റോഷി അങ്ങനെ പറഞ്ഞത് സ്‌നേഹക്കൂടുതൽകൊണ്ട്, അദ്ദേഹം ചോരത്തിളപ്പുള്ള നേതാവ്- വിശദീകരിച്ച് ജോസ് കെ. മാണി

#മാതൃഭൂമി ന്യൂസ്
ജോസ് കെ. മാണി, റോഷി അഗസ്റ്റിൻ | Photo: Mathrubhumi
ജോസ് കെ. മാണി, റോഷി അഗസ്റ്റിൻ | Photo: Mathrubhumi

കോതമംഗലം (എറണാകുളം): പാലാ നിയോജമണ്ഡലത്തിൽ ജോസ് കെ. മാണി മത്സരിക്കുമെന്ന റോഷി അഗസ്റ്റിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം വലിയചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ റോഷിയുടെ പ്രഖ്യാപനത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പാർട്ടി ചെയർമാൻകൂടിയായ ജോസ് കെ.മാണി.

റോഷി അങ്ങനെ പറഞ്ഞത് തന്നോടുള്ള സ്‌നേഹക്കൂടുതൽ കൊണ്ടാണെന്ന് ജോസ് പറഞ്ഞു. തമ്മിലുള്ളത് സഹോദരബന്ധമാണ്. കെഎസ്‌സിയിലൂടെ (കേരളാ കോൺഗ്രസ് എമ്മിന്റെ വിദ്യാർഥി സംഘടന) വളർന്നുവന്നതുകൊണ്ട് ചോരത്തിളപ്പൊക്കെയുണ്ട്. പലപ്പോഴും വികാരപരമായി സംസാരിച്ചെന്നിരിക്കും. അതിനെ ആ രീതിയിൽ കണ്ടാൽ മതി, ജോസ് കെ. മാണി പറഞ്ഞു. മത്സരിക്കുന്ന കാര്യം ഉചിതമായ സമയത്ത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ ഭാഗമായ വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്ന റോഷിയുടെ പ്രഖ്യാപനം. ജോസിന്റെ കയ്യിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങിക്കൊണ്ട് റോഷി ഇക്കാര്യം പറയുന്നതും പലവട്ടം ജോസ് കൈ നീട്ടിയിട്ടും മൈക്ക് നൽകാത്തതുമൊക്കെ പാർട്ടിയിലെ അധികാരകേന്ദ്രത്തെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് ജോസിന്റെ പ്രതികരണം.

Content Highlights: jose k mani on roshy augustine pala assembly seat contest declaration