മൂന്നാമതായ മലമ്പുഴയിൽ പരീക്ഷണത്തിനോ UDF; പെട്ടെന്ന് തീരുമാനിക്കേണ്ട കാര്യമല്ലല്ലോ ഇതെന്ന് സുരേഷ്

#സ്വന്തം ലേഖിക
എ.സുരേഷ്, വിഎസ് അച്യുതാനന്ദനൊപ്പം സുരേഷ് | Photo: Mathrubhumi
എ.സുരേഷ്, വിഎസ് അച്യുതാനന്ദനൊപ്പം സുരേഷ് | Photo: Mathrubhumi

ന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ തട്ടകമായ മലമ്പുഴയിൽ അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരിക്കെ പിന്നീട് സിപിഎം പുറത്താക്കുകയും ചെയ്ത എ. സുരേഷിനെ സ്ഥാനാർഥിയാക്കാൻ യുഡിഎഫ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാക്കൾ സംസാരിച്ചെന്ന് സ്ഥിരീകരിച്ച സുരേഷ് പക്ഷേ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് പ്രതികരിച്ചത്. തനിക്ക് തന്റേതായ നിലപാടുകളുണ്ടെന്നും പെട്ടെന്ന് തീരുമാനമെടുക്കേണ്ട കാര്യങ്ങളല്ലല്ലോ ഇതൊന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാക്കൾ വിളിക്കുകയും മലമ്പുഴയിലെ സ്ഥാനാർഥിത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നെന്ന് സുരേഷ് മാതൃഭൂമി ഡോട്ട് കോമിനോടു പറഞ്ഞു. മത്സരിക്കുന്ന കാര്യത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ല. മറുപടി പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് കോൺഗ്രസ് നേതൃത്വത്തിൽനിന്ന് അങ്ങനെയൊരു വിളി വന്നത് എന്ന ചോദ്യത്തിന്- അറിയില്ല, ഇടതുപക്ഷ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളുകളെ അവർ സമീപിക്കുന്നുണ്ട്. അതിന്റെ കൂടെ തന്നോടും സംസാരിച്ചു എന്നാണ് പറഞ്ഞത് എന്നായിരുന്നു സുരേഷിന്റെ മറുപടി. അസംതൃപ്തരായ ആളുകളോട് സംസാരിക്കുന്നു. കൂട്ടത്തിൽ സുരേഷിനോട് സംസാരിച്ചു എന്ന നിലയ്ക്കാണ് പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മലമ്പുഴയിൽ സ്ഥാനാർഥിയാകാൻ സാധ്യതയെന്ന വാർത്തകൾ പുറത്തെത്തിയതിന് പിന്നാലെ പാർട്ടിയുടെ താഴേത്തട്ടിലുള്ള സഖാക്കൾ വിളിച്ചിരുന്നെന്നും സുരേഷ് പറഞ്ഞു. എന്താണ് വസ്തുത എന്നറിയാനാണ് അവർ വിളിച്ചത്. സിപിഎം നേതൃത്വത്തിൽനിന്ന് ആരും വിളിച്ചില്ല. തീരുമാനത്തിലെത്തിയിട്ടില്ല എന്നാണ് വിളിച്ച സഖാക്കളോടും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർഭരണം പോലുള്ള വലിയ കാര്യങ്ങളെ കുറിച്ച് പറയാൻ അത്ര വലിയ ആളല്ല താൻ. പക്ഷേ ഒരു കാര്യം ഉറപ്പാണ്. പാർട്ടി ഉൾപ്പെടെ ഇടതുപക്ഷ മൂല്യങ്ങൾ ഇവിടെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളുടെ കൂട്ടത്തിലാണ് താൻ. സ്വാഭാവികമായും ഭരണത്തിന്റെ തുടർച്ചയുണ്ടാകുമ്പോൾ അതിൽ ചില അപചയങ്ങൾ സംഭവിച്ചതായി പാർട്ടി തന്നെ വിലയിരുത്തിയതാണ്. കഴിഞ്ഞ പാർലമെന്റ്, തദ്ദേശ തോൽവികളെക്കുറിച്ച് പാർട്ടി കൃത്യമായും വസ്തുനിഷ്ഠമായും പരിശോധിച്ചു. പാർട്ടി ജനങ്ങളിൽനിന്ന് അകന്നു, മൂല്യങ്ങളിൽ ചോർച്ചയുണ്ടായിട്ടുണ്ട് തുടങ്ങി കുറേ കാര്യങ്ങൾ പാർട്ടി കണ്ടെത്തി. നഷ്ടമായവ തിരിച്ചുകൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് ഞങ്ങളെ പോലുള്ള ആൾക്കാർ. പാർട്ടി നിലനിൽക്കണം. ഇടതുപക്ഷ മൂല്യങ്ങൾ പാർട്ടിയിൽനിന്ന് ചോർന്നുപോയാൽ സ്വാഭാവികമായും പാർട്ടിയുണ്ടാകും, പക്ഷേ ജനങ്ങളുണ്ടാകില്ല, ഇത് പറഞ്ഞത് താനല്ല എംഎൻ വിജയനാണ്. അതുകൊണ്ട് ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംവിധാനം ഇവിടെയുണ്ടാകണമെന്നാണ് പലരും ആഗ്രഹിക്കുന്നത്, സുരേഷ് പറഞ്ഞു.

