‘മിണ്ടാതിരുന്നിട്ട് കാര്യമില്ല; കേൾക്കണം, തിരുത്തണം’; യോഗം നീണ്ടത് 13 മണിക്കൂർ, പിണറായിക്ക് വിമർശനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ കടുത്തവിമർശനങ്ങളുമായി നേതാക്കൾ. മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്നും ഇനി പറയാനുള്ളത് പറയാനും കേൾക്കാനും തിരുത്താനും സമയം കണ്ടെത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പാർട്ടി അംഗങ്ങളുടെ മനസ്സുപോലും എൽ.ഡി.എഫിന് അനുകൂലമായിരുന്നില്ല. ഉള്ളിലുള്ള കാര്യങ്ങൾ പറയാൻപറ്റാത്ത സ്ഥിതിയിലേക്ക് സംഘടനാസംവിധാനം മാറിയിട്ടുണ്ട്. അതാണ് ആദ്യം തിരുത്തേണ്ടത്. അതിന് എല്ലാവരെയും തുറന്നമനസ്സോടെ കേൾക്കണം. അതിനുള്ള അവസരമുണ്ടെന്ന് അവർക്ക് ബോധ്യപ്പെടുകയും വേണം. അല്ലാതെയുള്ള തിരുത്തൽ, തിരുത്തലായിമാറില്ലെന്നും നേതാക്കൾ പറഞ്ഞു.
നാലുമണിക്കുമുൻപായി അവസാനിപ്പിക്കാൻ തീരുമാനിച്ച യോഗം, തിരക്കിട്ട് തീർക്കേണ്ടതല്ലെന്ന് നേതാക്കൾ പറഞ്ഞതോടെ 13 മണിക്കൂർ നീണ്ടു. പറയാനുള്ളതെല്ലാം സമയപരിധിയില്ലാതെ പറയണമെന്ന നേതാക്കളുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പതിവില്ലാത്തവിധം വിമർശനങ്ങളെ നേരിട്ടു.
അസഹിഷ്ണുതയോടെയുള്ള പെരുമാറ്റം അവസാനിപ്പിക്കേണ്ടതാണ്. എം.വി. ഗോവിന്ദനെതിരേയുള്ള വിമർശനത്തിൽ പാർട്ടി സെക്രട്ടറിസ്ഥാനത്തുനിന്ന് മാറിനിൽക്കുന്നതുപോലും ഉചിതമാകുമെന്ന പരാമർശം വന്നുവെന്നാണ് സൂചന.
സെക്രട്ടേറിയറ്റ് യോഗത്തിൽ പതിവ് കാർക്കശ്യം വെടിഞ്ഞ് പിണറായി വിജയൻ രാത്രി 11 മണിവരെ നീണ്ട യോഗത്തിൽ ഒൻപതുമണിവരെ ഇരിക്കുകയും ചെയ്തു. സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള കാര്യങ്ങളിൽ വ്യക്തിപരമായ ചില മറുപടികൾ നൽകിയതൊഴിച്ചാൽ പിണറായി ഒരു വിശദീകരണവും യോഗത്തിൽ നടത്തിയില്ല.
സ്ഥാനാർഥിനിർണയത്തിലെ പ്രശ്നങ്ങൾക്കൊപ്പംതന്നെ മണ്ഡലം മാറ്റിപ്പരീക്ഷിച്ചതിലെ അസ്വസ്ഥത കെ.കെ. ശൈലജ പ്രകടിപ്പിച്ചതായും വിവരമുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രിയോട് വിമർശനത്തോടെ സംസാരിക്കുന്ന രീതി കുറെയായി ഉണ്ടായിരുന്നതേയില്ല. പാർട്ടി അറിയാതെ, സർവകലാശാലാ വിഷയത്തിൽ ഗവർണറുമായി ധാരണയുണ്ടാക്കിയപ്പോഴാണ് നേരിയ വിമർശനം ഉയർന്നത്. അത് നടത്തിയ സെക്രട്ടേറിയറ്റ് അംഗത്തോട് മുഖ്യമന്ത്രി ക്ഷോഭിക്കുകയും ചെയ്തു.
Content Highlights: 13-hour marathon CPM state secretariat meeting to review election results., Unprecedented criticism directed at CM Pinarayi Vijayan and MV Govindan., Leaders demanded an end to intolerance and open communication within the party., Suggestions for leadership changes and organizational restructuring., Emphasis on restoring the bond between party members and the LDF.