തുഷാർ വെള്ളാപ്പള്ളിക്ക് എ ക്ലാസ് മണ്ഡലം വേണം; വട്ടിയൂർക്കാവുൾപ്പെടെ 40 സീറ്റുകൾ ആവശ്യപ്പെടാൻ BDJS

ആലപ്പുഴ: എൻ.ഡി.എ.യുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ ആവശ്യപ്പെടും.
2016-ൽ 30 സീറ്റുകളിലാണു മത്സരിച്ചത്. ഇതിനുശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ.യ്ക്കു കിട്ടിയ വോട്ടുവിഹിതത്തിന്റെ പ്രധാന പങ്ക് ബി.ഡി.ജെ.എസിന്റെ സംഭാവനയാണ്. അതിനാൽ ഇത്രയും സീറ്റിന് അർഹതയുണ്ടെന്നാണ് പാർട്ടി കോർ കമ്മിറ്റിയുടെ വിലയിരുത്തൽ.
എൻ.ഡി.എ. പല മണ്ഡലങ്ങളിലും എ ക്ലാസിലെത്തിയത് ബി.ഡി.ജെ.എസിന്റെ കൂടി സഹായത്തോടെയാണ്. അതിനാൽ എ ക്ലാസ് മണ്ഡലങ്ങൾ ബി.ഡി.ജെ.എസ്. നേതാക്കൾക്കും അവകാശപ്പെട്ടതാണ്. പാർട്ടിയധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കുൾപ്പെടെ എ ക്ലാസ് മണ്ഡലത്തിൽ മത്സരിക്കാനർഹതയുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. വട്ടിയൂർക്കാവ്, കൊടുങ്ങല്ലൂർ, തൃപ്പൂണിത്തറ, കരുനാഗപ്പള്ളി തുടങ്ങിയ മണ്ഡലങ്ങൾ ആവശ്യപ്പെടാനും തീരുമാനിച്ചു.
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കരി ഓയിൽ ഒഴിക്കണമെന്നു പറഞ്ഞ യൂത്ത് കോൺഗ്രസ് നേതാവിനെതിരേ കോൺഗ്രസ് നേതൃത്വം ഒരു നടപടിയുമെടുത്തില്ല. തങ്ങളുടെയും അഭിപ്രായം ഇതു തന്നെയാണോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടു.
സ്ഥാനാർഥികളുടെ കരടുപട്ടിക 21- നു രണ്ടുമണിക്ക് ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും. ആദ്യ പട്ടിക ഈ മാസംതന്നെ പ്രഖ്യാപിക്കും.
Content Highlights: assembly election 2026 bdjs seats