ഹാട്രിക്കിനായി കടന്നപ്പള്ളി; തിരിച്ചുപിടിക്കാൻ സുധാകരനെ കളത്തിലിറക്കുമോ ? മോഹനനും അമൃതയും പരിഗണനയിൽ

#രഞ്ജിത്ത് ചാത്തോത്ത്
കടന്നപ്പള്ളി രാമചന്ദ്രൻ | ഫോട്ടോ - ലതീഷ് പൂവത്തൂർ / മാതൃഭൂമി
കടന്നപ്പള്ളി രാമചന്ദ്രൻ | ഫോട്ടോ - ലതീഷ് പൂവത്തൂർ / മാതൃഭൂമി

കണ്ണൂർ: തുടർച്ചയായി രണ്ടുതവണ കൈവിട്ട കണ്ണൂർ നിയമസഭാമണ്ഡലം തിരിച്ചുപിടിക്കുകയെന്നത് യു.ഡി.എഫിന് അഭിമാനപ്രശ്നമാണ്. ഇത്തവണ ജയിച്ചിരിക്കുമെന്നാണ് യു.ഡി.എഫ്. ക്യാമ്പുകൾ പറയുന്നത്. എന്നാൽ, ഹാട്രിക്ക് വിജയമാണ് എൽ.ഡി.എഫ്. ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ സീറ്റും പ്രധാനമാണെന്നതിനാൽ ഇരുമുന്നണികളും അതീവ ജാഗ്രതയിലാണ്. വോട്ടർപട്ടിക പരിഷ്കരണപ്രവൃത്തിയിലടക്കമുള്ള ഇടപെടലുകളിൽ ഇത് പ്രകടവുമാണ്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് നേരിയ വ്യത്യാസത്തിനാണ് ഇടതുമുന്നണി രണ്ടുതവണയും കണ്ണൂരിൽ ജയിച്ചത്.

വലിയ പരീക്ഷണങ്ങൾക്ക് മുതിരാതെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ തന്നെ മൂന്നാമങ്കത്തിന് ഇറക്കാമെന്നാണ് ഇടതുമുന്നണിയിലെ ആലോചന. ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ടെങ്കിൽ മണ്ഡലം ഏറ്റെടുക്കാമെന്ന് സി.പി.എമ്മിൽ ഒരുഘട്ടത്തിൽ ആലോചനയുണ്ടായിരുന്നു. എന്നാൽ, നിലവിൽ കടന്നപ്പള്ളി തുടരട്ടെയെന്നതാണ് ചിന്താഗതി. യുഡിഎഫിന് മേധാവിത്വമുള്ള കണ്ണൂർ മണ്ഡലം 2016-ലും 2021-ലും ജയിക്കാനായതിൽ കടന്നപ്പള്ളിയുടെ വ്യക്തിപരമായ സ്വാധീനം ഘടകമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് സിപിഎം.

നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്. സ്ഥാനാർഥിയായി കെ. സുധാകരൻ എം.പി. തന്നെ കളത്തിലിറങ്ങുമോയെന്നതാണ് കണ്ണൂരിൽ ഉയരുന്ന പ്രധാന ചോദ്യം. മത്സരിക്കാൻ സുധാകരന് താത്പര്യമുണ്ട്, അനുയായികൾക്കും. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുമ്പോൾ കണ്ണൂർ നിയമസഭാ സീറ്റിൽ മത്സരിക്കാൻ അവസരം നൽകുമെന്ന വാഗ്ദാനം ഉണ്ടായിരുന്നതായി സുധാകരന്റെ അടുപ്പക്കാർ പറയുന്നുമുണ്ട്. സുധാകരൻ മത്സരിച്ചാൽ കണ്ണൂർ ഉറപ്പായും കൂടെപ്പോരുമെന്നാണ് ഇവരുടെ അവകാശവാദം. കണ്ണൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ കെ. സുധാകരന്റെ വ്യക്തിപ്രഭാവം വേറിട്ടുനിൽക്കുന്നതാണെന്നും ഇവർ വാദിക്കുന്നു.

എം.പി.മാർ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇങ്ങനെയൊക്കെയാണെങ്കിലും സുധാകരന് പ്രത്യേക ഇളവുകിട്ടുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. ഇക്കാര്യത്തിൽ തീരുമാനം കേരളത്തിൽനിന്നുണ്ടാവില്ല. എ.ഐ.സി.സി.യുടേതാകും അന്തിമ തീരുമാനം. അതിനാൽ കണ്ണൂരിലെ കോൺഗ്രസ് സാഥാനാർഥി ആരെന്നറിയാൻ കാത്തിരിക്കേണ്ടി വരും.

സുധാകരൻ മത്സരരംഗത്തേക്ക് വരുന്നില്ലെങ്കിൽ മുൻ മേയർ ടി.ഒ. മോഹനൻ, മഹിളാകോൺഗ്രസ് നേതാവ് അമൃതാ രാമകൃഷ്ണൻ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ. മേയർ എന്ന നിലയിൽ കണ്ണൂരിൽ നിറഞ്ഞു നിന്നിരുന്നതിനാൽ മോഹനന് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. മുൻ മന്ത്രിയും ഡി.സി.സി. പ്രസിഡന്റുമായിരുന്ന എൻ. രാമകൃഷ്ണന്റെ മകളാണ് അമൃത. രണ്ടുപേരും ദീർഘകാലമായി സംഘടനാരംഗത്ത് സജീവവുമാണ്.

ഭരണവിരുദ്ധവികാരമുൾപ്പെടെയുള്ള പ്രതികൂല ഘടകങ്ങളെ മണ്ഡലത്തിലെ കടന്നപ്പള്ളിയുടെ സ്വീകാര്യത കൊണ്ട് മറികടക്കാമെന്നാണ് ഇടതുമുന്നണിയിലെ കണക്കുകൂട്ടൽ. മണ്ഡലത്തിൽ മെല്ലെമെല്ലെ ശക്തി വർധിപ്പിക്കുന്ന ബി.ജെ.പി. ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കാനുള്ള പുറപ്പാടിലാണ്. ദേശീയസമിതിയംഗം സി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് എന്നിവരുടെ പേരുകളാണ് കോർ കമ്മിറ്റിയിൽ പ്രധാനമായും ഉയർന്നത്. ഇവരുടെ പേരുകൾ മറ്റ് മണ്ഡലങ്ങളിലും വന്നിട്ടുമുണ്ട്. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ പേരും ഉയർന്നുവന്നേക്കാം.

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ

കണ്ണൂരിൽ 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയുടെ തോൽവി അപ്രതീക്ഷിതമായിരുന്നു. ജയം ഉറപ്പിച്ചിരുന്ന കോൺഗ്രസിന് ആഘാതമായിരുന്നു ജനവിധി. 1745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടന്നപ്പള്ളി മണ്ഡലം നിലനിർത്തിയത്. 2016-ൽ 1196 വോട്ടിനായിരുന്നു ജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് 10,838 വോട്ടിന്റെ മേൽക്കൈയുണ്ട്.

Content Highlights: kannur assembly constituency udf ldf candidates