രണ്ട് തവണ രണ്ടാം സ്ഥാനത്ത്, ഇത്തവണ വിജയം; ജനങ്ങൾ നൽകിയ അവസരവും പിന്തുണയുമെന്ന് ബി.ബി. ഗോപകുമാർ

കൊല്ലം: ചാത്തന്നൂരിൽ നാലായിരത്തിൽപ്പരം വോട്ടുകൾക്കാണ് എൻഡിഎ സ്ഥാനാർഥിയായ ബി.ബി. ഗോപകുമാറിന്റെ വിജയം. 2016 ലും 2021 ലും നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയം നേരിട്ട സ്ഥാനാർഥിയാണെങ്കിലും ഇക്കുറി കൊല്ലം ജില്ലയിൽ എൻഡിഎയ്ക്ക് വിജയം സമ്മാനിച്ചിരിക്കുകയാണ് ബി.ബി. ഗോപകുമാർ. രണ്ടുതവണയെയും രണ്ടാം സ്ഥാനത്തെത്തിയിരുന്നു. നേമവും പാലക്കാടുമൊക്കെ പ്രധാനശ്രദ്ധാകേന്ദ്രങ്ങളായപ്പോൾ ബി.ബി. ഗോപകുമാറിന്റെ വിജയത്തോടെയാണ് ചാത്തന്നൂർ ശ്രദ്ധനേടിയത്.
പ്രാദേശികമായി ജനപിന്തുണയുള്ളതും പാർട്ടിക്കുള്ളിൽ സമ്മതനുമായ നേതാവാണ് ഗോപകുമാർ. വർഷങ്ങളായി പാർട്ടിയുടെ വിശ്വസ്ത പ്രവർത്തകനും പ്രചാരകനുമെന്ന അംഗീകരമുള്ളതിനാൽത്തന്നെ കഴിഞ്ഞ രണ്ടുതവണയും പാർട്ടി ഗോപകുമാറിന് സ്ഥാനാർഥിത്വം നൽകി. ജനങ്ങൾ നൽകിയ അവസരവും പിന്തുണയുമാണ് വിജയത്തിനുപിന്നിലെന്ന് ബി.ബി. ഗോപകുമാർ പ്രതികരിച്ചു. മോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ചാത്തന്നൂരിലെത്തിക്കാനാണ് ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതെന്നും ഗോപകുമാർ കൂട്ടിച്ചേർത്തു.
'കമ്യൂണിസ്റ്റ് കോട്ടയിൽനിന്ന്, സ്ഥിരമായി കമ്യൂണിസ്റ്റ് പാർട്ടി മാത്രം വിജയിച്ചിരുന്നിടത്ത് ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കും ഈ മാറ്റം കൊണ്ടുവരാനുള്ള രീതിയിലേക്ക് പ്രവർത്തനം മാറും. ആഴ്ചല്ലൂരും പൂയപ്പള്ളിയുമൊക്കെ സിപിഎമ്മിനും യുഡിഎഫിനും മുൻതൂക്കമുള്ള സ്ഥലങ്ങളാണ്. അവിടങ്ങളിൽപ്പോളും വലിയ മുന്നേറ്റം പാർട്ടിപ്രവർത്തകർ നേടി. വലിയ പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ലഭിച്ചത്.
മോദി സർക്കാർ നടത്തുന്ന വികസനപ്രവർത്തനങ്ങൾ ചാത്തന്നൂരിലെത്തണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു. അതിനുമപ്പുറം ചാത്തന്നൂരിന്റെ സ്വന്തം ആൾ ചാത്തന്നൂരിന്റെ എംഎൽഎയാകട്ടെയെന്നും ജനങ്ഹൾ ചിന്തിച്ചു. ഒരുമാറ്റം അനിവാര്യമാണ്. രണ്ടുതവണ രണ്ടാം സ്ഥാനത്തെത്തിയയാൾക്ക് ഇത്തവണ ഒരവസരം കൊടുക്കണമെന്ന് ജനങ്ങൾ ചിന്തിച്ചു. ആ അവസരമാണ് ഈ വിജയത്തിനുപിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. എല്ലാ അടിയൊഴുക്കുകളെയും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പരസ്പരധാരണകളെയും മറികടന്നുകൊണ്ടാണ് ജനങ്ങൾ ഈ വിജയം സമ്മാനിച്ചത്. അതുകൊണ്ട് ജനങ്ങളോട് വിധേയപ്പെട്ടിരിക്കുന്നു', ചാത്തന്നൂരിന്റെ നിയുക്ത എംഎൽഎ പ്രതികരിച്ചു.
നിലവിൽ ബിജെപിയുടെ തിരുവനന്തപുരം മേഖലാ പ്രസിഡന്റാണ് ഗോപകുമാർ. ചാത്തന്നൂർ മീനാട് സ്വദേശിയായ ഇദ്ദേഹം ബിരുദാനന്തരബിരുദധാരിയാണ്. ചാത്തന്നൂർ എസ്.എൻ. ട്രസ്റ്റ് എച്ച്എസ്എസിൽ പ്രഥമാധ്യാപകനായിരുന്നു. ബിജെപിയുടെ കൊല്ലം ജില്ലാ മുൻപ്രസിഡന്റായിരുന്നു.
എക്‌സിറ്റ് പോളുകൾ ചാത്തന്നൂരിൽ എൻഡിഎയ്ക്ക് അനുകൂലമാണെന്ന സൂചനകൾ നൽകിയിരുന്നെങ്കിലും വോട്ടെണ്ണലിനിടെ ഭൂരിപക്ഷകണക്കുകൾ മാറിമറിഞ്ഞു. ഒടുവിൽ തൊട്ടടുത്ത എതിർസ്ഥാനാർഥി എൽഡിഎഫിന്റെ ആർ. രാജേന്ദ്രനെ 4012 വോട്ടുകൾക്ക് പരാജയപ്പെടുത്തി. യുഡിഎഫിന്റെ സൂരജ് രവി മൂന്നാം സ്ഥാനത്തെത്തി.
Content Highlights: B.B. Gopakumar defeated LDF's R. Rajendran by 4,012 votes., First-time victory for NDA in the traditionally communist-held Chathannoor constituency., Focus on Modi government's development agenda as a key factor., Overcame LDF and UDF strongholds to secure the win.