മലമ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകാൻ കോൺഗ്രസ് ക്ഷണം; മറുപടി പറയാതെ വി.എസിന്റെ പേഴ്സണൽ അസിസ്റ്റന്റ്

എ. സുരേഷ് പാലക്കാട്ടെ തന്റെ വീട്ടിൽ
എ. സുരേഷ് പാലക്കാട്ടെ തന്റെ വീട്ടിൽ

പാലക്കാട്: മലമ്പുഴ നിയമസഭാ നിയോജകമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാകാമോ എന്ന കോൺഗ്രസ് ക്ഷണത്തോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാതെ വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്. കുറച്ചുദിവസങ്ങൾക്കു മുൻപ് കെ.പി.സി.സി. നേതൃത്വം തന്നോട് നേരിട്ട് സംസാരിച്ചിരുന്നുവെന്ന് സുരേഷ് സ്ഥിരീകരിച്ചു. മറ്റൊരു പാർട്ടിയിലും ചേരാൻ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം മാതൃഭൂമിയോടു പറഞ്ഞു.

കോൺഗ്രസ് നേതൃത്വം പലരുമായും സംസാരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ തന്നോടും സംസാരിച്ചുവെന്നേ കരുതുന്നുള്ളൂ. മറ്റുപല കാര്യങ്ങളും അവർ സംസാരിച്ചു. ആരുമായാണ്, എപ്പോഴാണ് ചർച്ച നടത്തിയതെന്നു വ്യക്തമാക്കുന്നില്ലെന്ന് സുരേഷ് പറഞ്ഞു. തിരുവനന്തപുരത്തുവെച്ചായിരുന്നു ചർച്ചയെന്നാണ് സൂചന.

ഇടതുപക്ഷത്തിന്റെ മൂല്യങ്ങൾ സംരക്ഷിച്ച് മുന്നോട്ടുപോകും. പാർട്ടി ഇവിടെയുണ്ടാകണം എന്നതാണ് തന്റെ ആവശ്യം. മൂല്യങ്ങളിൽ വെള്ളം ചേർത്താൽ ജനങ്ങൾ കൂടെയുണ്ടാവില്ല, പാർട്ടിയുണ്ടാവുമെന്ന് എം.എൻ. വിജയൻ മാഷ് പണ്ട് പറഞ്ഞിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിക്കുശേഷം എന്തുകൊണ്ട് തോറ്റുവെന്ന് പാർട്ടി വിശദമായി ചർച്ചചെയ്തിട്ടുണ്ട്. അക്കാര്യങ്ങളിൽ തിരുത്തൽ വരുത്തണം. വർഗീയശക്തികൾ ഇവിടെ പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. ഏക പ്രതീക്ഷ കേരളത്തിലെ ഇടതുപക്ഷമാണ്. അതിന്റെ ശേഷി കൂടുതൽ വലുതാക്കണം. ഇടതുപക്ഷം ശക്തിപ്പെടണമെന്നും സുരേഷ് പറഞ്ഞു. ഭരണം കൈയാളുന്ന സമയത്ത് പാർട്ടിയിലേക്ക് അഴുക്കുകൾ വന്നടിയുകയും അവർ പാർട്ടി കൈയടക്കുകയും ചെയ്യുന്ന അവസ്ഥ വരാൻപാടില്ലെന്നാണ് സച്ചിദാനന്ദനും സാറാ ജോസഫും ഉദ്ദേശിച്ചത്. അവരൊന്നും പാർട്ടിവിരുദ്ധരല്ല. കേരളത്തിലും ബംഗാളിലേതുപോലുള്ള കാര്യങ്ങൾ സംഭവിക്കുന്നുണ്ടോ എന്നു തോന്നുന്ന പല ഘടകങ്ങളുമുണ്ട്.

ജില്ലയിൽ സി.പി.എമ്മിൽനിന്നു വേറിട്ടുനിൽക്കുന്ന കൊഴിഞ്ഞാമ്പാറയിലെയും മണ്ണാർക്കാട്ടെയും സ്ഥിതിയുമായി തന്റെ അവസ്ഥയ്ക്ക് ബന്ധമില്ല. അവരുമായി ആശയവിനിമയം നടത്തിയിട്ടില്ല. പാർട്ടി അംഗമല്ലാതായിട്ട് 12 വർഷമായി. ഇതിനിടെ മൂന്നുതവണ സംസ്ഥാന സെക്രട്ടറിക്കും മൂന്നുവർഷം മുൻപ് ഒരുതവണ ജില്ലാ സെക്രട്ടറിക്കും അപ്പീൽ നൽകി. ഇതുവരെ മറുപടി കിട്ടിയിട്ടില്ല. കാരണം അറിയില്ല.

വി.എസ്. ഉണ്ടായിരുന്നെങ്കിൽ പദ്മവിഭൂഷൺ നിരസിക്കുമായിരുന്നു

വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പദ്മവിഭൂഷൺ പുരസ്‌കാരം നിരാകരിക്കുമായിരുന്നു. ജനങ്ങളെ സേവിക്കലാണ് കമ്യൂണിസ്റ്റുകാരുടെ പാർട്ടിപ്രവർത്തനം. ഇത്തരം പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന പതിവ് അവർക്കില്ലെന്നും സുരേഷ് പറഞ്ഞു.

Content Highlights: Former aide to V.S. Achuthanandan, A. Suresh, confirms Congress talks for Malampuzha seat. He remains non-committal on joining. Read more.