കോൺഗ്രസ് വിട്ട് സാബു കെ. ജേക്കബ് കേരളാ കോൺഗ്രസ് എമ്മിലേക്ക്?; പിറവത്ത് അനൂപ് ജേക്കബിന് എതിരാളി

കൊച്ചി: പിറവത്ത് കേരള കോൺഗ്രസ് എമ്മിന് സ്ഥാനാർഥിയില്ലെന്ന പേരുദോഷം മാറ്റാൻ ഇക്കുറി സാബു കെ. ജേക്കബ് രംഗത്തിറിങ്ങുമോ? കേരള കോൺഗ്രസ് എമ്മിന് ഇടതുമുന്നണി നൽകിയ സീറ്റിലേക്ക് അവർക്ക് സ്ഥാനാർഥിയില്ലാഞ്ഞതിനാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ഒപ്പിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വവും സി.പി.എമ്മിന്റെ തലയിലായിരുന്നു. ഒടുവിൽ കോട്ടയത്തുനിന്ന് സി.പി.എം. പ്രവർത്തകയെ ഒറ്റ രാത്രികൊണ്ട് പാർട്ടിമാറ്റിയാണ് പിറവത്ത് സ്ഥാനാർഥിയാക്കി ഇറക്കിയത്.
മുന്നണിക്ക് ആകെ നാണക്കേടുണ്ടാക്കിയ ഇടപെടൽ ഇത്തവണ വേണ്ടിവരില്ലെന്നാണ് കേരള കോൺഗ്രസുകാർ പറയുന്നത്. അണിയറയിൽ ഒരു സ്ഥാനാർഥി ഒരുങ്ങുന്നുണ്ട്. പിറവത്തെ അവസാനത്തെ പഞ്ചായത്ത് പ്രസിഡന്റും ആദ്യത്തെ മുനിസിപ്പൽ ചെയർമാനുമായ സാബു കെ. ജേക്കബിനെയാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. ഇതിനുമുന്നോടിയായി സാബു കോൺഗ്രസിൽനിന്ന് രാജിവച്ച് തയ്യാറെടുപ്പ് നടത്തുന്നുണ്ട്. ബുധനാഴ്ച പിറവത്ത് എത്തുന്ന ജോസ് കെ. മാണി നയിക്കുന്ന ഇടതുജാഥയിൽ സാബുവിന്റെ സാന്നിധ്യം ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.
സാബു കേരള കോൺഗ്രസ് എമ്മിലേക്ക് കുടിയേറിയാൽ പിറവത്ത് സി.പി.എമ്മിന് അവർക്കുവേണ്ടി സ്ഥാനാർഥിയെ തപ്പേണ്ട ആവശ്യംവരില്ല. മണ്ഡലത്തിൽ നല്ല പിൻബലമുള്ള ആളായതിനാൽ യു.ഡി.എഫ്. സ്ഥാനാർഥി സിറ്റിങ് എം.എൽ.എ. അനൂപ് ജേക്കബിന് നല്ലൊരു പ്രതിയോഗിയാവും. പിറവത്ത് മത്സരം കനക്കും.
കഴിഞ്ഞ തവണ പിറവം സീറ്റ് കേരള കോൺഗ്രസിന് നൽകിയത് സി.പി.എമ്മിൽ വലിയ പ്രതിഷേധത്തിന് ഇടനൽകിയിരുന്നു. സ്വന്തം പാർട്ടിവിട്ട് വേറൊരു പാർട്ടിയിൽ ചേർന്ന ആളെ സ്വീകരിച്ചാനയിച്ച് സ്ഥാനാർഥിയാക്കേണ്ട ഗതികേടിലായിരുന്നു പാർട്ടി. ഇതിനെതിരേ അന്നത്തെ സി.പി.എം ഏരിയ സെക്രട്ടറിതന്നെ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടതിനേത്തുടർന്ന് പാർട്ടിക്ക് അദ്ദേഹത്തെ പുറത്താക്കേണ്ടിയുംവന്നു. ഒടുവിൽ പ്രതീക്ഷിച്ചതുപോലെ തിരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുണ്ടായപ്പോൾ അതുപഠിക്കാൻ പിന്നെ പാർട്ടി കമ്മിഷനെ വെക്കേണ്ട ഉത്തരവാദിത്വവും സി.പി.എമ്മിനു വന്നു. എന്നാൽ ഇക്കുറി അതൊന്നും ഉണ്ടാവില്ലെന്ന ആശ്വാസത്തിലാണ് സി.പി.എം. സാബുവിനെ പിറവത്തെ ഇടതുസ്വീകരണവേദിയിലേക്ക് എത്തിക്കാനുള്ള അണിയറചർച്ചകൾ നടന്നുകഴിഞ്ഞു.
Content Highlights: congress ex leader sabu k jacob likely to join kerala congress m and will contest against anoop jacob in piravom