ചാത്തന്നൂരിൽ താമര വിരിഞ്ഞു; വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി

ചാത്തന്നൂർ: സംസ്ഥാന നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ബി.ബി. ഗോപകുമാർ വിജയിച്ചു. എൽഡിഎഫിന്റെ ആർ. രാജേന്ദ്രനും യുഡിഎഫിന്റെ സൂരജ് രവി (കോൺഗ്രസ്)യുമായിരുന്നു എതിരാളികൾ.
2016-ലും 2021-ലും ബിജെപി രണ്ടാംസ്ഥാനത്തുവന്ന മണ്ഡലമായിരുന്നു ചാത്തന്നൂർ. ആ രണ്ട് വട്ടവും ഗോപകുമാർ തന്നെയായിരുന്നു എൻഡിഎ സ്ഥാനാർഥി.
നിലവിൽ ബിജെപിയുടെ തിരുവനന്തപുരം മേഖലാ പ്രസിഡന്റാണ് ഗോപകുമാർ. ചാത്തന്നൂർ മീനാട് സ്വദേശിയായ ഇദ്ദേഹം ബിരുദാനന്തരബിരുദധാരിയാണ്. ചാത്തന്നൂർ എസ്.എൻ. ട്രസ്റ്റ് എച്ച്എസ്എസിൽ പ്രഥമാധ്യാപകനായിരുന്നു. ബിജെപിയുടെ കൊല്ലം ജില്ലാ മുൻപ്രസിഡന്റായിരുന്നു.
പത്തുവർഷം കാത്തിരിക്കേണ്ടി വന്നെങ്കിലും മാറാത്തത് മാറിയെന്ന് വിജയത്തിന് പിന്നാലെ ഗോപകുമാർ പ്രതികരിച്ചു. പലതരത്തിലുള്ള അടിയൊഴുക്കുകൾ ഉണ്ടായിരുന്നെന്നും അതിനെയും എൽഡിഎഫ്-യുഡിഎഫ് പരസ്പര ധാരണയെയും അതിജീവിച്ചാണ് ചാത്തന്നൂരിൽ ബിജെപി വിജയം നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐയുടെ ജി.എസ്. ജയലാൽ 2011 മുതൽ 2021 വരെ പ്രതിധീകരിച്ചിരുന്ന മണ്ഡലമായിരുന്നു ചാത്തന്നൂർ.
Content Highlights: BJP secures its first-ever victory in the Chathannoor assembly constituency., B.B. Gopakumar defeats LDF's R. Rajendran and UDF's Suraj Ravi., The win marks a significant shift as the seat was previously held by the CPI since 2011., Gopakumar had previously finished as runner-up in the 2016 and 2021 elections.