VIP മണ്ഡലമായി ഇടുക്കി; കോട്ട കാക്കാൻ റോഷി, മത്സരിക്കാനെത്തുമോ പി.ജെ. ജോസഫ്? എല്ലാം സസ്‌പെൻസ്

കട്ടപ്പന: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപുതന്നെ കേരളത്തിലെ വി.ഐ.പി. മണ്ഡലമായി മാറിക്കഴിഞ്ഞു ഇടുക്കി. കേരള കോൺഗ്രസിൽ നിന്ന് സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസിന്റെ തത്രപ്പാടും, ചത്താലും വിട്ടുകൊടുക്കില്ലെന്ന കേരള കോൺഗ്രസിന്റെ നിലപാടും. വലത് മണ്ഡലമെങ്കിലും എന്നും തനിക്കൊപ്പം നിൽക്കുന്ന ഇടുക്കിയെ കൈവിടാതിരിക്കാനുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ തത്രപ്പാടുമെല്ലാം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെയാവണം പി.ജെ. ജോസഫ് ഇവിടെ മത്സരിക്കാനെത്തുന്നു, കോൺഗ്രസ് ബലമായി സീറ്റ് ഏറ്റെടുത്തേക്കും തുടങ്ങിയ പ്രചാരണങ്ങളും ചിലകേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നുണ്ട്. പാലായ്ക്ക് പോകുമെന്ന് ആരോ പറഞ്ഞ റോഷി ഒടുവിലത്തെ വിവരമനുസരിച്ച് ഇടുക്കിയിൽ തന്നെ നിൽപ്പുറപ്പിക്കുമെന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഇടുക്കിക്ക് വാരിക്കോരി നൽകുന്ന പദ്ധതികൾ അതിന് തെളിവാണ്.
ഉറച്ച മണ്ഡലമെന്ന് എൽ.ഡി.എഫ്.
മന്ത്രി റോഷി അഗസ്റ്റിന്റെ ഉറച്ചമണ്ഡലം എന്ന പ്രതീതി വളർത്താനാണ് എൽ.ഡി.എഫ്. ശ്രമം. സി.പി.എം. റോഷി അഗസ്റ്റിനുമായി മികച്ച ബന്ധം സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അണികളോട് കൈയ്യും മെയ്യും മറന്ന് പ്രവർത്തിക്കാനാണ് നേതൃത്വത്തിന്റെ ആഹ്വാനം. കേരള കോൺഗ്രസ് എം അണികൾ ഇതുവരെ ഉണർന്നിട്ടില്ലെങ്കിലും എങ്ങനെയും റോഷിയെ തന്നെ നിയമസഭയിലെത്തിക്കുമെന്ന നിശ്ചയത്തോടെയാണ് സി.പി.എമ്മിന്റെ പ്രവർത്തനം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ പഞ്ചായത്തുകളെല്ലാം എൽ.ഡി.എഫിനെ കൈവിട്ടിരുന്നു. പതിനാലായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷവും നിലവിൽ യു.ഡി.എഫിനുണ്ട്. ഇത് തിരികെയെത്തിക്കണമെങ്കിൽ നന്നായി പണിയെടുക്കേണ്ടിവരും. റോഷിയുടെ വ്യക്തിപ്രഭാവവും മറ്റ് പാർട്ടി നേതാക്കൾക്കിടയിൽപോലുമുള്ള സ്വീകാര്യതയും ഗുണംചെയ്യുമെന്നാണ് എൽ.ഡി.എഫ്. വിലയിരുത്തൽ.
യു.ഡി.എഫിൽ പിടിവലി
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെ ഇടുക്കിമണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്തണം എന്ന ആവശ്യം കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ഇടയിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയർന്നു. യു.ഡി.എഫ്. ചെയർമാനും കട്ടപ്പന നഗരസഭാധ്യക്ഷനുമായ ജോയി വെട്ടിക്കുഴി ഇക്കാര്യം ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തി. മണ്ഡലത്തിൽ റോഷി ശക്തനെങ്കിലും ഭൂപ്രശ്നങ്ങളിൽ ഇടതുവിരുദ്ധ വികാരമുണ്ടെന്നും അത് വോട്ടാക്കി മാറ്റാൻ കോൺഗ്രസ് മത്സരിക്കണമെന്നുമാണ് ആവശ്യം. കേരള കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചാൽ പരാജയപ്പെടുമെന്ന് കോൺഗ്രസ് നേതാക്കൾ പരസ്യമായും രഹസ്യമായും പറയുന്നുണ്ട്. എന്നാൽ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. ജില്ലാ പ്രസിഡന്റ് എം.ജെ.ജേക്കബിനെ മത്സര രംഗത്ത് എത്തിക്കാനാണ് നീക്കം.
സീറ്റ് ഏറ്റെടുത്ത് മത്സര രംഗത്തേക്ക് വരാനായി മുൻ എം.എൽ.എ.യും എ.ഐ.സി.സി. അംഗവുമായ ഇ.എം.ആഗസ്തിയും കട്ടപ്പന നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴിയും രംഗത്തുണ്ട്. ഭൂപ്രശ്നങ്ങളിൽ ഇടതുപക്ഷത്തെ സ്ഥിരമായി കടന്നാക്രമിക്കുന്ന ഡി.സി.സി. സെക്രട്ടറി ബിജോ മാണിക്ക് സീറ്റ് കൈമാറണം എന്ന ആവശ്യവുമായി പി.ടി. തോമസ് അനുകൂലികൾ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിട്ടുണ്ട്.
വോട്ടുവിഹിതം വർധിപ്പിക്കാൻ എൻ.ഡി.എ.
വോട്ട് വിഹിതം വർധിപ്പിക്കാൻ യുവാക്കളായ പാർട്ടി സ്ഥാനാർഥികളെ രംഗത്ത് ഇറക്കണമെന്ന് ബി.ജെ.പി.യിൽ ആവശ്യം ഉയരുന്നുണ്ട്. മുൻവർഷങ്ങളിൽ വോട്ട് വിഹിതത്തിൽ ഇടിവുണ്ടായത് പരിശോധിക്കണം. ബി.ഡി.ജെ.എസ്. ശക്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കുകയോ അല്ലെങ്കിൽ ബി.ജെ.പി.ക്കുള്ളിലെ യുവാക്കൾക്ക് അവസരം നൽകുകയോ വേണം. ബി.ഡി.ജെ.എസിന് സീറ്റു നൽകിയാൽ തന്നെ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥികൾ മത്സരിക്കണമെന്നുമാണ് പ്രാദേശിക നേതൃത്വത്തിന്റെ വികാരം. ഭൂപ്രശ്‌നങ്ങളിൽ ഉൾപ്പെടെ ഇരു മുന്നണികളും പ്രതിസന്ധിയിലായ സമയത്ത് താമരചിഹ്നത്തിൽ പാർട്ടി സ്ഥാനാർഥി മത്സരിച്ചാൽ വോട്ടുവിഹിതം വർധിക്കും. എന്നാൽ ബി.ഡി.ജെ.എസ്. സീറ്റ് വിട്ടുനൽകാൻ ഇടയില്ല.
Content Highlights: Idukki constituency in Kerala heats up as Congress and Kerala Congress clash over the seat. Minister Roshi Augustine eyes re-election amid strong LDF support and UDF`s internal conflicts.