സുധാകരൻ കടുത്ത അതൃപ്തിയിൽ, ഡൽഹിയിൽ തുടരുന്നു; ബുധനാഴ്ച വാർത്താസമ്മേളനം; കടുത്തനിലപാട് സ്വീകരിക്കുമോ?

കണ്ണൂർ: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത അതൃപ്തിയിൽ മുതിർന്ന നേതാവ് കെ. സുധാകരൻ. കണ്ണൂർ സീറ്റിനെ ചൊല്ലി പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഇതുവരെ കോൺഗ്രസ് നേതൃത്വത്തിനായിട്ടില്ല. ഈ സാഹചര്യത്തിൽ സുധാകരൻ ബുധനാഴ്ച ഡൽഹിയിൽ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ കണ്ണൂർ മണ്ഡലം ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
രമേശ് ചെന്നിത്തലയും കോൺഗ്രസ് എംപിമാരിൽ ചിലരും ഇന്ന് കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, തന്റെ അതൃപ്തി സുധാകരൻ ശക്തമായ ഭാഷയിൽ അറിയിച്ചതായാണ് വിവരം. തനിക്ക് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല എന്ന വികാരം അദ്ദേഹത്തിനുണ്ട്. കണ്ണൂരിലെ സീറ്റ് ചർച്ചയിൽ തന്നെ ഉൾപ്പെടുത്തിയില്ലെന്ന പരാതിയും സുധാകരൻ ഉന്നയിക്കുന്നുണ്ട്.
ബുധനാഴ്ച കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. ഒന്നുകിൽ ഇതിന് തൊട്ടുമുമ്പോ അല്ലെങ്കിൽ ശേഷമോ മാധ്യമങ്ങളോട് സുധാകരൻ സംസാരിച്ചേക്കുമെന്നാണ് വിവരം.
55 സ്ഥാനാർഥികളുടെ പേരുകളടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് കോൺഗ്രസ് പുറത്തിറക്കിയിരുന്നു. കെ. സുധാകരനും അടൂർ പ്രകാശും മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആദ്യ പട്ടികയിൽ എം.പിമാർ ആരുമില്ല. എന്നാൽ, ഇവർ താത്പര്യം പ്രകടിപ്പിച്ച കണ്ണൂർ, കോന്നി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ല.
Content Highlights: K Sudhakaran is dissatisfied with the first phase of the Congress candidate list., The Kannur constituency seat remains undecided due to internal party conflict., Efforts to pacify Sudhakaran by senior leaders like Ramesh Chennithala have not yet succeeded., Sudhakaran is expected to address the media in Delhi regarding his next political move.