വെള്ളാപ്പള്ളിയുടെ പദ്മഭൂഷൺ രാഷ്ട്രീയാടിത്തറയ്ക്ക് ഉപയോഗിക്കാൻ ബി.ഡി.ജെ.എസ്; ഈഴവമഹാസംഗമം നടത്തും

#ന്യൂസ് ഡെസ്ക്
ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും മകനുമായ തുഷാർ വെള്ളാപ്പള്ളിക്കൊപ്പം വെള്ളാപ്പള്ളി നടേശൻ | File Photo: Mathrubhumi
ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും മകനുമായ തുഷാർ വെള്ളാപ്പള്ളിക്കൊപ്പം വെള്ളാപ്പള്ളി നടേശൻ | File Photo: Mathrubhumi

ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു ലഭിച്ച പദ്മഭൂഷൺ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ബി.ഡി.ജെ.എസ്. ഒരുങ്ങുന്നു. അതിനായി എസ്.എൻ.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ഉടൻ ഈഴവ മഹാസംഗമം നടത്തും. പദ്മഭൂഷൻ ലഭിച്ച വെള്ളാപ്പള്ളി നടേശനെ അനുമോദിക്കുന്നതിനായാണു ചടങ്ങ്.

ഫെബ്രുവരി പകുതിക്കുമുൻപ് സമ്മേളനം നടത്താനാണു ശ്രമം. കേന്ദ്രമന്ത്രി അമിത്ഷായെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ഡി.ജെ.എസ്.. വെള്ളാപ്പള്ളി നടേശന്റെ താത്പര്യപ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിക്കാനും സാധ്യതയുണ്ട്. ചിതറിനിൽക്കുന്ന ഈഴവവിഭാഗങ്ങളെ ഒരുമിപ്പിക്കുകയെന്നതാണ് ബി.ഡി.ജെ.എസിന്റെ ലക്ഷ്യം. എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് കൂടിയായ തുഷാർ വെള്ളാപ്പള്ളിയുടെ നിർദേശപ്രകാരം സമ്മേളനത്തിന് ശാഖാതലം മുതലുള്ളവരെ പങ്കെടുപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.

ഫെബ്രുവരി മൂന്നിന് കൊച്ചിയിൽ ബി.ഡി.ജെ.എസ്. നേതൃയോഗമുണ്ട്. അതിൽ സംഗമം സംബന്ധിച്ച തീരുമാനമാകും. നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ഡി.ജെ.എസ്. സ്ഥാനാർഥികളെ സംബന്ധിച്ചും വ്യക്തതയാകും. 40 സീറ്റാണ് ബി.ജെ.പി.യോട് ആവശ്യപ്പെട്ടത്. ഒൻപതിനു നടക്കുന്ന എൻ.ഡി.എ. ശില്പശാലയിൽ അതിനു തീരുമാനമുണ്ടാകുമെന്നാണ് ബി.ഡി.ജെ.എസ്. കരുതുന്നത്. സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ച് സംഗമം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ നേതൃചുമതല നൽകുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

നായർ-ഈഴവ ഐക്യത്തിനില്ലെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻനായർ വ്യക്തമാക്കിയെങ്കിലും ശ്രമം തുടരാൻ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ബി.ഡി.ജെ.എസ്. സർവ പിന്തുണയും നൽകും. ഐക്യം തകർക്കാൻ ബാഹ്യശക്തികൾ ഇടപെട്ടുവെന്ന വെള്ളാപ്പള്ളിയുടെ പരാമർശം ഗുണകരമാകുമെന്ന് നേതാക്കൾ കരുതുന്നു. പരാമർശത്തിന്റെ മുന മുസ്‌ലിം ലീഗിനു നേരേആയതിനാൽ ഹിന്ദു-ക്രിസ്ത്യൻ കേന്ദ്രീകരണത്തിനു സഹായകമാകുമെന്നാണ് അവരുടെ നിഗമനം.

Content Highlights: bdjs plans to encash padmabhushan of vellappally for political benefit