'തലയുയർത്തി നിൽക്കും, കണ്ണൂർ എന്റെ ഹൃദയരക്തം'; വൈകാരിക കുറിപ്പുമായി സുധാകരൻ, അടുത്ത നീക്കമെന്ത്?

കണ്ണൂർ: സീറ്റ് വിവാദങ്ങൾക്കിടെ വൈകാരിക ഫേയ്സ്ബുക്ക് കുറിപ്പുമായി കെ. സുധാകരൻ. കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വിശദീകരിച്ചുകൊണ്ടാണ് സുധാകരന്റെ ഫേയ്സ്ബുക്ക് കുറിപ്പ്. സ്ഥാനാർഥി ചർച്ചകളിൽ അതൃപ്തി പ്രകടമാക്കി ഡൽഹിയിൽനിന്ന് നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് സുധാകരൻ ഫേയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.
കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ്സ് എന്നും തന്റെ മേൽവിലാസമാണെന്നും സുധാകരൻ കുറിപ്പിൽ പറയുന്നു. സിപിഎമ്മുമായുള്ള ഏറ്റുമുട്ടലും പ്രസ്ഥാനത്തിന്റെ വളർച്ചയും സുധാകരൻ ഫേയ്സ്ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിക്കുന്നുണ്ട്. ഇവയൊക്കെ മരണത്തിലും മറക്കാനാകാത്ത പച്ചയായ യാഥാർത്ഥ്യങ്ങളാണെന്നും മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കുമെന്നും സുധാകരൻ കുറിപ്പിൽ പുറയുന്നു.
ഫേയ്സ്ബുക്ക് കുറിപ്പ് പൂർണരൂപം:
കണ്ണൂർ എന്നത് എന്റെ ഹൃദയരക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽനിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടുനില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.
ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞുവരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.
കണ്ണൂർ ഹൃദയരക്തം ഇറ്റിവീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിനുവേണ്ടി കോൺഗ്രസിന്റെ ത്രിവർണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽത്തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കുപിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.
എൻ്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷംവരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.
Content Highlights: K. Sudhakaran addresses seat controversies through an emotional social media post., Reaffirms his lifelong dedication to the Congress party in Kannur., Highlights his history of leading party workers against political violence., Reflects on the sacrifices made by party workers in the region.