരിക്കാൻ അരങ്ങൊരുക്കി. എ.സി. മൊയ്തീൻ ആയിരുന്നു സിപിഎം സ്ഥാനാർഥി. ശോഭാ സുരേന്ദ്രൻ ബിജെപിക്കുവേണ്ടിയും കളത്തിലിറങ്ങി. മത്സരം പൊടിപാറി. മൊയ്തീൻ, 3,715 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുരളീധരനെ വീഴ്ത്തി. അതോടെ മന്ത്രിസ്ഥാനം മുരളീധരന് രാജിവെക്കേണ്ടിവരികയും ചെയ്തു. സംസ്ഥാനചരിത്രത്തിൽ തന്നെ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏകമന്ത്രിയെന്ന നാണക്കേടും മുരളീധരന് വഹിക്കേണ്ടിവന്നു.

വോട്ട് കണക്ക് ഇങ്ങനെ

  • എ.സി. മൊയ്തീൻ- 56731
  • കെ. മുരളീധരൻ-53016
  • ശോഭാ സുരേന്ദ്രൻ- 10643

2001-ൽ ബാലറാം തിരഞ്ഞെടുക്കപ്പെട്ടപ്പോഴത്തെ വോട്ട് നില ഇങ്ങനെ ആയിരുന്നു

  • വി. ബാലറാം- 59415
  • എം.പി. പോളി- 50384
  • ഭൂരിപക്ഷം-9,031

2009-ൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരിച്ച എ.പി. അബ്ദുള്ളക്കുട്ടിയായിരുന്നു വിജയിച്ചത്. എംഎൽഎ ആയിരുന്ന കെ. സുധാകരൻ ലോക്‌സഭാംഗമായതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് സംജാതമായത്. മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ അട്ടിമറിച്ച് പാർലമെന്റിലെത്തിയ ചരിത്രമുള്ള, ഒരുകാലത്ത് സിപിഎമ്മിന്റെ കരുത്തനായ നേതാവായിരുന്നു അബ്ദുള്ളക്കുട്ടി. എന്നാൽ പിൽക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ വികസനമാതൃകകളെ പുകഴ്ത്തിയ അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. സിറ്റിങ് എംപിയായിരിക്കേ അബ്ദുള്ളക്കുട്ടിയെ സിപിഎം ആദ്യം സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തു. 2009-ലായിരുന്നു ഇത്. സിപിഎം പുറത്താക്കിയതിന് പിന്നാലെ കോൺഗ്രസിൽ ചേർന്ന അദ്ദേഹം, കണ്ണൂർ നിയോകമണ്ഡലത്തിൽനിന്ന് ജനവിധി തേടി. കണ്ണൂരിലെ സിപിഎം കരുത്തരിലൊരാളായ എം.വി. ജയരാജനായിരുന്നു അന്ന് എതിരാളി. പൊടിപാറിയ മത്സരത്തിൽ ജയരാജനെ അബ്ദുള്ളക്കുട്ടി പരാജയപ്പെടുത്തി.

വോട്ട് കണക്ക് ഇങ്ങനെ

  • എ.പി. അബ്ദുള്ളക്കുട്ടി- 53987
  • എം.വി. ജയരാജൻ-41944
  • ഭൂരിപക്ഷം- 12,043

Content Highlights: Highlights major political upsets in Kerala's assembly election history., Details the defeats of prominent leaders like V.S. Achuthanandan, P.K. Kunhalikutty, and R. Balakrishna Pillai., Analyzes the context and reasons behind these unexpected election results., Includes specific constituency details and vote margins for each historic upset.