കേരള കോൺഗ്രസിന്റെ സീറ്റ് വച്ചുമാറ്റമോ വിട്ടുനൽകലോ ഇല്ല- പി. ജെ. ജോസഫ്

കോതമംഗലം: കേരള കോൺഗ്രസിന്റെ സീറ്റുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് പി.ജെ. ജോസഫ്. സീറ്റ് വച്ചുമാറ്റമോ വിട്ടുനൽകലോ സംബന്ധിച്ച് ആലോചനകളില്ലെന്നും സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാധ്യതയ്ക്കായിരിക്കും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
സീറ്റുകൾ വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു ചർച്ചയ്ക്ക് നിലവിൽ സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സംസാരിച്ചിട്ടില്ല. ഇനി കോൺഗ്രസുമായി ചർച്ച നടക്കുമ്പോഴും വിജയസാധ്യത തന്നെയായിരിക്കും പ്രധാന മാനദണ്ഡം' ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കോതമംഗലം സീറ്റിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി കേരള കോൺഗ്രസ് രംഗത്തെത്തിയത്. കോതമംഗലം സീറ്റ് കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 'സേവ് കോൺഗ്രസ്' എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപുറമെ, കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗവും സീറ്റിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
2006-ൽ എൽ.ഡി.എഫിനൊപ്പമായിരുന്നപ്പോഴാണ് ജോസഫ് ഗ്രൂപ്പ് പ്രതിനിധിയായി ടി. യു. കുരുവിള കോതമംഗലത്ത് മത്സരിച്ച് വിജയിച്ചത്. പിന്നീട് 2011-ൽ യു.ഡി.എഫിലേക്ക് മടങ്ങിയെത്തിയപ്പോൾ സിറ്റിംഗ് സീറ്റ് എന്ന നിലയിൽ ജോസഫ് ഗ്രൂപ്പിന് ഇത് വിട്ടുനൽകുകയായിരുന്നു. എന്നാൽ 2016-ൽ എൽ.ഡി.എഫിലെ ആന്റണി ജോൺ ടി. യു. കുരുവിളയെ പരാജയപ്പെടുത്തി സീറ്റ് തിരിച്ചുപിടിച്ചു. 2021-ൽ ആന്റണി ജോണും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഷിബു തെക്കുംപുറവും തമ്മിലായിരുന്നു മത്സരം. ഷിബു തെക്കുംപുറം പരാജയപ്പെട്ടെങ്കിലും, തുടർച്ചയായി മത്സരിച്ചതിലൂടെ കോതമംഗലം സീറ്റ് യുഡിഎഫിൽ കേരള കോൺഗ്രസ് ഉറപ്പിക്കുകയായിരുന്നു.
Content Highlights: P.J. Joseph states no discussions with Congress on seat sharing or exchanges