ഭൂരിപക്ഷം അമ്പതിനായിരത്തിൽ നിന്ന് 2616 ലേക്ക്; ധർമടത്ത് പിണറായിയെ നേരിടാൻ ഷാഫിയെത്തുമോ?

മണ്ഡല രൂപവത്കരണംമുതൽ ഇടതിനൊപ്പം സഞ്ചരിച്ച പാരമ്പര്യമാണ് ധർമടത്തിന്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കേരളത്തിന് മുഖ്യമന്ത്രിയെ സംഭാവനചെയ്ത മണ്ഡലം. പിണറായി വിജയന്റെ ജന്മനാടും ഈ മണ്ഡലത്തിൽ ഉൾപ്പെടുന്നു. മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് പുതിയ വേഗം കൈവരിച്ച കാലഘട്ടം കൂടിയായിരുന്നു ഇത്. ഇക്കുറിയും പിണറായിതന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ എതിരാളി ആരെന്നാണ് ഇപ്പോഴത്തെ ചർച്ച. ജയം ഒട്ടും എളുപ്പമല്ലെന്ന് യു.ഡി.എഫിന് അറിയാം.
പിണറായിയെ പരമാവധി മണ്ഡലത്തിൽ തളച്ചിടാൻ കഴിയുന്ന ആളെയാണ് അവർ തിരയുന്നത്. ഷാഫി പറമ്പിൽ എം.പി.യെ പരീക്ഷിക്കുമെന്ന് കേൾക്കുന്നു. കെ. സുധാകരൻ എം.പി. കണ്ണൂരിൽ മത്സരിക്കാൻ മോഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതിനാൽ അതിൽ തീരുമാനം എടുത്തിട്ടുവേണം ഷാഫിയുടെ കാര്യം തീരുമാനിക്കാൻ. രണ്ട് എം.പി.മാരെ നിയമസഭയിലേക്ക് പരീക്ഷിക്കുന്നതിൽ യു.ഡി.എഫിൽ വിയോജിപ്പുണ്ട്.
കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, എം.കെ. മോഹനൻ, കെ.പി. സാജു തുടങ്ങിയവരുടെ പേരുകളും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. എം.കെ. മോഹനൻ ഡി.സി.സി. ജനറൽ സെക്രട്ടറിയാണ്.
കണ്ണൂർ നിയോജകമണ്ഡലം സംഘടനാചുമതല വഹിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സി. രഘുനാഥ് പിന്നീട് ബി.ജെ.പി.യിൽ ചേർന്ന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അദ്ദേഹമോ മുൻ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസോ ബി.ജെ.പി.യെ പ്രതിനിധീകരിച്ചേക്കും. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് കൂടിവരുന്നതാണ് ബി.ജെ.പി.ക്ക് പ്രതീക്ഷ പകരുന്നത്.
2011-ലാണ് മണ്ഡലം നിലവിൽ വന്നത്. അടുത്തിടെ അന്തരിച്ച കെ.കെ. നാരായണനായിരുന്നു മണ്ഡലത്തിലെ ആദ്യ ജനപ്രതിനിധി. 2016-ലും 2021-ലും പിണറായി വിജയനായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 50,123 വോട്ടാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. എടക്കാട് ബ്ലോക്കിലെ ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി പഞ്ചായത്തുകളും തലശ്ശേരി ബ്ലോക്കിലെ അഞ്ചരക്കണ്ടി, ധർമടം, മുഴപ്പിലങ്ങാട്, പിണറായി, വേങ്ങാട് പഞ്ചായത്തുകളും ചേർന്നതാണ് നിയമസഭാമണ്ഡലം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബൂത്തുതലത്തിൽ എൽ.ഡി.എഫിന് നേരിയ മേൽക്കൈയേ ഉണ്ടായുള്ളു. ആകെയുള്ള 165 ബൂത്തുകളിൽ 80-ൽ യു.ഡി.എഫിനും 85-ൽ എൽ.ഡി.എഫിനുമായിരുന്നു ഭൂരിപക്ഷം. വോട്ടിന്റെ എണ്ണം നോക്കിയാൽ 2616 മാത്രം. എൽ.ഡി.എഫ്.-71,794, യു.ഡി.എഫ്.-69,178, ബി.ജെ.പി.-16,711 എന്നിങ്ങനെയായിരുന്നു വോട്ടുനില.
ഇതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ ഉയർത്തുന്ന ഒരുഘടകം. പക്ഷേ, പിന്നാലെ വന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും എൽ.ഡി.എഫിന്റെ പക്കലായി. കടമ്പൂർ പഞ്ചായത്ത് അവർ യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു.
അഭൂതപൂർവമായ വികസനം മണ്ഡലത്തിൽ 10 വർഷത്തിനിടെ ഉണ്ടായെന്നത് ആരും നിഷേധിക്കുന്നില്ല. ആതുരസേവനരംഗത്തും പശ്ചാത്തലമേഖലയിലും ഐ.ടി. വികസനത്തിലുമുൾപ്പെടെ വലിയ കുതിച്ചുചാട്ടമാണ് മണ്ഡലത്തിലുണ്ടായത്. വിദ്യാഭ്യാസ മേഖലയിൽ 194.85 കോടിയുടെയും ആരോഗ്യരംഗത്ത് 83 കോടിയിലധികം രൂപയുടെയും ഐ.ടി. മേഖലയിൽ 6000 കോടി രൂപയുടെയും ടൂറിസം രംഗത്ത് 83 കോടി രൂപയുടേതുൾപ്പെടെയുള്ള വികസന പദ്ധതികളാണ് നടന്നുവരുന്നത്. അതുതന്നെയാണ് ഇടതുമുന്നണിയുടെ പ്രചരണായുധവും.
ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാൻ യു.ഡി.എഫും ശ്രമിക്കുന്നു. എൽ.ഡി.എഫിന്റെ രാഷ്ട്രീയകരുത്തിന്റെ പ്രതീകമായ ധർമടത്ത് പിണറായി വിജയൻ എന്ന കരുത്തുറ്റ നേതാവിന്റെ സാന്നിധ്യം മണ്ഡലത്തെ ദേശീയശ്രദ്ധയിലെത്തിക്കുന്നുണ്ട്.
Content Highlights: pinarayi vijayan contest on dharmadam constituency udf candidate chances