45 വയസ്സിൽ താഴെയുള്ളവർക്ക് മാത്രം ഡ്യൂട്ടി, ഇൻഷുറൻസും; വോട്ടുപെട്ടി ആദ്യം പുറപ്പെടുന്നത് ഇവിടേക്ക്

തൊടുപുഴ: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയെ പരാമർശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും. തിരഞ്ഞെടുപ്പ് നടത്താൻ പ്രയാസമുള്ള മേഖലകളെപ്പറ്റി പറയുന്നതിനിടെയാണ്, ഗ്യാനേഷ്‌കുമാർ ഇടമലക്കുടിയെപ്പറ്റി എടുത്തുപറഞ്ഞത്. 15 കിലോമീറ്ററിലേറെ ചെങ്കുത്തായ വഴികളിലൂടെ സഞ്ചരിച്ചുവേണം ഇവിടെയെത്താനെന്നും, അവിടെയും മികച്ചരീതിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ ഒരുമാസംമുൻപ് ഇടമലക്കുടിയിലെത്തിയിരുന്നു. ഇവിടത്തെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തിയാണ് മടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്റെ പരാമർശം.
മൂന്നാറിൽനിന്ന് 18 കിലോമീറ്ററാണ് ഇടമലക്കുടിയിലേക്കുള്ളത്. മൂന്നാറിൽനിന്ന് ഇരവികുളം ദേശീയപാർക്കിലൂടെ പെട്ടിമുടിവഴി ഇടമലക്കുടി പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലേക്ക് ജീപ്പ് പോകുന്ന റോഡ് നിലവിലുണ്ട്. പെട്ടിമുടിക്കുസമീപമുള്ള പുല്ലുമേടുനിന്ന് ഇഡ്ഡലിപ്പാറക്കുടിവരെയുള്ള കോൺക്രീറ്റ് റോഡിന്റെ പണികൾ നടന്നുവരുകയാണ്.
കുടിനിവാസികൾ അത്യാവശ്യഘട്ടങ്ങളിലൊഴികെ കാൽനടയായാണ് ഇപ്പോഴും പെട്ടിമുടിക്ക് യാത്രചെയ്യുന്നത്. ബാക്കിദൂരം നടന്നുവേണം പിന്നിടാൻ. തിരഞ്ഞെടുപ്പുകളിൽ പോളിങ് ഓഫീസർമാർ ജില്ലയിൽ ഏറ്റവുമാദ്യം പുറപ്പെടുന്ന പഞ്ചായത്തും ഇടമലക്കുടിയാണ്. വന്യമൃഗങ്ങളുടെ ശല്യത്തെയടക്കം അതിജീവിച്ചുവേണം ഉദ്യോഗസ്ഥർ അവിടെയെത്താൻ.
ഈ തിരഞ്ഞെടുപ്പിനുമുൻപ് ഇടമലക്കുടിയിലും എസ്.ഐ.ആർ. ഹിയറിങ് പൂർത്തിയാക്കിയിരുന്നു. സൊസൈറ്റിക്കുടിയിലെ ഗവ. ട്രൈബൽ യു.പി. സ്കൂളിലാണ് പോളിങ് ബൂത്ത് ഒരുക്കുക. 2025ലെ വോട്ടർപട്ടിക പ്രകാരം, 14 വാർഡുകളിലായി 910 പുരുഷൻമാരും 893 സ്ത്രീകളും ഉൾപ്പെടെ ആകെ 1803 വോട്ടർമാരാണ് ഇവിടെ ഉള്ളത്.
പോകുക 45 വയസ്സിന് താഴെയുള്ളവർ
45 വയസ്സിന് താഴെയുള്ളവരെമാത്രമേ ഇവിടെ പോളിങ് ജോലികൾക്കായി നിയോഗിക്കാറുള്ളൂ. ഇവിടേക്കെത്താനും, താമസിക്കാനുമുള്ള പ്രയാസം കണക്കിലെടുത്താണിത്. ഡ്യൂട്ടിക്ക് പോകുന്നവർക്ക് പ്രത്യേക ഇൻഷുറൻസ് നൽകുന്ന കേരളത്തിലെ ഏക ഇടംകൂടിയാണിത്. മുൻപ് ഇവിടെ പോളിങ് ബൂത്തായി ഉപയോഗിച്ചിരുന്ന അങ്കണവാടി കാട്ടാന തകർത്തിരുന്നു.
Content Highlights: Discover how officials manage polling in Idamalakudy, Kerala's only tribal panchayat. Learn about the unique challenges, insurance, and age-specific duty rules.