നിയമസഭാ തിരഞ്ഞെടുപ്പ്; ചിറ്റൂരിൽ കൃഷ്ണൻകുട്ടിയില്ല, പകരം മുരുകദാസ്

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറ്റൂർ മണ്ഡലത്തിൽ മന്ത്രി കൃഷ്ണൻകുട്ടി മത്സരിക്കില്ല. പകരം അഡ്വ. മുരുകദാസ് എൽഡിഎഫ് സ്ഥാനാർഥിയാവും. വെള്ളിയാഴ്ച മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ്ഇബി സ്വതന്ത്ര ഡയറക്ടർ ബോർഡ് അംഗവുമാണ് മുരുകദാസ്.
ജനതാദൾ എസിനാണ് ചിറ്റൂർ നിയോജക മണ്ഡലം. ഇക്കുറി മത്സരിക്കാനില്ലെന്നും പുതിയ തലമുറ വരട്ടേയെന്നും സ്ഥാനാർഥി നിർണയ ഘട്ടത്തിൽ തന്നെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. പാർട്ടി പ്രവർത്തനത്തിൽ സജീവമാകുമെന്നും എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുമെന്നും കൃഷ്ണൻ കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളാണ് അദ്ദേഹം കാരണമായി ചൂണ്ടിക്കാട്ടിയത്.
പാലക്കാട് ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ കൃഷ്ണൻകുട്ടി വിജയിച്ചത്. 35,136 വോട്ടുകൾക്കായിരുന്നു ജയം. സുമേഷ് അച്യുതനായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. 2016ൽ കെ. കൃഷ്ണൻകുട്ടി, യുഡിഎഫിന്റെ കെ. അച്യുതനെ 7,285 വോട്ടിനാണ് തോൽപിച്ചത്. കൃഷ്ണൻകുട്ടിക്ക് 69,270 വോട്ടും അച്യുതന് 61,985 വോട്ടും എൻഡിഎയുടെ എം. ശശികുമാറിന് 12,537 വോട്ടും ലഭിച്ചു. 2011ൽ കെ. അച്യുതൻ 12,330 വോട്ടിനാണ് ഇവിടെ ജയിച്ചത്.
Content Highlights: Minister K. Krishnankutty withdraws from Chittur assembly election candidacy., Adv. Murukadas selected as the new LDF candidate for the seat., Decision finalized during the Chittur constituency committee meeting., Krishnankutty cites health reasons and a desire to promote the younger generation.