‘സുധാകരന്റെ സ്വഭാവസവിശേഷതകൾ അറിയാം; പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ പാതിദൂരം ഓടിക്കടക്കാം, പക്ഷേ പറയുന്നില്ല’

ആലപ്പുഴ: ജി. സുധാകരനെ കടന്നാക്രമിക്കാൻ ഞങ്ങളാരും പോയിട്ടില്ലെന്ന് അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം. രണ്ടുതവണ സുധാകരന്റെ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി ആയിരുന്നു താൻ. പക്ഷേ അദ്ദേഹം പഠിച്ചതും പഠിപ്പിച്ചതും വൃഥാവിലായി പോയി എന്ന അനുഭവമല്ലേ സുധാകരന്റെ നിലപാടു കൊണ്ട് ഇപ്പോഴുണ്ടാകുന്നതെന്നും സലാം ആരാഞ്ഞു. മാതൃഭൂമി ഇലക്ഷൻ ബസ് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
സുധാകരൻ മാതൃഭൂമി ഇലക്ഷൻ ബസ് പരിപാടിക്കിടെ നടത്തിയ പൊളിറ്റിക്കൽ ക്രിമിനൽ പരാമർശത്തോടും സലാം പ്രതികരിച്ചു. 'രണ്ടുവട്ടം അദ്ദേഹത്തിന്റെ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി ആയിരുന്നു ഞാൻ. അന്നൊന്നും ഞാൻ പൊളിറ്റിക്കൽ ക്രിമിനൽ അല്ല. അദ്ദേഹം ഏഴുവട്ടം നിയമസഭയിലേക്ക് മത്സരിച്ചു. എട്ടാം പ്രാവശ്യം മത്സരിക്കാൻ പാർട്ടി തീരുമാനിച്ചില്ല. പകരം എന്നെ നിശ്ചയിച്ചു. അങ്ങനെ ഞാൻ മത്സരിച്ചതിന് ശേഷമല്ലേ ഇത്തരം പരാമർശങ്ങൾ അദ്ദേഹത്തിന്റെ പുതിയ നിഘണ്ടുവെച്ച് പറയുന്നത്. ഞാൻ അദ്ദേഹത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഒന്നും പറയാത്തത് പറയാൻ ഇല്ലാഞ്ഞിട്ടല്ല. അദ്ദേഹത്തിന്റെ പലവിധത്തിലുള്ള സ്വഭാവസവിശേഷതകൾ നന്നായിട്ട് അറിയാം. പൊളിറ്റിക്കൽ ക്രിമിനൽ എന്ന വാക്കിനേക്കാൾ കുറച്ചുകൂടി കട്ടിയുള്ള വാക്ക് പറയാൻ യോഗ്യതയുള്ള ആളാണ്. എന്നാൽ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം ആക്രമിക്കുന്നതുപോലെ, ഞാൻ ചിലത് പറഞ്ഞാൽ ഈ തിരഞ്ഞെടുപ്പിൽ പകുതി ദൂരം ഓടിക്കടക്കാം. എന്നാൽ പോളിങ് കഴിയുംവരെ ഒന്നും പറയില്ല. പോളിങ് കഴിഞ്ഞാൽ മിക്കവാറും പറയും, സലാം പറഞ്ഞു.
സുധാകരൻ ഒരു മാസം മുൻപുവരെ എടുത്ത നിലപാട്, അതിനുശേഷം എടുത്ത നിലപാട്. അതിന് മാറ്റം വരാൻ എന്തെങ്കിലും രാഷ്ട്രീയകാരണം ഉണ്ടോ എന്നത് ചിന്തിക്കേണ്ട സംഗതിയാണെന്നും സലാം പറഞ്ഞു. ഇത്രയും കാലം വിമർശിച്ചിരുന്ന യുഡിഎഫിന്റെ പാളയത്തിൽ പോയി യുഡിഎഫിന്റെ വോട്ട് വാങ്ങിച്ച് ബിജെപിയുടെ വോട്ട് കിട്ടുമെങ്കിൽ അതുകൂടി വാങ്ങിച്ച് ജയിക്കാൻ പറ്റുമോ എന്ന് നോക്കുന്ന ആൾ ഞാൻ മാറിയിട്ടില്ല എന്ന് എങ്ങനെ പറയും. സുധാകരൻ ഇപ്പോൾ കമ്യൂണിസ്റ്റ് അല്ല. ഒരു കമ്യൂണിസ്റ്റുമല്ല, സലാം കൂട്ടിച്ചേർത്തു.
അമ്പലപ്പുഴയിലെ ജനങ്ങൾക്ക് തന്നെയും അറിയാം. അദ്ദേഹത്തേയും അറിയാമെന്നും സലാം പറഞ്ഞു. കഴിഞ്ഞതവണ അമ്പലപ്പുഴയിൽ മത്സരിച്ചപ്പോൾ എന്നെ പരാജയപ്പെടുത്താൻ ധാരാളം ഗൂഢാലോചനയുണ്ടായി. അതിൽ ജി. സുധാകരനുമുണ്ടായിരുന്നു. തന്നെ ചാപ്പ കുത്താൻ ശ്രമിച്ചു. സുധാകരന്റെ നിർദേശാനുസരണമാണ് ചില ആളുകൾ പോസ്റ്റർ പതിച്ചത്. അത് ഒട്ടിച്ചവർ തന്നെ വന്നു പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ പൊളിറ്റിക്കൽ കാൽക്കുലേഷനേക്കാൾ കമ്യൂണൽ കാൽക്കുലേഷൻ ചെയ്യുന്ന ആളാണ് സുധാകരൻ. വർഗീയമല്ല, സാമുദായികമായ ഘടനയും കണക്കുംവെച്ചാണ് അദ്ദേഹം എപ്പോഴും നീങ്ങാറുള്ളത്, സലാം പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിലേത് കേരളം ശ്രദ്ധിക്കുന്ന പോരാട്ടമായി മാറിയത് രാഷ്ട്രീയ ഔന്നത്യം കൊണ്ടല്ലെന്നും രാഷ്ട്രീയമായ നെറിയില്ലായ്മ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: H. Salam refutes G. Sudhakaran's 'political criminal' allegations., Claims of internal sabotage by Sudhakaran during the election., Accusations of communal calculation over political ideology., Tensions within the Ambalapuzha LDF unit highlighted.