വട്ടിയൂർക്കാവിനായി കെ. സുരേന്ദ്രൻ, കിട്ടിയില്ലെങ്കിൽ മത്സരരംഗത്തുണ്ടാകില്ല; ജയസാധ്യത തേടി പ്രമുഖരും

#മാതൃഭൂമി ന്യൂസ്
K.Surendran and Rajeev Chandrasekhar | Photo: Praveen Das
K.Surendran and Rajeev Chandrasekhar | Photo: Praveen Das

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുൻ സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ വട്ടിയൂർക്കാവ് സീറ്റിനായി നീക്കം നടത്തുന്നതായി റിപ്പോർട്ട്. വട്ടിയൂർക്കാവ് ലഭിച്ചില്ലെങ്കിൽ മത്സരരംഗത്തുണ്ടാകാൻ സാധ്യതയില്ലെന്നും സുരേന്ദ്രനുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. കെ. സുരേന്ദ്രനെ പാലക്കാട്ട് മത്സരിപ്പിക്കാൻ നേതൃത്വം ആലോചിക്കുന്നതിനിടെയാണ് അദ്ദേഹം വട്ടിയൂർക്കാവിനായി നീക്കം നടത്തുന്നെന്നാണ് റിപ്പോർട്ട്.

കെ. സുരേന്ദ്രൻകൂടി തിരുവനന്തപുരത്ത് എത്തിയാൽ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന ജില്ലയായി തലസ്ഥാനജില്ല മാറും. ബിജെപി സംസ്ഥാനാധ്യക്ഷൻ  രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2016-ൽ ബിജെപി അക്കൗണ്ട് തുറന്ന നേമം കഴിഞ്ഞ തവണ വി. ശിവൻകുട്ടിയിലൂടെ സിപിഎം സീറ്റ് തിരിച്ചു പിടിക്കുകയായിരുന്നു. കഴക്കൂട്ടത്ത് വി. മുരളീധരൻ മത്സരിച്ചേക്കുമെന്ന സൂചനകളുമുണ്ട്. ഇതിനിടെയാണ് കെ. സുരേന്ദ്രനും തനിക്ക് ജയസാധ്യതയുള്ള മണ്ഡലം എന്ന നിലയിൽ വട്ടിയൂർക്കാവിനായി ആവശ്യമുന്നയിച്ച് രംഗത്തെത്തുന്നത്.

വി.വി. രാജേഷിന് മേയർസ്ഥാനം നൽകിയ സാഹചര്യത്തിൽ ആർ. ശ്രീലേഖയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാം എന്ന അഭിപ്രായം ചില നേതാക്കൾ പങ്കുവെച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹമില്ലെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. അടുത്ത അഞ്ചുവർഷത്തേക്ക് നഗരസഭാ വാർഡിൽ ഒരു കൗൺസിലർ എന്നതിനപ്പുറത്തേക്ക് മറ്റൊരു മത്സരത്തിനുമില്ല എന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

അമിത് ഷാ ഈ മാസം 11-ന് സംസ്ഥാനത്ത് വരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും സ്ഥാനാർഥികളുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ഉണ്ടാകുക എന്നാണ് വിവരം.