പാർട്ടിഭരണം പാർട്ടിയും ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇടതുപക്ഷമൂല്യങ്ങളിൽ വെള്ളംചേർക്കുന്ന സംവിധാനം ഭരണത്തിലൂടെ ഉണ്ടാവാൻ പാടില്ലെന്നാണ് പാർട്ടി വിലയിരുത്തിയിരിക്കുന്നത്. പിണറായി സർക്കാരിന് മൂന്നാം ടേം ലഭിക്കുമോ എന്നതിൽ അഭിപ്രായം പറയാൻ താനില്ലെന്നും സുരേഷ് കൂട്ടിച്ചേർത്തു.

പാർട്ടിയിൽനിന്ന് പുറത്താക്കിയ വിഷയത്തിൽ അപ്പീലുകൾ കൊടുത്തെങ്കിലും അവരാരും അതിൽ മറുപടി തന്നിട്ടില്ലെന്നും സുരേഷ് പറഞ്ഞു. എന്തിനാണ് എന്നെ പുറത്താക്കിയത് എനിക്ക് തന്നെ അറിയാത്ത അവസ്ഥയിലാണ് താനുള്ളത്. 12 വർഷമായി പുറത്താക്കിയിട്ട്. പാർട്ടി അനുഭാവിയായി തുടരുകയാണ്. മറ്റൊരു പാർട്ടിയിലും ചേർന്നിട്ടില്ല. ഇനി ചേരാനും ഒട്ടും ആഗ്രഹിക്കുന്നില്ല. അപ്പീലുകൾക്ക് മറുപടി ലഭിക്കാതിരുന്നപ്പോൾ അതിന് പിന്നാലെ പോയില്ല. പരിഗണിക്കാതിരിക്കുമ്പോൾ സ്വാഭാവികമായി ഒരു ഇൻസൾട്ടിങ് ഫീൽ ഉണ്ടാകുമല്ലോ. പിന്നെ അതിന് പിന്നാലെ പോയിട്ടില്ല. അതാണ് വാസ്തവം. ഇനി അതേക്കുറിച്ച് ആലോചിക്കുന്നില്ല. ഇത്രയും കാലമായി ഒരു പരിഗണന ഇല്ലാത്തതുകൊണ്ടുതന്നെ ഇൻസൾട്ടിങ് അനുഭവപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ മൂല്യങ്ങൾ മനസ്സിൽ എല്ലായ്‌പ്പോഴുമുണ്ട്. അത് തുടരും. വേറെ പാർട്ടിയിലൊന്നും ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.

മലമ്പുഴ മണ്ഡലം

1965-ൽ നിലവിൽ വന്ന മലമ്പുഴ മണ്ഡലത്തിൽ നാളിതുവരെ സിപിഎം മാത്രമാണ് ജയിച്ചിട്ടുള്ളത്. വി.എസ്. അച്യുതാനന്ദനും ഇ.കെ. നായനാരും ടി. ശിവദാസനും ഉൾപ്പെടെ പാർട്ടിയുടെ തലപ്പൊക്കമുള്ള നേതാക്കന്മാർ പലവട്ടം പ്രതിനിധീകരിച്ച മണ്ഡലമാണിത്. എ. പ്രഭാകരനാണ് സിറ്റിങ് എംഎൽഎ.

2021 നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിങ്ങനെ

എ. പ്രഭാകരൻ (സിപിഎം)- 75,934

സി. കൃഷ്ണകുമാർ (ബിജെപി)- 50,200

എസ്.കെ. അനന്തകൃഷ്ണൻ (കോൺഗ്രസ്)- 35,444

പ്രഭാകരന്റെ ഭൂരിപക്ഷം 25734

യുഡിഎഫ് കഴിഞ്ഞ രണ്ട് തവണയായി ബിജെപിക്കും പിന്നിൽ മൂന്നാമതായി പോയ സീറ്റാണ് മലമ്പുഴ. വി.എസിന്റെ വിശ്വസ്ത അനുയായി ആയിരുന്ന, പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എ. സുരേഷിനെ സ്ഥാനാർഥിയാക്കുക എന്നതിലൂടെ ഒരു സർപ്രൈസ് നീക്കമാണ്‌ കോൺഗ്രസ് ആസൂത്രണം ചെയ്തതെന്ന് നിശ്ചയം. സുരേഷിന്റെ തീരുമാനം എന്തുതന്നെ ആയാലും സിപിഎമ്മിന്റെ ചുവപ്പുകോട്ടയിൽ സുരേഷിനെ പോലൊരാളെ മത്സരിപ്പിക്കാൻ ആലോചിക്കുന്നു എന്നത് തന്നെ വലിയ വാർത്തകൾക്ക് വഴിവെക്കുമെന്നത് ഉറപ്പാണ്. ആ നീക്കം ഫലംകാണുക തന്നെ ചെയ്തിട്ടുമുണ്ട്.

Content Highlights: kerala assembly election a suresh candidature congress udf cpm malampuzha assembly seat