പീരുമേട്ടിൽ അലോഷ്യസ് സേവ്യർ, ചാത്തന്നൂരിൽ ചൈത്ര തമ്പാൻ; അബിൻ ആറന്മുളയിൽ; യങ് ബ്രിഗേഡുമായി കോൺഗ്രസ്

ന്യൂഡൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തോളം യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ മത്സരരംഗത്ത് ഇറക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായി. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും യൂത്ത് കോൺഗ്രസിലും കെ.എസ്.യുവിലും ഭാരവാഹിത്വം വഹിക്കുന്നവരെയാണ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ധാരണ ആയിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാകും. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പേര് പീരുമേട്ടിലും ഇടുക്കി മണ്ഡലം കേരള കോൺഗ്രസിൽനിന്ന് ഏറ്റെടുക്കുകയാണെങ്കിൽ അവിടെയും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഇടുക്കി കേരള കോൺഗ്രസിൽ നിന്ന് ഏറ്റെടുക്കുകയാണെങ്കിൽ അലോഷ്യസ് സേവ്യർ അവിടെയാകും മത്സരിക്കുക. അല്ലെങ്കിൽ പീരുമേട്ടിൽ മത്സരിക്കും. അങ്ങനെയെങ്കിൽ പീരുമേട്ടിൽ ഒരു പുതുമുഖ വനിതയും കോൺഗ്രസിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.
മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന പ്രതാപവർമ്മ തമ്പാന്റെ മകൾ ചൈത്ര തമ്പാനെ ചാത്തന്നൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ചൈത്ര നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ചെങ്ങന്നൂരിൽനിന്ന് ജനവിധി തേടിയേക്കും. ഹരിപ്പാട് സ്വദേശിയാണ് ബിനു ചുള്ളിയിൽ. വൈപ്പിൻ നിയമസഭാ മണ്ഡലത്തിൽ ഷാരോൺ പനക്കൽ, മനു ജേക്കബ് എന്നീ യൂത്ത് കോൺഗ്രസ് നേതാക്കളിൽ ഒരാൾ സ്ഥാനാർഥി ആയേക്കും.
കെ.എസ്.യു മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത് ആയിരിക്കും നാദാപുരം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെന്നാണ് വിവരം. യൂത്ത് കോൺഗ്രസ് ദേശിയ സെക്രട്ടറി അബിൻ വർക്കിയെ ആറന്മുള മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ധാരണ. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ മുൻ സംസ്ഥാന ചെയർപഴ്‌സൺ ആയ മുത്താര രാജിനെ മാവേലിക്കര മണ്ഡലത്തിലേക്ക് കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിൽ മറ്റ് രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ കൂടി പരിഗണനാപട്ടികയിൽ ഉണ്ട്- അരിത ബാബു (കായംകുളം), ഡോ. എം.പി. പ്രവീൺ (അരൂർ). തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തിൽ പി.എൻ. വൈശാഖിന്റെ പേരിനാണ് മുൻഗണന. തൃശ്ശൂരിലെ തന്നെ മണ്ഡലങ്ങളിലൊന്നിൽ ഡോ. സോയ ജോസഫിന്റെ പേരും പരിഗണിക്കുന്നുണ്ട്.
പിണറായി വിജയനെതിരെ മുഹമ്മദ് ഷമ്മാസ്; പി.കെ. ശ്യാമളയ്‌ക്കെതിരേ അബ്ദുൾ റഷീദ്
കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ ഗ്ലാമർ സ്ഥാനാർഥികൾക്കെതിരേ കോൺഗ്രസ് ഇത്തവണ മത്സര രംഗത്തിറക്കാൻ ആലോചിക്കുന്നത് യൂത്ത് കോൺഗ്രസ് നേതാക്കളെയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ പരിഗണിക്കുന്ന പേരുകളിൽ മുൻഗണന കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിനാണ്. പക്ഷെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പ് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അബ്ദുൾ റഷീദ് യുഡിഎഫ് സ്ഥാനാർഥിയായേക്കും. കഴിഞ്ഞ തവണ അബ്ദുൾ റഷീദിന് തളിപ്പറമ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 2016 നെ അപേക്ഷിച്ച് പകുതിയോളമായി കുറയ്ക്കാൻ അബ്ദുൾ റഷീദിന് കഴിഞ്ഞിരുന്നു. തളിപ്പറമ്പിന് പുറമെ കണ്ണൂർ മണ്ഡലത്തിലും അബ്ദുൾ റഷീദിന്റെ പേര് പരിഗണിക്കുന്നുണ്ട്.
തലശ്ശേരി മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.കെ. ഷിബിനയുടെ പേരും പരിഗണനയിലുണ്ട്. എലത്തൂരിൽ വിദ്യ ബാലകൃഷ്ണൻ, തൃക്കരിപ്പൂരിൽ ജോമോൻ ജോസഫ് എന്നിവർ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. ഇതിൽ തൃക്കരിപ്പൂർ സീറ്റ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്തേക്കും. യൂത്ത് കോൺഗ്രസ് മുൻ നേതാക്കളായ എ.എം. രോഹിത്ത് തവനൂരിലും, ജെ.എസ്. അഖിൽ കഴക്കൂട്ടത്തും സ്ഥാനാർഥിയായേക്കും. തിരുവനന്തപുരം ജില്ലയിൽ ചലച്ചിത്രതാരം പ്രിയങ്ക, മാധ്യമപ്രവർത്തകൻ രതീഷ് അനിരുദ്ധൻ എന്നിവരെയും സ്ഥാനാർഥികളായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
Content Highlights: Congress party is set to field around ten leaders from Youth Congress and KSU for the upcoming assembly elections., Key candidates include Aloysius Xavier in Peermade and Chaithra Thampan in Chathannur., The party is considering young leaders to contest against senior CPM figures, including Pinarayi Vijayan., This strategy aims to introduce fresh faces and energize the party's campaign across various constituencies.