കാസർകോട്ട് വോട്ടുചെയ്തത് 8,73,133 പേർ; മുന്നിൽ മഞ്ചേശ്വരം; ആവേശം വാനോളം, ഉറ്റുനോക്കി മുന്നണികൾ

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിങ് ശതമാനം 79.12 ശതമാനം. ആകെയുള്ള 11,03,618 വോട്ടർമാരിൽ 8,73,133 പേർ വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ ആകെ 5,44,543 പുരുഷ വോട്ടർമാരും 5,59,063 സ്ത്രീ വോട്ടർമാരും 12 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. ഇതിൽ 3,97,390 പുരുഷ വോട്ടർമാരും 4,75,734 സ്ത്രീ വോട്ടർമാരും ഒൻപത് ട്രാൻസ്‌ജെൻഡർ വോട്ടർമാരും വോട്ടുചെയ്തു.
മഞ്ചേശ്വരം മണ്ഡലത്തിൽ 85,258 പുരുഷ വോട്ടർമാരും 1,01,218 സ്ത്രീ വോട്ടർമാരുമായി 1,86,476 പേർ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം (2021-ലേത് ബ്രായ്ക്കറ്റിൽ) 81.04 (77.93). കാസർകോട്ട് 77,408 പുരുഷ വോട്ടർമാരും 90,512 സ്ത്രീ വോട്ടർമാരുമായി ആകെ 1,67,920 പേരാണ് വോട്ട് ചെയ്തത്. പോളിങ് ശതമാനം 79.61 (72.05). ഉദുമയിൽ 79,672 പുരുഷ വോട്ടർമാരും 98,746 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുൾപ്പെടെ 1,78,420 പേർ വോട്ടു ചെയ്തു. പോളിങ് ശതമാനം 78.08 (77.37).
കാഞ്ഞങ്ങാട്ട് 79.559 പുരുഷ വോട്ടർമാരും 93.436 സ്ത്രീ വോട്ടർമാരും അഞ്ച് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമായി ആകെ 1,73,000 പേർ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 77.24 (76.44). തൃക്കരിപ്പൂരിൽ 75,493 പുരുഷ വോട്ടർമാരും 91,822 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമായി ആകെ 1,67,317 പേർ വോട്ടുചെയ്തു. പോളിങ് ശതമാനം 79.64 (79.40).
മുന്നിൽ മഞ്ചേശ്വരം; വർധന കൂടുതൽ കാസർകോട്ട്
കടുത്ത ത്രികോണമത്സരം നടന്ന മഞ്ചേശ്വരം മണ്ഡലമാണ് പോളിങ് ശതമാനത്തിൽ മുന്നിൽ. 81.04 ശതമാനം. 2021-ലേതിനെ അപേക്ഷിച്ച് 3.11 ശതമാനം അധികമാണിത്. എന്നാൽ, പോളിങ് ശതമാനത്തിലെ വർധനയിൽ മുന്നിൽ ത്രികോണമത്സരം നടന്ന മറ്റൊരു മണ്ഡലമായ കാസർകോടാണ്. ഇവിടെ 7.56 ശതമാനമാണ് വർധന. ഉദുമയിൽ 0.71 ശതമാനവും കാഞ്ഞങ്ങാട് 0.80 ശതമാനവും തൃക്കരിപ്പൂരിൽ 0.24 ശതമാനവും വർധനയുണ്ട്.
എസ്.ഐ.ആറും കന്നിവോട്ടർമാരും
സമഗ്ര വോട്ടർ പട്ടികാ പരിഷ്കരണ(എസ്.ഐ.ആർ.)ത്തിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഇതും കന്നിവോട്ടർമാരുടെയും പ്രതികരണം എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയപാർട്ടികൾ. എസ്.ഐ.ആറിനുമുൻപ് ജില്ലയിൽ ആകെ 10,78,256 വോട്ടർമാരാണുണ്ടായിരുന്നത്. എസ്.ഐ.ആർ. പ്രകാരം 56,911 വോട്ടർമാർ കുറഞ്ഞതോടെ ഇത് 10,21,345 ആയി.
എന്നാൽ, കന്നിവോട്ടർമാരുടെയും വോട്ടർപട്ടികയിൽ പേരില്ലാത്തവരുടെയും വോട്ടുചേർത്തതോടെ അന്തിമ വോട്ടർപട്ടികയിലുള്ളവരുടെ എണ്ണം 1,03,618 ആയി ഉയർന്നു. എസ്.ഐ.ആറിനുശേഷമുള്ള വോട്ടർപട്ടികയെ അപേക്ഷിച്ച് 82,273 വോട്ടർമാർ കൂടി. ഇതിൽ 11,061 പേർ കന്നിവോട്ടർമാരാണ്. എസ്.ഐ.ആറിന് മുമ്പുള്ള വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുന്പോൾ അന്തിമ വോട്ടർപട്ടികയിൽ 25,362 വോട്ടർമാരാണ് കൂടുതലുള്ളത്.
ഒാരോ മണ്ഡലത്തിലും എസ്.ഐ.ആറിനുശേഷം കൂടിയ വോട്ടുകൾ (എസ്.ഐ.ആർ. പ്രകാരം കുറഞ്ഞ വോട്ടുകൾ ബ്രായ്ക്കറ്റിൽ): മഞ്ചേശ്വരം: 18,393 (15,521), കാസർകോട്: 19,959 (15,183), ഉദുമ: 18,058 (8917), കാഞ്ഞങ്ങാട്: 13,062 (10,389), തൃക്കരിപ്പൂർ: 12,801 (6901).
വോട്ടിങ് ശതമാനത്തിലെ വർധന
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെയും പിന്നീട് നടന്ന ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളെയും അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ വർധനയുണ്ട്. കൂടിയ പോളിങ് ശതമാനം ആരെ തുണയ്ക്കുമെന്ന് കൂട്ടിയും കുറച്ചും പരിശോധിക്കുകയാണ് എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികൾ.
കന്നിവോട്ടർമാരും സ്ത്രീകളും ഇത്തവണ സജീവമായി വോട്ടെടുപ്പിൽ പങ്കെടുത്തു. ന്യൂനപക്ഷവോട്ടുകളും നല്ലതോതിൽ പോൾ ചെയ്യപ്പെട്ടു. ജില്ലയിൽ 12,227 പ്രവാസിവോട്ടർമാരുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഇവരുടെ വരവ് കുറയുന്നത് പോളിങ് ശതമാനത്തെ ബാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല.
ജില്ലയിൽ വോട്ട് ചെയ്തവർ (മണ്ഡലം തിരിച്ച്)
മണ്ഡലം പുരുഷന്മാർ സ്ത്രീകൾ ട്രാൻസ്. ആകെ ശതമാനം
മഞ്ചേശ്വരം 85,258 1,01,218 0 1,86,476 81.04
കാസർകോട് 77,408 90,512 0 1,67,920 79.6
ഉദുമ 79,672 98,746 2 1,78,420 78.08
കാഞ്ഞങ്ങാട് 79,559 93,436 5 1,73,000 77.24
തൃക്കരിപ്പൂർ 75,493 91,822 2 1,67,317 79.64
ആകെ 3,97,390 4,75,734 9 8,73,133 79.12
Content Highlights: Total voter turnout in Kasaragod district reached 79.12% for the 2026 Assembly Elections., Manjeshwaram constituency led with the highest polling percentage at 81.04%., Significant increase in voter participation observed in the Kasaragod constituency compared to previous cycles., Comprehensive analysis of new voters and the impact of the latest electoral roll revision (SIR)., Total of 8,73,133 voters cast their ballots across five assembly segments.